കാറ്റിന്‍റെ ചിറകിലേറി വേഗതയില്‍ റെക്കോഡിട്ട് യാത്രാ വിമാനം!

By Web DeskFirst Published Jan 22, 2018, 2:36 PM IST
Highlights

ആ വിമാനം കുതിച്ച വേഗം കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും. മണിക്കൂറില്‍ 1248 കിലോമീറ്റര്‍ വേഗത. എന്നാല്‍ ആ വേഗതയ്ക്കു സഹായിച്ചത് വിമാനത്തിന്‍റെ സാങ്കേതികവിദ്യയൊന്നുമല്ലെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. പിന്നെങ്ങനെയെന്നല്ലേ? വീശിയടിച്ച കാറ്റിന്‍റെ കരുത്തിനൊപ്പമാണ് ആ യാത്രാവിമാനം റെക്കോഡിലേക്ക് പറന്നുകയറിയത്.

ന്യൂയോർക്ക് മുതൽ ലണ്ടൻവരെയുള്ള ദൂരം 5 മണിക്കൂർ 15 മിനിട്ട് കൊണ്ടാണ് നോർവീജിയൻ ബോയിംഗ് 787–9 ഡ്രീംലൈനര്‍ പിന്നിട്ടത്. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്നും പറന്നുയര്‍ന്ന ഡ്രീലൈനർ 202 മൈൽ വേഗതയിൽ ലഭിച്ച കാറ്റിന്റെ സഹായത്തോടെയാണ് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലെത്തിയത്. അങ്ങനെ മണിക്കൂറിൽ 776 മൈൽ (ഏകദേശം 1248 കി.മീ) വേഗം കൈവരിച്ച് അറ്റ്ലാന്റിക്കിന് കുറുകെ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന വിമാനം എന്ന റെക്കോർഡും ബോയിംഗ് 787–9 ഡ്രീംലൈനർ സ്വന്തമാക്കി.

സാധാരണ ആറു മണിക്കൂറിലധികം സമയമെടുക്കുന്ന സഞ്ചാരപാതയിലൂടെ ഒരു മണിക്കൂറോളം നേരത്തെയാണ് വിമാനമെത്തിയത്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിൽ വച്ച് ജെറ്റ് സ്ട്രീം സൃഷ്ടിച്ച അസാധാരണ വായുമർദ്ദത്തിന്റെ ഫലമായാണ് സർവീസ് നിശ്ചയിച്ചതിലും നേരത്തേ എത്താനായത്.

2015ൽ ഇതേ പാതയിൽ ഒരു യാത്രാവിമാനം 5 മണിക്കൂർ 16 മിനിട്ടിൽ സഞ്ചരിച്ച റെക്കോർഡാണ് ബോയിങ് 787–9 തകർത്തത്.  1996ൽ ഒരു ശബ്ദാതിവേഗ വിമാനം ഇതേദൂരം പിന്നിട്ടത് ഏകദേശം 2 മണിക്കൂർ 52 മിനിട്ട് 59 സെക്കൻഡ് കൊണ്ടാണ്. ഇടയ്ക്ക് എയർ ടർബുലൻസ് ഉണ്ടായിരുന്നില്ലെങ്കിൽ ഇതിലും വേഗത്തിൽ പറക്കാൻ കഴിയുമായിരുന്നുവെന്നാണ് ഡ്രീംലൈനിന്‍റെ ക്യാപ്റ്റൻ ഹാരോൾഡ് വാൻ ഡാം പറയുന്നത്.

 

click me!