സിയാസും എര്‍ട്ടിഗയും വിലവര്‍ദ്ധനവില്‍ നിന്നും കഷ്‍ടിച്ച് രക്ഷപ്പെട്ടു!

By Web DeskFirst Published Sep 19, 2017, 10:49 PM IST
Highlights

അടുത്തിടെ ചരക്കു സേവന നികുതി(ജി എസ് ടി)യുടെ സെസ് നിരക്കുകൾ പരിഷ്കരിച്ചപ്പോള്‍ പല എസ്‍യുവി മോഡലുകള്‍ക്കും വില കുത്തെനെ കൂടിയെങ്കിലും മാരുതി സുസുക്കിയുടെ സിയാസും എര്‍ട്ടിഗയും വിലവര്‍ദ്ധനവില്‍ നിന്നും കഷ്‍ടിച്ച് രക്ഷപ്പെട്ടു.  ഡീസൽ സിയാസിലെ സ്മാർട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി(അഥവാ എസ് എച്ച് വി എസ്) സാങ്കേതികവിദ്യയാണ്  കാറിനെ വിലക്കയറ്റത്തിൽ നിന്നു രക്ഷിച്ചെടുത്തത്. ഹൈബ്രിഡ് മോഡലുകൾക്ക് ബാധകമായ 43% നികുതി(28% ജി എസ് ടിയും 15% സെസും) മാത്രമാണ് ഡീസൽ സിയാസിന് ഈടാക്കുന്നത്.

സമാന സാങ്കേതികവിദ്യയുള്ള എം പി വി എർട്ടിഗയുടെ ഡീസൽ വകഭേദങ്ങളും പുതിയ നികുതി വർധനയിൽ നിന്നു രക്ഷപ്പെട്ടു. എന്നാല്‍ ഇരുവാഹനങ്ങളുടെയും പെട്രോള്‍ മോഡലുകള്‍ക്ക് വില വര്‍ദ്ധിച്ചു. സിയാസിന്റെ പെട്രോൾ പതിപ്പിനൊപ്പം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ എസ് ക്രോസിനും വില വര്‍ദ്ധിച്ചു. എസ് ക്രോസിന്റെ സെസ് നിരക്ക് ഏഴു ശതമാനമാണ് ഉയരുന്നത്. ഇതോടെ വാഹന വിലയിൽ 40,000 മുതൽ 60,000 രൂപയുടെ വരെ വർധന പ്രതീക്ഷിക്കാം.

സാധാരണ ഗതിയിൽ കാറുകൾക്ക് 28% ജി എസ് ടിയും 15% അധിക സെസുമാണ് ഈടാക്കിയിരുന്നത്. എന്നാൽ വലിയ കാറുകൾ, എസ് യു വികൾ, ആഡംബര കാറുകൾ എന്നിവയ്ക്ക് അധിക സെസ് ഈടാക്കാനുള്ള ജി എസ് ടി കൗൺസിൽ ശുപാർശ കേന്ദ്ര സർക്കാർ സ്വീകരിക്കുകയായിരുന്നു.

വലിയ കാറുകൾക്കും എസ് യു വികൾക്കും ആഡംബര വാഹനങ്ങൾക്കുമെല്ലാമുള്ള സെസ് ഇപ്രകാരം ഉയർത്തിയതോടെ ഇന്ത്യയിൽ നാലു മീറ്ററിലേറെ നീളമുള്ള വാഹനങ്ങൾക്കെല്ലാം വിലയേറും. ഹ്യുണ്ടേയ്, ഹോണ്ട, ടൊയോട്ട, ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ തുടങ്ങിയവര്‍ വില വർധന പ്രഖ്യാപിച്ചു കഴിഞ്ഞു.

click me!