
ദില്ലി: വിമാനത്തില്‍ പറന്നുനടന്ന് വാഹനമോഷണം നടത്തുന്ന കുപ്രസിദ്ധ വാഹനമോഷ്‍ടാവ് പിടിയില്‍. അഞ്ഞൂറിലധികം ആഡംബര കാറുകൾ മോഷ്ടിച്ച സഫറുദ്ദീന്‍ എന്നയാളാണ് ദില്ലി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി അഞ്ഞൂറിലധികം അത്യാധുനിക ആഡംബര കാറുകള്‍ മോഷ്‍ടിച്ച ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ദില്ലി പൊലീസ് സംഘം ഗഗൻ സിനിമ തീയേറ്ററിനടുത്തു വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പരിശോധനയ്ക്കിടെ നിർത്താൻ ആവശ്യപ്പെട്ട ഒരു കാർ പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു. തുടര്‍ന്ന് 50 കിലോമീറ്ററോളം പിന്തുടർന്നാണ് പൊലീസ് കാർ പിടികൂടിയത്. കാറോടിച്ചിരുന്നത് സഫറുദ്ദീനാണെന്നു തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹൈദരാബാദിൽ നിന്നും വിമാനത്തിൽ ഡൽഹിയിലെത്തി മോഷണം നടത്തി വിമാനത്തിൽ തന്നെ തിരിച്ചു ഹൈദരാബാദിന് പോകുന്നതായിരുന്നു സഫറുദ്ദീന്‍റെ രീതി. പൊലീസ് പിടിയിലാവാതിരിക്കാനായിരുന്നു ഇത്. വർഷത്തിൽ 100 ആഡംബര കാറുകൾ മോഷ്ടിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് സഫറുദീൻ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ലാപ്ടോപ്പ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു കാറുകളുടെ സോഫ്റ്റ്‌വെയറും ജിപിഎസും സെൻട്രലൈസ്ഡ് ലോക്കിംഗ് സംവിധാനവും തകർത്തായിരുന്നു മോഷണം. മോഷ്ടിച്ച കാറുകൾ രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാങ്ങളിൽ വിൽക്കുകയായിരുന്നു പതിവെന്നും പൊലീസ് പറയുന്നു.