
ദില്ലി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ചെറുയാത്ര വിമാനം വിൽപ്പനയ്ക്കൊരുങ്ങുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് നിർമിച്ച വിമാനത്തിന് യാത്രക്കാരുമായി പറക്കാൻ ഡിജിസിഎ അനുമതി നൽകി. 19 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം വിദേശ വിപണിയിലെത്തിക്കാനും ശ്രമമുണ്ട്.
വൈമാനിക രംഗത്ത് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുന്ന വിമാനം. ഡോർനിയർ 228. പ്രതിരോധ സേനകൾ മാത്രമുപയോഗിക്കുന്ന വിമാനത്തിൽ ഇനി യാത്രക്കാർക്കും പറക്കാം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതി ലഭിച്ചതോടെ ഇന്ത്യയിലെ വിവിധ വിമാനക്കന്പനികൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡിൽ നിന്ന് വിമാനം വാങ്ങുന്നതിനുള്ള ശ്രമം തുടങ്ങി. വിമാനം ഹൃസ്വദൂര ആഭ്യന്തര സർവീസുകൾക്ക് ഉപയോഗിക്കാണ് നീക്കം. ചെറുനഗരങ്ങളിലേക്കുള്ള വിമാന സർവീസായ ഉഡാനിൽ ഡോർനിയർ 228 ഉൾപ്പെടുത്തിയാൽ കേന്ദ്രസർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
19 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം എയർടാക്സിയായും ഓടിക്കാം. 428 കിലോമീറ്ററാണ് പരമാവധി വേഗം. 700 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാവുന്ന വിമാനം രാത്രിയിലും പറത്താം. ഡോർനിയർ വിമാനം വിദേശ വിപണിയിൽ എത്തിക്കാനാണ് നിർമാതാക്കാളായ എച്ച്എഎല്ലിന്‍റെ ശ്രമം. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് വിമാനം വിൽക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.