
സിയാറ്റിൽ: വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനവുമായി മെക്കാനിക്ക് കടന്നു. അമേരിക്കയിലെ സിയാറ്റിലിലാണ് സംഭവം. അലാസ്‌ക എയര്‍ലൈന്‍സിന്റെ 76 സീറ്റുകളുള്ള ഹൊറിസോണ്‍ എയര്‍ ക്യൂ 400 വിമാനമാണ് സിയാറ്റിൽ ടാസ്കോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനം എയർട്രാഫിക് കൺട്രോൾ ബോർഡിന്റെ അനുവാദം കൂടാതെ പറന്നുയരുകയായിരുന്നു. ഉടൻ തന്നെ രണ്ട് സൈനിക വിമാനങ്ങൾ ഈ വിമാനത്തെ പിന്തുടർന്നു. എന്നാല്‍ അൽപ സമയത്തിനകം വിമാനം തകർന്നു വീണു. വിമാനത്താവളത്തിന് 40 മൈൽ തെക്കുവടക്ക് കെട്രോൺ ദ്വീപിലാണ് വിമാനം വീണത്.
വിമാനം തട്ടിയെടുത്തയാൾ ഇതേ കമ്പനിയിലുള്ള 29 വയസുള്ള എൻജിനീയർ ആണെന്നാണ് വിവരം. വിമാനത്തിൽ യാത്രക്കാരാരുമില്ലായിരുന്നെങ്കിലും തട്ടിയെടുത്തയാളുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയാനായിട്ടില്ല. വിമാനം പറത്തുന്നതിലെ പരിചയക്കുറവായിരിക്കാം തകരാൻ കാരണമെന്നും സംഭവത്തിന് തീവ്രവാദ ബന്ധമൊന്നും ഇല്ലെന്നുമാണ് നിഗമനം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.