7 കോടിയുടെ റോള്‍സ് റോയ്സ് കള്ളിനന്‍ ഭാര്യയ്ക്ക് വിവാഹ സമ്മാനമായി നല്‍കി മലയാളി

By Web TeamFirst Published Dec 30, 2018, 3:11 PM IST
Highlights

ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ആദ്യ എസ് യു വി മോഡല്‍ കള്ളിനന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായി അഭിനി സോഹന്‍. ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്കുള്ള സമ്മാനമായിയാണ് മലയാളി നിര്‍മാതാവും സംവിധായകനും ഏരിസ് ഗ്രൂപ്പിന്റെ മേധാവിയുമായ സോഹന്‍ റോയ് 7 കോടിയുടെ റോള്‍സ് റോയ്‌സ് കള്ളിനന്‍ ഭാര്യയ്ക്ക് സമ്മാനിക്കുന്നത്. 

ദുബായ് : ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ആദ്യ എസ് യു വി മോഡല്‍ കള്ളിനന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായി അഭിനി സോഹന്‍. ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്കുള്ള സമ്മാനമായിയാണ് മലയാളി നിര്‍മാതാവും സംവിധായകനും ഏരിസ് ഗ്രൂപ്പിന്റെ മേധാവിയുമായ സോഹന്‍ റോയ് 7 കോടിയുടെ റോള്‍സ് റോയ്‌സ് കള്ളിനന്‍ ഭാര്യയ്ക്ക് സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും വില കൂടിയ ആഡംബര എസ്‌യുവിയാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍. 

ഈ വര്‍ഷം ജൂണിലാണ്  സോഹന്‍ റോയി വാഹനം ബുക്ക് ചെയ്തത്. പൂര്‍ണ്ണമായും കസ്റ്റമൈസ്ഡ് രീതിയില്‍ നിര്‍മ്മിച്ച വാഹനം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും, സൗകര്യങ്ങള്‍ക്കും അനുസൃതമായി നിര്‍മ്മിക്കുന്നതിനാല്‍ ഇതേ പോലെ മറ്റൊരു വാഹനം ഉണ്ടാകില്ല. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ് ഈ വര്‍ഷം ആദ്യമാണ് കള്ളിനന്‍ എസ്.യു.വി അവതരിപ്പിച്ചത്. വാഹനപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാഹനം സ്വന്തമാക്കിയതിന്റെ അഭിമാനത്തിലാണ് അഭിനി സോഹന്‍ റോയ് മറച്ച് വയ്ക്കുന്നില്ല. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വാഹനം കാണുവാനും ആവശ്യമായ ഭേതഗതികള്‍ വരുത്താനും കമ്പനി അവസരമൊരുക്കിയിരുന്നു. 

പൂര്‍ണ്ണമായും കസ്റ്റമൈസ് ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് മോഡലും മുമ്പ് ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. 6.75 ലിറ്റര്‍ വി-12 എഞ്ചിനാണ് കള്ളിനന് കരുത്ത് പകരുന്നത്. എന്‍ജിന് 563 ബി.എച്ച്.പി. കരുത്തും 850 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. 5.341 മീറ്റര്‍ നീളവും 2.164 മീറ്റര്‍ വീതിയുമുള്ള ഭീമാകാരന്‍ കാറിന്റെ വീല്‍ബേസ് 329.5 സെന്റീമീറ്ററാണ്. ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്‌സാണ് കള്ളിനന്‍.  ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 8-സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് കള്ളിനന് ഉള്ളത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. 

റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ത്താന്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം മതി. 54 സെന്റിമീറ്റര്‍ വരെ ജലനിരപ്പിലും വാഹനം അനായാസം ഓടും. പൂര്‍ണ്ണമായും ലെതര്‍ സീറ്റുകള്‍, വുഡന്‍ ഇന്റീരിയര്‍, മള്‍ട്ടി ഡ്രൈവിംഗ് മോഡ്, സ്വയം നിയന്ത്രിത സസ്‌പെന്‍ഷന്‍ സംവിധാനം, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, സീറ്റ് മസ്സാജര്‍, സ്റ്റാര്‍ലിറ്റ് റൂഫ്‌ലൈന്‍, കസ്റ്റമൈസ്ഡ് ടയര്‍ തുടങ്ങി ഒട്ടേറെ ആഡംബരങ്ങളോട് കൂടിയതാണ് പുതിയ റോള്‍സ് റോള്‍സ് റോയ്‌സ് കള്ളിനന്‍.

വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്‌നെസ് അസിസ്റ്റ്,  ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. ഇതുവരെ ഇറങ്ങിയ റോള്‍സ് റോയ്‌സുകളില്‍ ഏറ്റവും മികച്ച മോഡലാണിതെന്നാ വിലയിരുത്തുന്നത്. അഞ്ചു സീറ്ററാണ് ഈ എസ് യു വി ആവശ്യമെങ്കില്‍ നാലു സീറ്ററാക്കി മാറ്റാന്‍ സാധിക്കും. 

വാഹനത്തിന്റെ ആഡംബരം ഏറ്റവും പ്രകടമാകുന്നത് ഇന്റീരിയറിലാണ്. ഡാഷ്‌ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്‌പ്ലേ ടി വി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലതര്‍ ഫിനീഷിഡ് ഇന്റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകള്‍.

 വ്യൂയിങ് സ്യൂട്ടാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത ഈ സംവിധാനം ഓപ്ഷണലാണ്. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണ് പുത്തന്‍ എസ് യു വിക്കുള്ള പേര് റോള്‍സ് റോയ്‌സ് നല്‍കിയത്.

 

click me!