'മാന്ദ്യത്തിന് കാരണം ഊബറും ഒലയുമല്ല'; ധനമന്ത്രിക്ക് മറുപടിയുമായി മാരുതി സുസുകി

By Web TeamFirst Published Sep 12, 2019, 11:39 AM IST
Highlights

ആളുകള്‍ കാറ് വാങ്ങാതെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും ഇതാണ് വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. 

ദില്ലി: ഊബര്‍, ഒല ഓണ്‍ലൈന്‍ ടാക്സി സര്‍വീസാണ് വാഹന വിപണിയിലെ മാന്ദ്യത്തിന് കാരണമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രസ്താവനക്ക് മറുപടിയുമായി മാരുതി സുസുകി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ. നിലവിലെ വിപണി മാന്ദ്യത്തിന് ഒലയും യൂബറും ശക്തമായ കാരണമാണെന്ന് പറയാനാകില്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.

വ്യാപാര മാന്ദ്യത്തെക്കുറിച്ച് പഠിക്കുകയാണെന്നും കൃത്യമായ കാരണം ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ് 6-7 വര്‍ഷമായി ഓണ്‍ലൈന്‍ ടാക്സി സജീവമാണ്. ഓണ്‍ലൈന്‍ ടാക്സികള്‍ സജീവമായതിന് ശേഷവും വാഹനവിപണിയില്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളേ വാഹന വിപണിയില്‍ ഇടിവ് സംഭവിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ ഓണ്‍ലൈന്‍ ടാക്സി വളരെ സജീവമാണ്. പക്ഷേ വാഹന വിപണിക്ക് തിരിച്ചടിയേറ്റിട്ടില്ല. ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവരില്‍ 46 ശതമാനവും ആദ്യമായി ഉപയോഗിക്കുന്നവരാണ്. ഓഫിസില്‍ പോകാനായാണ് മിക്കവരും ഒല, യൂബര്‍ ടാക്സികളെ ആശ്രയിക്കുന്ന വാരാന്ത്യങ്ങളിലും അവധിയിലും കുടുംബവുമൊത്ത് സ്വന്തം കാറിലാണ് മിക്കവരും യാത്ര ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. പണലഭ്യതയിലെ കുറവും വിലക്കയറ്റം, ഉയര്‍ന്ന നികുതി എന്നിവയായിരിക്കാം ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. 

ആളുകള്‍ കാറ് വാങ്ങാതെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും ഇതാണ് വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

click me!