ജാവ പുനർജ്ജനിക്കുന്നു

Published : Oct 30, 2016, 08:10 AM ISTUpdated : Oct 04, 2018, 11:45 PM IST
ജാവ പുനർജ്ജനിക്കുന്നു

Synopsis

100 സി സി ബൈക്കുകള്‍ റോഡ് കയ്യടക്കുംമുമ്പ് യെസ്‍ഡി റോഡ് കിങ്ങായിരുന്നു നിരത്തുകളിലെ രാജാവ്. കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ജാവ-യെസ്‍ഡി വാഹനപ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു.  

1960 ല്‍ ആരംഭിച്ച ജാവ യുഗം. യുവാക്കള്‍ക്കിടയില്‍ വലിയൊരു ഹരമായി കത്തിപ്പടര്‍ന്നകാലം. നാല് പതിറ്റാണ്ടോളം ഇന്ത്യന്‍ നിരത്തുകളില്‍ താരമായിരുന്ന ഈ ജാവ ബൈക്കുകള്‍ പുനര്‍ജ്ജനിക്കാനൊരുങ്ങുകയാണ്. ലോക ഇരുചക്രവാഹനവിപണിയില്‍ കരുത്ത് തെളിയിച്ചു മുന്നേറുന്ന ഇന്ത്യയുടെ സ്വന്തം മഹീന്ദ്ര ജാവയെ വീണ്ടും നിരത്തിലിറക്കുന്നുവെന്നാണ് വാര്‍ത്തകള്‍. വാഹനലോകത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ച ജാവയുടെ വിശേഷങ്ങള്‍.

ജാവ അഥവാ യെസ്‍ഡിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുള്ള കഥയുണ്ട്. ജനനം 1929 ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍. ജാനക് ബൗട്ട്, വാണ്ടറര്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കം. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കുന്നത്.

മുംബൈയില്‍ ഇറാനി കമ്പനിയും ഡല്‍ഹിയില്‍ ഭഗവന്‍ദാസുമായിരുന്നു ഈ ബൈക്കുകളെ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്.എന്നാല്‍ 1950 കളുടെ മധ്യത്തില്‍ ഇരുചക്രവാഹന ഇറക്കുമതി സര്‍ക്കാര്‍ നിരോധിക്കുകയും വിദേശ നിര്‍മിത പാര്‍ട്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ വാഹനങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്തു. അതോടെ ഇറക്കുമതി ഏജന്റുമാരില്‍ ഒരാളായിരുന്ന റസ്റ്റോം ഇറാനി സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങി.

അങ്ങനെ മൈസൂര്‍ കേന്ദ്രമാക്കി 1961 ല്‍ ഐഡിയല്‍ ജാവ കമ്പനി പിറന്നു. ഇവിടെ നിന്നും 1961 മാച്ചില്‍ ആദ്യത്തെ ഇന്ത്യന്‍ ജാവ റോഡിലിറങ്ങി. പിന്നീട് പേര് യെസ്ഡി എന്നാക്കി പരിഷ്‍കരിച്ചു. ചെക്ക് ഭാഷയില്‍ ജെസ്‍ഡി എന്നാല്‍ 'ഓട്ടം' അഥവാ 'പോകുക' എന്നാണര്‍ത്ഥം. എന്നാല്‍ ജെയചാമരാജവടയാര്‍ എന്ന മൈസൂര്‍ രാജാവിന്റെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കിയതെന്നാണ് മൈസൂരിലെ ചില രാജഭക്തരുടെ വിശ്വാസം.

അക്കഥ എന്തുമാവട്ടെ. കാലം ടു സ്‌ട്രോക്ക് എഞ്ചിനുകളില്‍ നിന്നും ഫോര്‍സ്‌ട്രോക്ക് എഞ്ചിനുകളിലേക്ക് മാറുന്നതു വരെ ഇന്ത്യക്കു പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മിക്ക റോഡുകളേയും ഒരു പോലെ ആകര്‍ഷിച്ചിരുന്നു ജാവയും യെസ്ഡിയും. പതിനേഴോളം മോഡലുകളില്‍ വിപണിയില്‍ തിളങ്ങിയ കാലം.  ഫോറെവര്‍ ബൈക്ക് ഫോറെവര്‍ വാല്യൂ എന്നായിരുന്നു മുദ്രാവാക്യം. മത്സരയോട്ടങ്ങളിലും കരുത്തു തെളിയിച്ച മിടുക്കന്‍.

