സ്കോര്‍പ്പിയോ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

By Web DeskFirst Published Apr 6, 2017, 6:57 AM IST
Highlights

രാജ്യത്തെ തദ്ദേശീയ എസ്‍യുവി നിര്‍മ്മാതാക്കളില്‍ കരുത്തരായ മഹീന്ദ്ര ആന്‍റ് മഹീന്ദയുടെ ജനപ്രിയ മോഡല്‍ സ്കോര്‍പ്പിയോയുടെ ലിമിറ്റഡ് എഡിഷന്‍ വിപണിയിലിറക്കി. സ്കോര്‍പ്പിയോ അഡ്വഞ്ചര്‍ എന്നു പേരുള്ള ലിമിറ്റഡ് എഡിഷന്‍ ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് വിഭാഗങ്ങളിലായി ആകെ 1000 എണ്ണമാണ് പുറത്തിറങ്ങുക.

കഴിഞ്ഞ വര്‍ഷവും ഈ ലിമിറ്റിഡ് എഡിഷന്‍ മഹീന്ദ്ര വിപണിയിലിറക്കിയിരുന്നു. വൈറ്റ് - മിസ്റ്റ് സില്‍വര്‍ നിറങ്ങള്‍ ചേര്‍ന്നുള്ള പെയിന്‍റും അഡ്വഞ്ചര്‍ തീമിലുള്ള ബോഡി ഗ്രാഫിക്സും ഗണ്‍ മെറ്റല്‍ അലോയ് വീലുകളും  റെഡ് ബ്രേക്ക് കാലിപ്പറുകള്‍ , സ്‍മോക്ക്ഡ് ടെയ്ല്‍ ലാംപുകളും വാഹനത്തിന്‍റെ ബാഹ്യരൂപത്തെ വേറിട്ടതാക്കുന്നു.

ഫോക്സ് ലെതര്‍ അപ് ഹോള്‍സറ്ററിയും സീറ്റുകളും അകത്തളത്തെ പുതുമയുള്ളതാക്കുന്നു. ഒപ്പം റിവേഴ്സ് ക്യാമറയും  സൈഡ് ഇന്‍ഡിക്കേറ്ററുകളുള്ള മിററുകളും വാഹനത്തിലുണ്ട്.

സ്കോര്‍പ്പിയോയുടെ എസ് 10 വകഭേദത്തിലാണ് മഹീന്ദ്ര ലിമിറ്റഡ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. 2.2 ലീറ്റര്‍ , നാല് സിലിണ്ടര്‍ എംഹോക്ക് , കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന്‍ വാഹനത്തിന് 120 ബിഎച്ച്പി കരുത്ത് പകരും. അഞ്ച് ഗിയര്‍ ട്രാന്‍സ്മിഷന്‍ വാഹനത്തെ മുന്നോട്ടു കുതിപ്പിക്കും.   രണ്ട് എയര്‍ ബാഗുകളും ഒപ്പം എബിഎസ് സംവിധാനവും വാഹനത്തിന് സുരക്ഷ ഒരുക്കും.

ടു വീല്‍ ഡ്രൈവിന് 13.10 ലക്ഷവും ഫോര്‍വീല്‍ ഡ്രൈവിന് 14.20 ലക്ഷവുമാണ് വാഹനത്തിന്‍റെ ഡല്‍ഹി എക്സ് ഷോറൂം വിലകള്‍.

 

 

 

click me!