
വാഹനത്തിന്‍റെ മുന്‍സീറ്റില്‍ ബാലഭാസ്‍കറിന്‍റെ മടിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടി ആശുപത്രിയിലെത്തുന്നതിനും മുമ്പേ മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കാര്‍ യാത്രകളില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി നിര്‍ബന്ധമായും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍ എഴുതുന്നു
കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റാം. അതിനാല്‍ എല്ലാവരും ബേബി കാർ സീറ്റ് വാങ്ങുക. പല വിലയിലും പല വലിപ്പത്തിലും 3000 രൂപ മുതൽ വിലയില്‍ ഇവ ലഭ്യമാണ്.
കുട്ടികൾക്ക് 4 അടി 9 ഇഞ്ച് ഉയരം(145 cm) ആകുന്നതു വരെയെങ്കിലും ബേബി കാർ സീറ്റ് ഉപയോഗിക്കണം. 8 വയസ്സിനും 12 വയസ്സിനും ഇടയിൽ അത്രയും പൊക്കം എത്താം. അതിന് ശേഷം മാത്രം അവരെ കാർ സീറ്റിൽ ഇരുത്തുക. ബേബി കാർ സീറ്റ് പുറകിലത്തെ സീറ്റിൽ ഉറപ്പിക്കുന്നതാണ് നല്ലതും കൂടുതൽ സുരക്ഷിതത്വവും.
കാറിന്‍റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ചാണ് ബേബി കാർ സീറ്റ് സീറ്റിൽ ഉറപ്പിക്കുന്നത്. ദീര്‍ഘദൂര യാത്രകളിൽ കുട്ടികൾക്ക് അതിലിരുന്ന് സുഖമമായി ഉറങ്ങാവുന്നതാണ്. ഉറങ്ങുമ്പോൾ തല നേരെ ഇരിക്കുവാൻ ഇവ സഹായിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ബേബി കാർ സീറ്റ് നിർബന്ധം ആണെന്ന് കേട്ടിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. ഇവിടെ ബേബി കാർ സീറ്റ് ഉപയോഗിച്ച് കുഞ്ഞുകുട്ടികളെ ഇരുത്തുന്നത് കണ്ടാൽ ഭാഗ്യം.
നവജാതശിശുക്കൾ മുതൽ 36 കിലോ വരെ (അല്ലെങ്കിൽ 4 അടി 9 ഇഞ്ച് ഉയരം(145 cm) കുട്ടികൾക്കാകുന്നത് വരെ ഇവ കാർ യാത്രയിൽ ഉപയോഗിക്കേണ്ടതാണ്. കാർ അപകടത്തിൽപ്പെടുമ്പോൾ കുട്ടികൾ ആ കാറിൽ ഉണ്ടെങ്കിൽ (ബേബി കാർ സീറ്റ് ഇല്ലെങ്കിൽ) അവർക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേൽക്കുവാൻ സാധ്യത. അതിനാല്‍ എല്ലാവരും ബേബി കാർ സീറ്റ് വാങ്ങുക.
ആദ്യത്തെ ചിത്രത്തില്‍ കാണുന്നത് എന്‍റെ മകളാണ്. അൽപ്പം വൈകിയെങ്കിലും ഞങ്ങള്‍ അവൾക്കൊരു ബേബി കാർ സീറ്റ് വാങ്ങി. കാർ സീറ്റിൽ മുറുകി ഇരിക്കുന്നുണ്ട്. റോഡിൽ കുഴിയിലും മറ്റും വണ്ടി വീഴുമ്പോൾ ഇളകാതെ ഭയമില്ലാതെ സുരക്ഷിതമായി അവൾ അതിൽ ഇരിക്കുന്നുണ്ട്. ദൂര യാത്രകളിൽ അത്യന്താപേക്ഷിതമാണ് ഇവ. അതിനാല്‍ എല്ലാവരും വാങ്ങുക. നമ്മുടെ കുട്ടികൾ സുരക്ഷിതരായി ഇരിക്കട്ടെ.