
മുംബൈ: വൈദ്യുത വാഹന വിഭാഗത്തിലേക്കു രാജ്യത്തെ വാഹനനിര്‍മ്മാതാക്കളില്‍ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കിയും ചുവടുവയ്‍ക്കുന്നു. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഈ വിഭാഗത്തോടു മുഖം തിരിക്കില്ലെന്നു കമ്പനി ചെയർമാൻ ആർ സി ഭാർഗവ വ്യക്തമാക്കി. ഉപയോക്താക്കളുടെ താൽപര്യം വിലയിരുത്തി വിവിധ വൈദ്യുത വാഹന മോഡലുകൾ കമ്പനി അവതരിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഭാര്‍ഗവയുടെ പ്രഖ്യാപനം.
പരിസ്ഥിതി മലിനീകരണം ചെറുക്കാനുള്ള ഉദ്യമമെന്ന നിലയിൽ ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ വ്യാപനം ത്വരിതപ്പെടുത്താനുള്ള സർക്കാർ പ്രഖ്യാപനം അഭിനന്ദനാർഹമാണെന്നും ഉപയോക്താക്കളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ ശേഷമാവും മാരുതി സുസുക്കി ഈ വിഭാഗത്തിലെ മോഡലുകൾ നിശ്ചയിക്കുകയെന്നും ഭാര്‍ഗവ വ്യക്തമാക്കി.
വൈദ്യുത വാഹന വിഭാഗത്തിൽ നിന്നു വിട്ടുനിൽക്കാൻ കമ്പനി ആലോചിക്കുന്നില്ല. ഉപഭോക്താക്കളുടെ അഭിരുചികൾ വ്യക്തമായാലുടൻ കമ്പനി ഈ വിഭാഗത്തിനുള്ള മോഡലുകൾ വികസിപ്പിക്കും. അതുവരെ നിലവിലുള്ള മോഡലുകളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനും പുത്തൻ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനുമാവും കമ്പനി മുൻഗണന നൽകുക.
നിലവിൽ രാജ്യത്തെ കാർ വിപണിയിൽ പകുതിയോളം വിഹിതമാണു മാരുതി സുസുക്കി ഇന്ത്യയ്ക്കുള്ളത്. അടുത്ത അഞ്ചു വർഷക്കാലം ഇന്ത്യൻ വാഹന വ്യവസായം 10 ശതമാനത്തിലേറെ വളർച്ച നേടി മുന്നേറുമെന്നും സുസുക്കിയുടെ പിന്തുണയോടെ മാരുതിയും ഇതേ വളർച്ചാനിരക്ക് കൈവരിക്കുമെന്നും ഭാർഗവ പ്രതീക്ഷ പ്രകടിപ്പിച്ചു. 2020 ആകുമ്പോഴേക്ക് പ്രതിവർഷം 20 ലക്ഷം യൂണിറ്റ് വിൽപ്പന നേടാൻ മാരുതി സുസുക്കിക്കു കഴിയുമെന്നാണു പ്രതീക്ഷ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.