
ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിപണിയിലെത്തിയ പുത്തന്‍ മാരുതി സ്വിഫ്റ്റ് ബുക്കിങ്ങിലും വാഹനവിപണിയെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. അരങ്ങേറി 10 ആഴ്ചകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തോളം ബുക്കിങാണ് പുത്തൻ സ്വിഫ്റ്റ് നേടിയെടുത്തത്. മികച്ച വില്പന കാഴ്ചവെച്ച് സാഹചര്യത്തിൽ മാരുതിയുടെ ഗുജറാത്ത് ശാലയെ പൂർണമായും സ്വിഫ്റ്റിനായി വിട്ടുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ ബലേനോയാണ് നിര്‍മ്മിക്കുന്നത്. ശാലയെ പൂർണമായും സ്വിഫ്റ്റിനായി വിട്ടുകൊടുക്കുന്ന സാഹചര്യത്തില്‍ ഹരിയാനയിലെ മനേസാറിലേക്ക് ബലെനോയുടെ നിർമ്മാണം മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ ഷോയിലാണ് സ്വിഫ്റ്റ് അവതരിക്കുന്നത്. ബി സെഗ്മന്റ് ഹാച്ച്ബാക്ക് വിഭാഗത്തില്‍ പ്രീമിയം ബലെനോയെ പിന്തള്ളി സ്വിഫ്റ്റ് മുന്നിലെത്തിയത് അടുത്തിടെയാണ്. മറ്റ് പല ജനപ്രിയ മോഡലുകള്‍ക്കും ഇതിലേറെ സമയമെടുത്താണ് ഒരു ലക്ഷം ബുക്കിങ് തികച്ചതെന്നതാണ് സ്വിഫ്റ്റിന്‍റെ നേട്ടം വേറിട്ടതാക്കുന്നത്. റെനോ ക്വിഡ് ആറുമാസവും ഹ്യൂണ്ടായി ക്രേറ്റ എട്ടുമാസവും ഡിസയറും ബ്രസ്സയുമൊക്കെ നാലുമാസവുമെടുത്ത് ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയപ്പോഴാണ് സ്വിഫ്റ്റിന്‍റെ ഈ മിന്നും നേട്ടം.
ഗുജറാത്തിലെ ഹന്‍സാല്‍പുര്‍ പ്ലാന്‍റില്‍ നിന്നുമാണ് മാരുതി സ്വിഫ്റ്റുകളുടെ ഉല്‍പ്പാദനം. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില.
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.