നമ്പര്‍ പ്ലേറ്റുകളില്‍ അലങ്കാരപ്പണി നടത്തുന്നവര്‍ ജാഗ്രതൈ!

By Web TeamFirst Published Oct 10, 2018, 9:51 AM IST
Highlights

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ അലങ്കരിച്ചു വിവിധ രീതികളില്‍ എഴുതുന്നവര്‍ക്ക് എതിരെ കര്‍ശന നീക്കങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ അലങ്കരിച്ചു വിവിധ രീതികളില്‍ എഴുതുന്നവര്‍ക്ക് എതിരെ കര്‍ശന നീക്കങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. അവ്യക്തത ഉണ്ടാക്കുന്ന എഴുത്തുകള്‍ തടയാനാണ് പരിശോധന ഊര്‍ജിതമാക്കുന്നത്. 

ഇത്തരത്തില്‍ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചു നല്‍കുന്നവരെയും വാഹന ഡീലര്‍മാരെയും പിടികൂടും. ഇതിനൊപ്പം റോഡ് പരിശോധന നടത്തി പിഴ ഈടാക്കും.  ഇവരില്‍ നിന്നും 2000 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന നിയമം 177-ാം വകുപ്പിന് പുറമെ 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് പിഴ ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. 
ബൈക്കുകളിലെ നമ്പര്‍ പ്ലേറ്റുകളിലാണ് ഇത്തരത്തിലുള്ള അലങ്കാരപ്പണികള്‍ കൂടുതലായി കണ്ടുവരുന്നത്. നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും മങ്ങി ഇരിക്കുക തുടങ്ങിയവയും കുറ്റകരമാണ്. നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ ഈടാക്കുക. 

ഇങ്ങനെയുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോയാല്‍ നമ്പര്‍ തിരിച്ചറിയാന്‍ ദൃക്സാക്ഷികള്‍ക്ക് സാധിക്കാറില്ല. ചില വാഹനങ്ങളില്‍ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകളിലെ വ്യത്യസ്ത ശൈലികള്‍ കാരണം വായിച്ചെടുക്കാന്‍ പൊലീസും സാധിക്കാറില്ല.

നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം. മോട്ടോര്‍ കാര്‍, ടാക്സി കാര്‍ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റ് വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം എന്നുമാണ് നിയമം.
 

click me!