കോംപസിന് വെല്ലുവിളി; പുതിയ എക്സ് യു വി 500 അവതരിച്ചു

By Web DeskFirst Published Apr 20, 2018, 11:24 AM IST
Highlights
  • കോംപസിന് വെല്ലുവിളി
  • പുതിയ എക്സ് യു വി 500 അവതരിച്ചു

ജീപ്പ് കോംപസ് ഉള്‍പ്പെടെയുള്ള മോഡലുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്രയുടെ സ്പോര്‍ട് യൂട്ടിലിറ്റി വെഹിക്കള്‍ എക്സ് യു വി 500 ന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. ഒരു പെട്രോൾ വേരിയന്റും ഒമ്പത് ഡീസൽ വേരിയന്റുകളുമായി എത്തുന്ന വാഹനത്തിന് 12.32 ലക്ഷം മുതൽ 17.88 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില. ഓട്ടമാറ്റിക്ക് വകഭേദത്തിൽ മാത്രം ലഭിക്കുന്ന പെട്രോൾ പതിപ്പിന് 15.43 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ക്രോം ഇൻസേർട്ടുകളോടുകൂടിയ പുതിയ ഗ്രിൽ, ഹൊറിസോണ്ടൽ എൽഇഡി ഡേറ്റംറണ്ണിങ് ലാമ്പോടുകൂടിയ പ്രൊജക്റ്റർ ഹെ‍ഡ്‍ലാമ്പ് എന്നിങ്ങനെ അകത്തും പുറത്തും നിരവധി  മാറ്റങ്ങളുമായാണ് പുതിയ എക്സ് യു വി എത്തിയത്.

ഇലക്ട്രിക് സൺറൂഫ്, ലോഗോ പ്രൊജക്ഷൻ ലാമ്പോടു കൂടിയ ഒആർവിഎം, സ്മാർട്ട് വാച്ച് കണക്ടിവിറ്റി, ജിപിഎസ് നാവിഗേഷനോടു കൂടിയ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും പുതിയ എക്സ് യു വിയിലുണ്ട്. ടാൻ കളേഡ് സീറ്റുകളും ഓൾ ബ്ലാക്ക് ഡാഷ്ബോർഡും സെന്റർകൺസോളിലും ഗിയർനോബിലും സ്റ്റീയറിങ് വീലുകളിലുമുള്ള അലുമിനിയം ഫിനിഷുമാണ് ഉള്ളിലെ മറ്റ് പ്രധാന മാറ്റങ്ങൾ.

നമ്പർപ്ലെയ്റ്റുകൾക്കുള്ള ക്രോം ആവരണം, റാപ്പ് എറൗണ്ട് ടെയിൽ ലാമ്പുകള്‍ തുടങ്ങി പിന്‍ഭാഗത്തും നിരവധി മാറ്റങ്ങളുണ്ട്. ഡോറുകളിലെ ക്രോം സ്ട്രിപ്പാണ് വശങ്ങളിലെ പ്രധാന മാറ്റം. എൻജിനിൽ കാര്യമായ മാറ്റമില്ല. എന്നാല്‍ വാഹനത്തിന്റെ കരുത്ത് അൽപ്പം കൂടിയിട്ടുണ്ട്. 2.2 ലീറ്റർ എംഹോക്ക് എൻജിന്റെ കരുത്ത് 15 എച്ച്പി കൂടി 155 എച്ച്പിയാക്കി ഉയര്‍ത്തി. ടോർക്ക് 30 എംഎമ്മില്‍ നിന്നും 360 എംഎമ്മായി ഉയര്‍ന്നു.

click me!