ക്യാമറക്കണ്ണില്‍ വീണ്ടും കുടുങ്ങി ആ അഡാറ് ഥാര്‍!

By Web TeamFirst Published Feb 8, 2019, 2:38 PM IST
Highlights

മഹീന്ദ്ര അവതരിപ്പിക്കാനൊരുങ്ങുന്ന പുതുതലമുറ ഥാറിന്റെ പരീക്ഷണ ഓട്ട ദൃശ്യങ്ങള്‍ വീണ്ടും പുറത്ത്. ഹിമാചല്‍ പ്രദേശിലെ കുളു മേഖലയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ 4x4 ഗ്രൂപ്പാണ് പുറത്തുവിട്ടത്.  

മഹീന്ദ്ര അവതരിപ്പിക്കാനൊരുങ്ങുന്ന പുതുതലമുറ ഥാറിന്റെ പരീക്ഷണ ഓട്ട ദൃശ്യങ്ങള്‍ വീണ്ടും പുറത്ത്. ഹിമാചല്‍ പ്രദേശിലെ കുളു മേഖലയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ 4x4 ഗ്രൂപ്പാണ് പുറത്തുവിട്ടത്.  കോയമ്പത്തൂരിലും പഞ്ചാബിലും നടന്ന പരീക്ഷമയോട്ടങ്ങളില്‍ നിന്നായി വാഹനത്തിന്റെ ഓവറോള്‍ രൂപം കൂടുതല്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളോടെ അടിമുടി പരിഷ്‍കരിച്ച് എത്തുന്ന പുത്തന്‍ ഥാര്‍ 2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ;ചിലപ്പോള്‍ ഈ വര്‍ഷം അവസാനം നിരത്തിലെത്തിയേക്കുമെന്നും സൂചനകളുണ്ട്. മഹീന്ദ്ര അടുത്തിടെ സ്വന്തമാക്കിയ പെനിന്‍ഫിരയും സാങ് യോങ്ങും മഹീന്ദ്രയും ചേര്‍ന്നു ഡിസൈന്‍ നിര്‍വഹിക്കുന്ന വാഹനം അടിമുടി മാറ്റങ്ങളോടെയാണ് എത്തുന്നത്. മഹീന്ദ്ര വികസിപ്പിച്ച പുതിയ ലാഡര്‍ ഫ്രെയിം ഷാസി പ്ലാറ്റ്ഫോമിലായിരിക്കും ഥാർ പുറത്തിറങ്ങുക. നിലവിലെ വാഹനത്തെക്കാളും നീളം കൂടുതലായിരിക്കും പുതിയ ഥാറിന്. 

ബോഡിയുടെ ദൃഢത കൂട്ടിയത് ക്രാഷ് ടെസ്റ്റില്‍ വിജയിക്കാന്‍ സഹായിക്കും. സുരക്ഷയ്ക്കായി ഡ്യുവല്‍ ഫ്രണ്ട്  എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ ഥാറിലുണ്ടാകും. പഴയ ഥാറിനെക്കാള്‍ നീളവും വീതിയും അല്‍പം കൂടുതലാണ് പുത്തന്‍ വാഹനത്തിന്.

ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനത്തിന് ലക്ഷ്വറിയും ഓഫ് റോഡിങ് കരുത്തും ഒരുപോലെ നല്‍കാനാണ് നീക്കം. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ സാങ്കേതിക വിദ്യകളും കാറിലുണ്ടാകും. എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍  ബിഎസ് 6 നിലവാരത്തില്‍ കൂടുതല്‍ കരുത്തുറ്റ എന്‍ജിനും ഥാറിലുണ്ടാകും. 2.5 എംഹോക്ക് ഡീസല്‍ എന്‍ജിന്‍ കൂടാതെ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും പുതിയ ഥാറിലുണ്ടാകുമെന്നാണ് കരുതുന്നത്.

2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്.  2015ലാണ് വാഹനത്തിന്‍റെ  ഒടുവിലെ ഫെയ്സ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്. ഡാഷ് ബോർഡിനും സീറ്റിനും ബോഡിക്കും ചെറിയ മാറ്റങ്ങളായിരുന്നു അന്ന് മഹീന്ദ്ര നല്‍കിയത്. ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഗൂർഖ മോഡലാണ് നിരത്തില്‍  ഥാറിന്‍റെ പ്രധാന എതിരാളി. 

click me!