മൈലേജ് കുറഞ്ഞു, വില കൂടി; പുത്തന്‍ സെലേറിയോക്ക് പണി കിട്ടിയത് ഇങ്ങനെ!

By Web TeamFirst Published Jan 23, 2020, 9:51 AM IST
Highlights

ജനപ്രിയ ഹാച്ച് ബാക്ക് സെലേറിയോയുടെ ബിഎസ് 6 പതിപ്പിനെ അവതരിപ്പിച്ച് മാരുതി സുസുക്കി

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനപ്രിയ ഹാച്ച് ബാക്ക് സെലേറിയോയുടെ ബിഎസ് 6 പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  അടിസ്ഥാന വകഭേദം എല്‍എക്‌സ്‌ഐ വേരിയന്റിന് 4.41 ലക്ഷം രൂപയും, ഇസഡ് എക്‌സ്‌ഐ എഎംടി വേരിയന്റിന് 5.67 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. നിലവിലെ ബിഎസ്4 പതിപ്പില്‍ നിന്നും 15,000 രൂപ മുതല്‍ 24,000 രൂപയുടെ വരെ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

നിലവിലെ 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ബിഎസ് 6 നിലവാരത്തിലേക്ക് കമ്പനി ഉയര്‍ത്തിയത്. ഈ എഞ്ചിന്‍ 68 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. അതേസമയം എഞ്ചിന്‍ നവീകരിച്ചതോടെ വാഹനത്തിന്റെ മൈലേജ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

ബിഎസ് 6 മോഡലില്‍ ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജായിരുന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ എഞ്ചിനിലെ പരിഷ്‍കാരങ്ങള്‍ ഈ മൈലേജിനെ ബാധിച്ചതായാണ് സൂചന. ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പുതിയ പതിപ്പില്‍ മൈലേജ് എത്രയെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അഞ്ച് സ്പീഡ് മാനുവല്‍ അഞ്ച് സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍. 

ബിഎസ്6ലേക്ക് മാറ്റിയത് ഒഴിച്ചു നിര്‍ത്തിയാല്‍ ഫീച്ചറുകളിലോ, ഡിസൈനിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.  പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് സെലെറിയോ ബിഎസ് 6 പതിപ്പ് എത്തുന്നത്. ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ്, ഡാസ്റ്റന്‍ ഗോ തുടങ്ങിയവരാണ് സെലറിയോയുടെ വിപണിയിലെ എതിരാളികള്‍. 

ഉടനെ തന്നെ ഇഗ്‌നീസ് ബിഎസ്6 ഫെയ്‍സ് ലിഫ്റ്റ് പതിപ്പിനെയും ആള്‍ട്ടോ കെ10 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചേക്കും.

click me!