
റോയൽ എൻഫീൽഡിന്റെ ഐക്കണിക്ക് ബുള്ളറ്റ് മോഡല്‍ ക്ലാസിക്ക് ബൈക്കുകൾക്കുള്ള എതിരാളിയുമായി മറ്റൊരു ബ്രിട്ടീഷ് കമ്പനിയായ ബിഎസ്എ ഇന്ത്യയിലേക്ക്. മഹീന്ദ്ര ആന്റ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ബിഎസ്എയെ അടുത്തകാലത്ത് മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. ബിഎസ്എ ഇപ്പോള്‍ പുതിയ ബൈക്കിന്റെ പണിപ്പുരയിലാണെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
2016 ഒക്ടോബറിലാണ് ബിഎസ്എയുടെ 100 ശതമാനം ഓഹരികളും മഹീന്ദ്ര സ്വന്തമാക്കിയത്. ഏകദേശം 34 ലക്ഷം പൗണ്ട് (28 കോടി രൂപ) യ്ക്കാണ് മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക്ക് ലെജെന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റിഡ് എന്ന കമ്പനി ബിഎസ്എയെ സ്വന്തമാക്കിയത്. ബിഎസ്എയുടെ എല്ലാ ഉല്‍പ്പന്നങ്ങളും അതേ പേരില്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള അവകാശം ഇനിമുതല്‍ ക്ലാസിക്ക് ലെജെന്‍ഡ്‍സിനായിരിക്കും.
അമേരിക്ക, കാനഡ, സിങ്കപ്പൂര്‍, മലേഷ്യ, മെക്സിക്കോ, ജപ്പാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വേരുകളുണ്ട് ബിഎസ്എക്ക്. ഈ ഏറ്റെടുക്കലിലൂടെ മഹീന്ദ്ര അന്താരാഷ്ട്ര വാഹന ലോകത്ത് കരുത്തന്മാരായിത്തീര്‍ന്നിരുന്നു. 2011-ല്‍ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ സാങ്യോങ്ങിനെ മഹീന്ദ്ര ഏറ്റെടുത്തിരുന്നു. 2015ല്‍ പുഷോ മോട്ടോര്‍ സൈക്കിള്‍സിന്റെ 51 ശതമാനം ഓഹരികളും മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മഹീന്ദ്രയുടെ പുതിയ നേട്ടം. ഐക്കണിക്ക് ഇരുചക്ര ബ്രാന്‍റായ ജാവയും ഇപ്പോള്‍ മഹീന്ദ്രക്ക് സ്വന്തമാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.