1996 ലാണ് ഐഡിയല്‍ ജാവ കമ്പനി അടച്ചു പൂട്ടുന്നത്. ചെക്കോസ്ലോവാക്യയില്‍ കമ്പനി ഇപ്പോഴും നിലവിലുണ്ട്. ഐഡിയല്‍ കമ്പനി പൂട്ടുന്നതിനു മുന്‍പ് ഒരു മോഡല്‍ കൂടി പ്രഖ്യാപിച്ചെങ്കിലും അത് പുറത്തിറങ്ങിയില്ല. അക്ഷരാര്‍ത്ഥത്തില്‍ ജാവയുടെ മാതൃദേശമാണ് മൈസൂര്‍. ഇപ്പോഴും മൈസൂരിലാണ് ഈ വണ്ടികള്‍ കൂടുതലുള്ളത്. (എല്ലാ വര്‍ഷവും ബംഗളുരു നഗരത്തിലെ ജാവ യെസ്ഡി ആരാധകര്‍ ഒത്തുചേരുന്ന പരിപാടി പതിവാണ്)


ബ്രിട്ടീഷ് ഇരുചക്ര ഭീമന്മാരായ ബിഎസ്എയെ സ്വന്തമാക്കിയ മഹീന്ദ്രയുടെ ഉപവിഭാഗമായ അതേ ക്ലാസിക് ലെജന്‍ഡ്‌സ്  പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ് ഈ ഐക്കണിക് ബ്രാന്റിനായുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചതും. ഏകദേശം 34 ലക്ഷം പൗണ്ട് (28 കോടി രൂപ) യ്ക്കാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ബിഎസ്എയെ സ്വന്തമാക്കിയത്. 2011-ല്‍ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ സാങ്യോങ്ങിനെയും കഴിഞ്ഞ വര്‍ഷം പുഷോ മോട്ടോര്‍ സൈക്കിള്‍സിന്റെ 51 ശതമാനം ഓഹരികളും മഹീന്ദ്ര സ്വന്തമാക്കിയിതിന് തൊട്ടുപിന്നാലെയാണ് മഹീന്ദ്രയുടെ പുതിയ നേട്ടം.

ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരില്‍ ബൈക്കുകള്‍ ഇറക്കാനുള്ളതാണ് ലൈസസ്. പുതിയ രൂപഭാവങ്ങളില്‍ ജാവ മോട്ടോർസൈക്കിളുകള്‍ ഇന്ത്യയിൽ തന്നെ നിർമിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയിലാണ് മഹീന്ദ്രയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ വിപണി തന്നെയാണ്  പ്രധാന ലക്ഷ്യം. മഹീന്ദ്രയുടെ ഇതര ബ്രാന്‍ഡുകളായ സെഞ്ചുറോ, ഗസ്റ്റോ, മോജോ എന്നിവ നിര്‍മിക്കുന്ന മധ്യപ്രദേശിലെ പീതാംപുര്‍ പ്ലാന്റിലായിരിക്കും ജാവയുടെയും നിർമാണമെന്നാണ് അറിയുന്നത്.

രണ്ട് വർഷത്തിനുള്ളിൽ ജാവയെ നിരത്തിലെത്തിക്കാമെന്ന വിശ്വാസത്തിലാണ് മഹീന്ദ്ര. എന്നാല്‍ ഏത് സെഗ്മെന്റിലാണെന്നത് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2018-19 സാമ്പത്തിക വർഷത്തില്‍ പുത്തന്‍ ജാവകള്‍ വിപണിയിലും നിരത്തുകളിലും എത്തുമെന്നാണ് സൂചന.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഇതുപോലൊരു അവസരം ഇനി ഒരിക്കലും നിങ്ങൾക്ക് ലഭിക്കില്ല! ടാറ്റ നെക്‌സോൺ ഇവിക്ക് വർഷാവസാനം വമ്പൻ വിലക്കിഴിവ്!
3.25 ലക്ഷം വരെ വിലക്കിഴിവ്; എസ്‌യുവി വാങ്ങാൻ സുവർണാവസരം!