
2030 ഓടെ രാജ്യം സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതു സംബന്ധിച്ച വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചുദിവസമായി വാഹനലോകത്തെ സജീവചര്‍ച്ചാ വിഷയം. സര്‍ക്കാരിന്‍റെ തീരുമാനങ്ങളോട് യോജിച്ച് കൊണ്ട് രാജ്യത്തെ തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര രംഗത്തെത്തിയിരിക്കുകയാണ്. ലാഭകരമായ ബിസിനസ് മോഡലാണ് ഇലക്ട്രിക് കാറുകളുടേതെന്നും ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വ്യവസായം വന്‍തോതില്‍ വളര്‍ത്താന്‍ സര്‍ക്കാര്‍ സബ്സിഡികളുടെ ആവശ്യമില്ലെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. അടുത്ത ഏതാനും ദശാബ്ദങ്ങള്‍ ഇലക്ട്രിക് വാഹന വ്യവസായരംഗത്ത് വമ്പന്‍ അവസരങ്ങളാണ് ഉള്ളതെന്നും മഹീന്ദ്ര മേധാവി പറഞ്ഞു.
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്ന ഏക വന്‍കിട കമ്പനിയാണ് മഹീന്ദ്ര. ബെംഗളൂരൂ ആസ്ഥാനമായ റേവ എന്ന ഇലക്ട്രിക് കാര്‍ കമ്പനിയെ ഏറ്റെടുത്തതോടെയാണ് മഹീന്ദ്രയ്ക്ക് ഈ രംഗത്ത് സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞത്. ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതിനായി അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡുമായി കമ്പനി ഈയിടെ ധാരണയിലെത്തിയിരുന്നു.
2030 മുതൽ രാജ്യത്തെ നിരത്തുകളിൽ വൈദ്യുത വാഹനങ്ങള്‍ മാത്രമെന്ന മുൻതീരുമാനത്തിൽ മാറ്റമില്ലെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗതാഗത മേഖല പൂർണമായും വൈദ്യുതീകരിക്കുകയെന്ന മുൻതീരുമാനവുമായി മുന്നോട്ടു പോകുമെന്നും ഇതിന്റെ ഭാഗമായി വൈദ്യുത വാഹന നയത്തിന് ബുധനാഴ്ച അംഗീകാരം നൽകിയതായും വരുന്ന ആഴ്‍ച ഈ നയം നീതി ആയോഗ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനു സമർപ്പിക്കുമെന്നും ഗഡ്‍കരി വ്യക്തമാക്കി. രാജ്യത്ത് വാഹന നിർമാണ മേഖല പൂർണമായും ബാറ്ററിയിൽ ഓടുന്ന മോഡലുകളിലേക്കു മാറുന്നു എന്ന് ഉറപ്പ് വരുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ഈ മേഖലയ്ക്കായി പ്രത്യേക നയത്തിനു തന്നെ രൂപം നൽകുന്നത്. അതിനിടെ ഇലക്ട്രിക് വാഹനങ്ങളെന്ന സര്‍ക്കാര്‍ പദ്ധതി പ്രായോഗികമല്ലെന്ന വാദവുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.