വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന് ആക്ഷേപം

By Web TeamFirst Published Dec 3, 2019, 6:47 PM IST
Highlights

ഒരു കേസ് കുറഞ്ഞവര്‍ക്കും വിശദീകരണ നോട്ടീസ് കിട്ടിയിട്ടുണ്ട്. പുതിയനിയമം അനുസരിച്ച് പിഴത്തുകയില്‍ അഞ്ചിരട്ടിയോളം  വര്‍ദ്ധനയുണ്ടായ സാഹചര്യത്തിലാണ് പിഴത്തുകക്ക് ടാര്‍ജറ്റ് നിശ്ചയിച്ച് ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

തിരുവനന്തപുരം: ഗതാഗത നിയമലംഘനം പിടികൂടുന്നതിനുള്ള പരിശോധന കര്‍ശനമാക്കി  മോട്ടോര്‍ വാഹനവകുപ്പ്. ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക്  വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി തുടങ്ങി. പുതിയ നിയമം അനുസരിച്ച് പിഴത്തുക അഞ്ചിരട്ടിയോളം  കൂടിയതിനാല്‍ ടാര്‍ജറ്റ് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്.

ഗതാഗത നിയമലംഘനങ്ങള്‍ പിടകൂടുന്നതിന് പുറത്തിറക്കിയ ടാര്‍ജറ്റ് കൈവരിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരോട് വിശദീകരണം തേടി നെടുമങ്ങാട് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ നോട്ടീസ് നല്‍കി കഴിഞ്ഞു. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് പ്രതിദിനം 25 കേസും കുറഞ്ഞത് 20000 രൂപ പിഴത്തുകയുമാണ് ടാര്‍ജറ്റ്. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സെപ്ടകര്‍മാര്‍ക്ക് 40 കേസും 30000 രൂപയുമാണ് ടാര്‍ഗറ്റ്. മാസം മൊത്തം 500 കേസെങ്കിലും പിടിക്കണം.

ഒരു കേസ് കുറഞ്ഞവര്‍ക്കും വിശദീകരണ നോട്ടീസ് കിട്ടിയിട്ടുണ്ട്. പുതിയനിയമം അനുസരിച്ച് പിഴത്തുകയില്‍ അഞ്ചിരട്ടിയോളം  വര്‍ദ്ധനയുണ്ടായ സാഹചര്യത്തിലാണ് പിഴത്തുകക്ക് ടാര്‍ജറ്റ് നിശ്ചയിച്ച് ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഗതാഗത നിയമലംഘനങ്ങളില്‍ നടപടി സ്വീകരിക്കാന്‍ സേഫ് കേരള എന്ന പേരില്‍ പ്രത്യേക വിഭാഗവും മോട്ടോര്‍ വാഹന വകുപ്പിലുണ്ട്. വാഹന പരിശോധന മാത്രമാണ് ഇവര്‍ക്കുള്ള ചുമതല. 

നിയമലംഘനങ്ങളില്‍ നടപടി ഉറപ്പുവരുത്താനാണ് ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ വിശദീകരണം. എന്നാല്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ടാര്‍ജറ്റ് നിശ്ചയിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

click me!