പുതിയ സാന്‍ട്രോ സെപ്തംബറിലെന്ന് സൂചന

Web Desk |  
Published : Jul 11, 2018, 07:27 PM ISTUpdated : Oct 04, 2018, 03:03 PM IST
പുതിയ സാന്‍ട്രോ സെപ്തംബറിലെന്ന് സൂചന

Synopsis

പുതിയ സാന്‍ട്രോ സെപ്തംബറിലെന്ന് സൂചന

ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്‍ടിച്ച ഹ്യുണ്ടായിയുടെ ഹാച്ച് ബാക്ക് സാന്‍ട്രോ തിരികെയെത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു കാലങ്ങളായി വാഹനലോകത്ത് സജീവ ചര്‍ച്ചയാണ്. പരീക്ഷണ ഓട്ടം നടത്തുന്ന സാന്‍ട്രോയുടെ പുതിയ പതിപ്പിന്‍റെതെന്ന പേരില്‍ അടുത്തകാലത്തായി നിരവധി ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഈ വര്‍ഷം സെപ്തംബറിലോ ഒക്ടോബറിലോ വാഹനം വിപണിയിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍.

ചെറുകാർ സെഗ‍്മെന്റിലേയ്ക്കാണ് മത്സരിക്കുകയെങ്കിലും മസ്കുലറായ രൂപമായിരിക്കും പുതിയ സാൻട്രോയുടെ ഹൈലൈറ്റെന്നാണ് സൂചന. വിപുലമായ ഇന്‍റീരിയറിനൊപ്പം ഉയർന്ന സീറ്റ് ക്രമീകരണവുമൊക്കെയായിട്ടാവും‘എഎച്ച് ടു’എന്ന കോഡ് നാമത്തില്‍ വാഹനം അവതരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാറിന്‍റെ വ്യാപാര നാമം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ആരാധകരുടെ താത്പര്യത്തിനു വഴങ്ങി ‘സാൻട്രോ’ എന്ന പേരില്‍ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ സിഇഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ വൈ കെ കൂവിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍. നിലവിൽ ഹ്യുണ്ടേയ് ശ്രേണിയിലെ എൻട്രി ലവൽ മോഡലായ ഇയോണിനു പകരക്കാരനായിട്ടാവും ‘എഎച്ച് ടു’വിന്റെ അരങ്ങേറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മനോഹരമായി രീതിയില്‍ തുണിയുടിപ്പിച്ച് തിരക്കേറിയ റോഡിലൂടെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാഹനം ദില്ലി ഓട്ടോ എക്സ്പോയില്‍ പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാഹനം ദീപാവലിക്ക് വിപണിയിലെത്തുമെന്നതാണ് പുതിയ വാര്‍ത്ത.

സാന്‍ട്രോ പുത്തന്‍ രൂപത്തില്‍ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹം ആദ്യം പരക്കുന്നത് 2017 ആഗസ്തിലാണ്.  പുതുതലമുറ വെര്‍ണ പുറത്തിറക്കുന്ന ചടങ്ങില്‍ ഹ്യുണ്ടായി സിഇഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ വൈ കെ കൂ തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇന്ത്യയില്‍ ഹ്യുണ്ടായി കുടുംബത്തിലെ പുതിയ കോംപാക്ട് കാര്‍ അടുത്ത വര്‍ഷം രണ്ടാം പാദത്തില്‍ അവതരിപ്പിക്കുമെന്നാണ് കൂ അന്ന് വ്യക്തമാക്കിയത്. ഇതോടെ ഈ മോഡല്‍ പുതിയ സാന്‍ട്രോ തന്നെയാണെന്ന് വാഹനപ്രേമികള്‍ വിധിയെഴുതി.

ടോള്‍ ബോയ് ഡിസൈന്‍ വിട്ട് ഹ്യുണ്ടായി ഫ്ലൂയിഡിക് 2.0 പാറ്റേണിലാകും 2018 സാന്‍ട്രോ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോസ്ഓവര്‍ സ്‌റ്റൈലിലാകും കോംപാക്ട് കാര്‍ പുറത്തിറങ്ങുകയെന്നും രൂപകല്പനയിലും സവിശേഷതകളിലും പ്രീമിയം വിപണിക്കൊത്തതാകും പുതിയ മോഡലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ മോഡല്‍ ഒരു കുടുംബ വാഹനമാണെന്നും ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പില്‍ ലഭ്യമാകുമെന്നും വൈകെ കൂ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഡല്‍ ഏതാണെന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നേരത്തെ നിര്‍മാണം അവസാനിപ്പിച്ച ജനപ്രിയ മോഡല്‍ i10-ന് പകരക്കാരനായാകും പുത്തന്‍ സാന്‍ട്രോ എന്നാണ് സൂചന.

പഴയ സാൻട്രോയിലുണ്ടായിരുന്ന നാലു സിലിണ്ടർ എപ്സിലൊൺ എൻജിന്റെ പരിഷ്കൃത രൂപമാവും കാറിനു കരുത്തേകുക. എൻജിന്റെ ശേഷി 1.2 ലീറ്ററായി ഉയർത്തുന്നതിനൊപ്പം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കൈവരിക്കാനും ഹ്യുണ്ടേയ് ശ്രമിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പനി ആദ്യമായി വികസിപ്പിച്ച ‘ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ഈ കാറിലൂടെ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ.

നേരത്തെ ഹ്യുണ്ടായി അവതരിപ്പിച്ച കോംപാക്ട് കാറുകളെക്കാള്‍ നീളവും വീതിയും ഈ പുതിയ മോഡലിന് കൂടുതലുണ്ടാകും. മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും 1.0 ലിറ്റര്‍/1.1 ലിറ്റര്‍ എഞ്ചിനില്‍ പുത്തന്‍ സാന്‍ട്രോ നിരത്തിലെത്താനാണ് സാധ്യത. എകദേശം 4-6 ലക്ഷത്തിനുള്ളിലാകും വിപണി വിലയെന്നും വാഹനത്തിന്റെ മറ്റ് ഫീച്ചേര്‍സുകള്‍ അധികം വൈകാതെ കമ്പനി പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1998ലാണ് മാരുതി സുസുക്കിക്ക് വെല്ലുവിളി ഉയര്‍ത്തി ടോള്‍ബോയ് ഡിസൈനില്‍ സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനത്തിന്‍റെ നിര്‍മ്മാണം  2014-ല്‍ ഹ്യുണ്ടായി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴും വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഈ ഹാച്ച്ബാക്കിന്റെതെന്നതാണ് രസകരമായ കാര്യം. ഒരു മാസം ഏകദേശം 2000 യൂണിറ്റ് എന്ന നിലയില്‍ ചൂടപ്പം പോലെ വിറ്റു പോയിരുന്ന വാഹനത്തെ ഹ്യുണ്ടായി തിരികെ വിളിച്ചതിനു പിന്നിലെ രഹസ്യം അടുത്തിടെ വെളിപ്പെടുത്തിയത് വാഹനത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറു കൂടിയായ ഷാരൂഖ് ഖാനാണ്. സുരക്ഷാ പ്രശ്നങ്ങള്‍ മൂലമാണ് വാഹനം പിന്‍വലിച്ചതെന്നാണ് ഷാരൂഖ് തുറന്നുപറഞ്ഞത്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഫോക്‌സ്‌വാഗൺ ഡിസംബർ വിലക്കിഴിവ് വിവരങ്ങൾ
ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം! 80 കിലോമീറ്റർ വേഗതയിലും ഇനി ടോൾ പ്ലാസകൾ കടക്കാം