അപ്പാനി രവിയുടെ യാത്രകള്‍ ഇനി ഡബ്ല്യു ആർ–വിയില്‍

By Prashob MonFirst Published Aug 31, 2017, 3:51 PM IST
Highlights

അഭിനയിച്ച ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലറിയപ്പെടുകയെന്നത് അപൂർവ്വം നടന്മാർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. അങ്ങനെയൊരു മഹാഭാഗ്യത്തിനുടയമാണ് അപ്പാനി രവി എന്ന ശരത് കുമാർ. അങ്കമാലി ഡയറീസ് എന്ന തന്‍റെ ആദ്യചിത്രത്തിലൂടെ മലയാളികളുടെ ഹൃദയങ്ങളിലേക്കാണ് ഈ യുവനടന്‍ ചേക്കേറിയത്. ഇപ്പോള്‍ മലയാളക്കരയാകെ ജിമിക്കി കമ്മലിന്റെ താളത്തിനൊപ്പം താളം ചവിട്ടുമ്പോള്‍ അപ്പാനി രവിയെന്ന ശരത് കുമാര്‍ പുത്തന്‍ ഹോണ്ട ഡബ്ലിയു ആര്‍-വിക്കൊപ്പം യാത്ര തുടങ്ങുകയാണ്. വെളിപാടിന്റെ പുസ്തകമെന്ന് തന്റെ രണ്ടാമത്തെ ചിത്രം ഓണം റിലീസായി പുറത്തിറങ്ങുന്നത് ആഘോഷമാക്കാൻ ഹോണ്ട ഡബ്ല്യു ആർ–വി സ്വന്തമാക്കിയിരിക്കുകയാണീ യുവ നടൻ.

പുതിയ കാർ സ്വന്തമാക്കിയ വിവരം ശരത്കുമാർ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിച്ചത്. ഹോണ്ടയുടെ തിരുവനന്തപുരം വിതരണക്കാരായ പെർഫക്റ്റ് ഹോണ്ടയിൽ നിന്നാണ് താരം തന്റെ വാഹനം സ്വന്തമാക്കിയത്. ഡബ്ല്യു ആർ–വിയുടെ ഡീസൽ വകഭേദമാണ് അപ്പാനി രവി സ്വന്തമാക്കിയത്.

ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ക്രോസ് ഹാച്ചായ ഡബ്ല്യു ആർ–വി കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. വിന്‍സം റണ്‍എബോട്ട് വെഹിക്കില്‍ എന്നതിന്റെ ചുരുക്കിയെഴുത്താണ് WR-V എന്നത്.  

ഹോണ്ടയുടെ ചെറു ഹാച്ചായ ജാസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡബ്ല്യുആര്‍വിയുടെ ഡിസൈന്‍. ജാസിന്റെ അതേ തരം ഇന്റീരിയറാണ് വാഹനത്തിന്. കഴിഞ്ഞ വര്‍ഷം അവസാനം ബ്രസീലില്‍ നടന്ന സാവോപോളോ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ചെറു എസ് യു വി ആണെങ്കിലും വലിയ എസ് യു വികളോട് സാമ്യം തോന്നുന്ന രൂപമാണ് ഡബ്ല്യുആര്‍വിക്ക്. ക്രോം ഇന്‍സേര്‍ട്ടോടു കൂടിയ വലിയ ഗ്രില്ലുകള്‍, സ്‌പോര്‍ട്ടി ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ബോഡി എന്നിവ ഡബ്ല്യുആര്‍വിക്കുണ്ട്. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്കട്ട് അലോയ് വീലുകളുമുണ്ട്. എല്‍ ആകൃതിയിലുള്ള ടെയില്‍ ലാമ്പും സ്‌റ്റൈലിഷ് ബംബറും പിന്‍ഭാഗത്തിനു മാറ്റേകുന്നു.

ഹോണ്ട WR-V യുടെ പെട്രോള്‍ വേരിയന്‍റിന് 7.75 ലക്ഷമാണ് എക്സ് ഷോറൂം വില. ഡീസല്‍ വേരിയന്‍റിന് 8.99 ലക്ഷവും. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 90 ബിഎച്ച്പി കരുത്തും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 100 ബിഎച്ച്പി കരുത്തുമുണ്ട്. പെട്രോള്‍ മോഡലിന് ലീറ്ററിന് 17.5 കിലോമീറ്ററും ഡീസല്‍ മോഡലിന് 25.5 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

 

 

 

click me!