ജീപ്പിനെ കോപ്പിയടിച്ചിട്ടില്ല; മഹീന്ദ്രയ്‍ക്ക് ആശ്വാസവുമായി അന്വേഷണ കമ്മീഷന്‍!

By Web TeamFirst Published Dec 4, 2018, 3:14 PM IST
Highlights

2018 മാര്‍ച്ചിലാണ് ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അമേരിക്കന്‍ നിരത്തിലെ ആദ്യ വാഹനം റോക്‌സര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്.  ഐക്കണിക്ക് ബ്രാന്‍ഡായ ജീപ്പിന്‍റെ ജന്മദേശമായ അമേരിക്കയില്‍ ജീപ്പിന്‍റെ മറ്റൊരു രൂപത്തെ മഹീന്ദ്ര അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. 
 

2018 മാര്‍ച്ചിലാണ് ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അമേരിക്കന്‍ നിരത്തിലെ ആദ്യ വാഹനം റോക്‌സര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്.  ഐക്കണിക്ക് ബ്രാന്‍ഡായ ജീപ്പിന്‍റെ ജന്മദേശമായ അമേരിക്കയില്‍ ജീപ്പിന്‍റെ മറ്റൊരു രൂപത്തെ മഹീന്ദ്ര അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. 

എന്നാല്‍ മഹീന്ദ്രയക്ക് അമേരിക്കയില്‍ നിന്നും കിട്ടിയ മുട്ടന്‍പണിയായിരുന്നു പിന്നീട് വാഹനലോകത്തെ കൗതുക വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഫിയറ്റ് നിര്‍മിച്ച പഴയകാല ജീപ്പുമായി റോക്സറിനു സാമ്യമുണ്ടെന്നു കാണിച്ച് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ റോക്സറിനെതിരെ അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ് ഉടമസ്ഥരായ ഫിയറ്റ് ക്രിസ്‍ലര്‍ കമ്പനി പരാതി നല്‍കിയതോടെ മഹീന്ദ്ര പുലിവാലു പിടിച്ചു. 

എന്നാല്‍ ഇപ്പോഴിതാ മഹീന്ദ്രയ്ക്ക് ഒരാശ്വാസ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഫിയറ്റ് ക്രിസ്‍ലര്‍ കമ്പനിയുടെ വാദം അടിസ്ഥാനരഹിതമാണെന്നാണ് യുഎസ് ട്രേഡ് കമ്മിഷൻ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ നിഗമനമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോക്സറിനെതിരെ യുഎസ്എൽഎൽസിയുടെ ബൗദ്ധികാവകാശ നിയമം നടപ്പാക്കുന്നതിന് കരാർപരമായ വിലക്കുണ്ടെന്നും ഇത് തെളിയിക്കുന്നതിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും മഹീന്ദ്ര ഓട്ടമോട്ടീവ് നോർത്ത് അമേരിക്ക ഇൻകോർപറേറ്റഡും വിജയിച്ചെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹീന്ദ്രയുടെ വാഹനങ്ങളിൽ അംഗീകൃതമായ ഗ്രിൽ രൂപകൽപ്പനയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെടാൻ എഫ്സിഎയ്ക്ക് അധികാരമില്ലെന്നാണു കരാർ വ്യവസ്ഥ. റോക്സറിൽ മഹീന്ദ്ര ഉപയോഗിക്കുന്നത് അംഗീകൃത ഗ്രിൽ ഘടനയാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ റോക്സറിനെതിരെ അന്വേഷണവുമായി മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെടാൻ എഫ്സിഎയ്ക്കു കരാർപ്രകാരമുള്ള വിലക്കുണ്ടെന്നും അന്വേഷണ സംഘം കരുതുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റോക്സറിന്റെ വിൽപ്പന തന്നെ നിയമവിരുദ്ധമാണെന്ന നിലപാടായിരുന്നു കോടതിയിൽ എഫ്സിഎ സ്വീകരിച്ചത്. വില്ലിസ് ജീപ്പിന്റെ മുഖമുദ്രയായ രൂപകൽപ്പനയുടെ പകർപ്പവകാശ ലംഘനമാണു റോക്സറിലൂടെ മഹീന്ദ്ര നടത്തിയതെന്നായിരുന്നു കമ്പനിയുടെ ആരോപണം. 

രാജ്യാന്തര വ്യാപാര കമ്മിഷനിൽ നിന്നുള്ള അന്തിമ വിധി ആയിട്ടില്ലെന്നാണ് ജീപ്പ് കമ്പനി ഇപ്പോള്‍ പറയുന്നത്. രാജ്യാന്തര വ്യാപാര കമ്മിഷൻ കേസിലെ അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ലെന്ന് എഫ്‍സിഎ നോർക്ക് അമേരിക്ക ലീഗൽ കമ്യൂണിക്കേഷൻസ് മാനേജർ മൈക്ക് പലേസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മഹീന്ദ്ര സമർപ്പിച്ച സത്യമാവാങ്മൂലം തെറ്റിദ്ധരിച്ചാണു അടിസ്ഥാനരഹിതമായ വാർത്ത പ്രചരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനപ്രിയ വാഹനം ഥാറിന്‍റെ അടിസ്ഥാനത്തിലാണ് റോക്‌സറിന്‍റെ നിര്‍മ്മാണം. നിയമപ്രശ്‍നങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കയിലുള്ള ജീപ്പില്‍ നിന്ന് പല മാറ്റങ്ങളും റോക്‌സറില്‍ മഹീന്ദ്ര വരുത്തിയിരുന്നു. മുന്‍ഭാഗം നന്നായി അഴിച്ചുപണിത വാഹനത്തിന് ഇരുവശങ്ങളില്‍ ഡോറുകളുമില്ല. ഹാര്‍ഡ് ടോപ്പ് റൂഫും ഒഴിവാക്കിയിട്ടുണ്ട്. മഹീന്ദ്രയുടെ മിഷിഗണിലെ നിര്‍മാണ കേന്ദ്രത്തിലാണ് റോക്‌സറിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മഹീന്ദ്ര നോര്‍ത്ത് അമേരിക്ക (MANA) എന്ന ബ്രാന്‍ഡിന് കീഴിലെത്തുന്ന ഓഫ് റോഡര്‍ വാഹനത്തിന് ഏകദേശം 15000 ഡോളര്‍ (10 ലക്ഷം രൂപ) ആണ് വിപണി വില.  

താറിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ഡാഷ്‌ബോര്‍ഡിന് പകരം സീറ്റീലില്‍ തീര്‍ത്തതാണ് റോക്‌സറിലെ ഡാഷ്‌ബോര്‍ഡ്. ഹെവി ഡ്യൂട്ടി വിഞ്ചസ്, ലൈറ്റ് ബാര്‍സ്, ഓഫ് റോഡ് വീല്‍സ് തുടങ്ങിയ ആക്‌സസറികളും വാഹനത്തിലുണ്ട്. 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റോക്‌സറിന്‍റെ ഹൃദയം. 3200 ആര്‍പിഎമ്മില്‍ പരമാവധി 62 ബിഎച്ച്പി കരുത്തും 1400-2200 ആര്‍പിഎമ്മില്‍ 195 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

click me!