സഞ്ചാരികളുടെ പ്രളയം തുടങ്ങി; പ്രതീക്ഷയോടെ മൂന്നാര്‍

Published : Jan 01, 2019, 04:19 PM IST
സഞ്ചാരികളുടെ പ്രളയം തുടങ്ങി; പ്രതീക്ഷയോടെ മൂന്നാര്‍

Synopsis

പ്രതീക്ഷയുടെ പുതുവത്സരത്തിലാണ് മൂന്നാർ. മഞ്ഞുകാലമായതോടെ ഒരിടവേളക്ക് ശേഷം മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്ക് തുടങ്ങി. സഞ്ചാരികൾ തിരിച്ചെത്തിയതോടെ പ്രളയം തകർത്തെറിഞ്ഞ മൂന്നാർ ഉയിർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

മൂന്നാര്‍: പ്രതീക്ഷയുടെ പുതുവത്സരത്തിലാണ് മൂന്നാർ. മഞ്ഞുകാലമായതോടെ ഒരിടവേളക്ക് ശേഷം മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്ക് തുടങ്ങി. സഞ്ചാരികൾ തിരിച്ചെത്തിയതോടെ പ്രളയം തകർത്തെറിഞ്ഞ മൂന്നാർ ഉയിർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

കഴിഞ്ഞ ജൂൺ വരെ സഞ്ചാരികളുടെ പറുദീസയായിരുന്നു മൂന്നാർ. 12 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബറിൽ വിരുന്നെത്തുന്ന നീലക്കുറിഞ്ഞിയെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും നടത്തി. എന്നാൽ ഓഗസ്റ്റിലെ പ്രളയം പ്രതീക്ഷകൾ തകർത്തു. മുതിരപ്പുഴയാർ കരകവിഞ്ഞു. കെട്ടിടങ്ങൾ പലതും നിലംപൊത്തി. റോഡുകളും തകർന്നതോടെ മൂന്നാറിലെ വിനോദസഞ്ചാരത്തിന് ഒരുമാസം നിരോധനം ഏർപ്പെടുത്തി. സെപ്റ്റംബറോടെ നിരോധനം നീക്കിയെങ്കിലും സഞ്ചാരികൾ വരാൻ മടിച്ചു. തുടർന്ന് സർക്കാരും നാട്ടുകാരും മുൻകൈ എടുത്ത് നടത്തിയ മൂന്നാർ സുരക്ഷിതം, സുന്ദരമെന്ന പ്രചാരണത്തിന് ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. ഡിസംബർ ആദ്യം മുതൽ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് കൂടി.

2017ൽ 14 ലക്ഷം സഞ്ചാരികളാണ് മൂന്നാറിൽ തങ്ങിയത്. എന്നാൽ 2018ൽ ഇത് ഏഴ് ലക്ഷമായി കുറഞ്ഞു. ഇതോടെ വരുമാനത്തിലും ഗണ്യമായ ഇടിവുണ്ടായി. കഴിഞ്ഞ ആറ് മാസം കൊണ്ട് 800 കോടി രൂപയുടെ വരുമാന നഷ്ടമാണ് മൂന്നാറിലുണ്ടായത്. ഇതോടെ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി പേർക്ക് തൊഴിൽ നഷ്ടമായി. എന്നാൽ കാലാവസ്ഥ അനുകൂലമായതോടെ ഹൈറേഞ്ചിൽ പ്രതീക്ഷയുടെ പുതുനാന്പുകൾ മുളയ്ക്കുകയാണ്. രാത്രിയിൽ അഞ്ച് ഡിഗ്രിയ്ക്ക് അടുത്താണ് മൂന്നാറിൽ തണുപ്പ്. ഇതോടെ തെക്കിന്‍റെ കാശ്മീരിലേക്ക് വീണ്ടും വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി.

സഞ്ചാരികൾ കൂടിയതോടെ പ്രളയത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂന്നാറിലെത്തുന്നവ‍ർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൊച്ചി_ധനുഷ്കോടി ദേശീയപാതയടക്കമുള്ള റോഡുകൾ പലയിടത്തും തക‍ർന്ന് കിടക്കുന്നതാണ് പ്രധാന പ്രതിസന്ധി. മൂന്ന് മാസത്തിനകം റോഡുകളെല്ലാം നന്നാക്കും എന്ന സർക്കാരിന്‍റെ വാക്ക് വിശ്വസിക്കുകയാണ് മൂന്നാറുകാർ.

രാജമലയിൽ ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയതും മീശപ്പുലിമലയിലേക്ക് അടക്കം വനംവകുപ്പ് ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തിയതും പുതുവത്സരത്തിൽ സഞ്ചാരികൾക്ക് പ്രതീക്ഷ നൽകുന്നു.
 

PREV
click me!

Recommended Stories

ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ
80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'