സർവീസ് സെന്ററിലെ തട്ടിപ്പ് ക്യാമറയിൽ; വീഡിയോ വൈറല്‍

By Web DeskFirst Published Oct 17, 2017, 5:41 PM IST
Highlights

വാഹന സര്‍വ്വീസ് സെന്‍ററുകളില്‍ നിന്ന് അത്ര നല്ല അനുഭവം ആയിരിക്കില്ല പല ഉപഭോക്താക്കള്‍ക്കും ലഭിച്ചിട്ടുണ്ടാകുക. അത് ഫ്രീ സര്‍വ്വീസ് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വാഹനത്തിന്റെ കുഴപ്പങ്ങളൊക്കെ സർവീസ് സെന്ററിലെ ജീവനക്കാരോടു പറഞ്ഞാലും പലപ്പോഴും അവ നന്നാക്കാറില്ല എന്ന പരാതി വ്യാപകമാണ്. പലപ്പോഴും വാഹനം നല്‍കി കഴിഞ്ഞാല്‍ സർവീസ് സെന്‍ററിനകത്ത് എന്താണ് നടക്കുന്നതെന്ന് പലര്‍ക്കും വലിയ പിടിയുണ്ടാകില്ല. തിരികെ തരുന്ന വാഹനവും കൊണ്ട് അവര്‍ പറയുന്നതും വിശ്വസിച്ച് വീട്ടില്‍ പോകുക മാത്രമാവും വഴി. എന്നാല്‍ സര്‍വ്വീസ് സെന്‍ററിലെ കള്ളത്തരം കൈയോടെ പിടിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശിയായ ഒരു യുവാവ്.

ബംഗളൂരുവിലെ മാരുതി സുസുക്കി സർവീസ് സെന്ററായ മാൻഡോവി മോട്ടോഴ്സിലാണു സംഭവം. തന്റെ പുതിയ ബലേനൊ ആർഎസിന്റെ രണ്ടാമത്തെ ഫ്രീ സർവീസിനായാണു യുവാവ് കാർ സർവീസ് സെന്ററിൽ നല്‍കിയത്.  വാഹനം സ്റ്റാർട്ടാക്കുമ്പോൾ‌ പെട്രോളിന്റെ മണം വരുന്നു എന്നായിരുന്നു സർവീസിനു കൊടുത്തപ്പോൾ പറഞ്ഞ പരാതി. തുടര്‍ന്ന് സർവീസ് നടത്തി എന്ന് പറഞ്ഞ് പതിവുപോലെ കാർ തിരിച്ചു നൽകുകയും ചെയ്തു. എന്നാൽ സർവീസിന് നൽകുമ്പോൾ ഡാഷ്ബോര്‍ഡ് ക്യാമറ ഓൺ ആക്കി നൽകിയ യുവാവ് തിരികെ വീട്ടിലെത്തി ഇതു പരിശോധിച്ചപ്പോള്‍ ഞെട്ടി.

രണ്ടാം സർവീസിൽ ചെയ്യേണ്ട കാര്യങ്ങളൊന്നും വർക്ക്ഷോപ്പിൽ നിന്നു ചെയ്തില്ല. ഓയില്‍ മാറ്റുകയോ പരിശോധിക്കുകയോ പോലും ചെയ്‍തില്ല. വെറുതെ കഴുകിയതിനു ശേഷം സർവീസ് നടത്തിയെന്നു കള്ളം പറഞ്ഞു തിരിച്ചു നൽകുകയായിരുന്നു. കൂടാതെ വാഹനം സ്റ്റാർട്ട് ചെയ്ത് എസി പ്രവർത്തിപ്പിച്ച് സര്‍വ്വീസ് സെന്ററിലെ യുവാക്കൾ അതിനകത്തിരുന്നു ഭക്ഷണം കഴിച്ചെന്നും ഉടമ പറയുന്നു. രാവിലെ വാഹനം സ്റ്റാർട്ടാക്കുമ്പോൾ‌ പെട്രോളിന്റെ മണം വരുന്നു എന്നതു മാത്രമായിരുന്നു സർവീസിനു കൊടുത്തപ്പോൾ പറഞ്ഞ പരാതി. ഇതൊന്നും പരിശോധിച്ചിട്ടു പോലുമില്ല.

തൊട്ടടുത്ത ദിവസം തന്നെ യുവാവ് സർവീസ് സെന്ററിലെ മാനേജറുമായി സംസാരിച്ചു. പക്ഷേ തണുത്ത പ്രതികരണമാണു ലഭിച്ചത്. തുടര്‍ന്ന് ഏകദേശം 30 മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോ ഉടമ യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. മാരുതിയുടെ വാഹനങ്ങളെയും സർവീസിനെയും മോശമായി ചിത്രികരിക്കാൻ വേണ്ടിയല്ല വീഡിയോ അപ്‌ലോ‍ഡ് ചെയ്തതെന്നും എല്ലാ വാഹന സർവീസ് സെന്ററുകളും ഉപഭോക്താക്കളോടു നീതിപൂർവ്വം പെരുമാറണമെന്നതാണു പറയാൻ ശ്രമിക്കുന്നതെന്നും എല്ലാ ഉപഭോക്താക്കൾക്കും ഇതൊരു മുന്നറിയപ്പാകട്ടെ എന്നും യുവാവു പറയുന്നു.

വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ സർവീസ് മനേജറും മാരുതി നെക്സയുടെ മേധാവികളും വിളിച്ചെന്നും ക്ഷമ ചോദിച്ചെന്നും വാഹനം വീട്ടിൽ വന്നു പരിശോധിച്ചെന്നും ഉടമ പറയുന്നു. വിഡിയോ മാറ്റണമെന്ന് കമ്പനി നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും യുവാവ് പറയുന്നു.

click me!