കോടിയേരിയുടെ ആഢംബര കാര്‍ യാത്ര; പുലിവാല് പിടിച്ച് സിനിമാ താരങ്ങള്‍

Published : Oct 30, 2017, 11:08 AM ISTUpdated : Oct 04, 2018, 07:45 PM IST
കോടിയേരിയുടെ ആഢംബര കാര്‍ യാത്ര; പുലിവാല് പിടിച്ച് സിനിമാ താരങ്ങള്‍

Synopsis

എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രതാ യാത്രയുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ആഢംബര കാര്‍ യാത്ര വിവാദത്തിന്‍റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‍ത മിനി കൂപ്പറില്‍ കയറി കോടിയേരി പിടിച്ച പുലിവാല്‍ ഇപ്പോള്‍ ചില പ്രമുഖ സിനിമാ താരങ്ങളുടെ കൂടെ ഉറക്കം കെടുത്തി തുടങ്ങിയിരിക്കുന്നു. കാരണം പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത നടീ നടന്മാരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. നികുതി വെട്ടിപ്പിനൊപ്പം ഈ രജിസ്ട്രേഷനുകള്‍ വ്യാജപേരിലാണെന്നുമാണ് ഗുരുതരമായ ആരോപണം.

തെന്നിന്ത്യന്‍ താരം അമലാപോള്‍, യുവനടന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്ത വിവരം മാതൃഭൂമി ന്യൂസാണ് പുറത്തു വിട്ടിരിക്കുന്നത്. ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 ആഡംബര കാര്‍ ബെന്‍സ് ഇ പോണ്ടച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് വാര്‍ത്ത. അമലാ പോളിന്‍റെ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് പോണ്ടിച്ചേരിയില്‍ വ്യാജപേരില്‍ രജിസ്റ്റര്‍ ചെയ്‍തെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഫഹദിനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നത്.

20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍  പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ കോടിയേരി സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെയുള്ളവ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്ഥിരമായി കേരളത്തില്‍ ഉപയോഗിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

മാത്രമല്ല പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്‍ത താരങ്ങള്‍ ചെയ്‍തത് ക്രിമിനല്‍ കുറ്റമാണ്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നാണ് ആരോപണം. ഫഹദ് ഫാസിലിന്‍റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍ എന്നതാണ് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.


കഴിഞ്ഞ വര്‍ഷം നടനും രാജ്യസംഭാംഗവുമായ സുരേഷ് ഗോപിക്കെതിരെയും സമാന ആരോപണം ഉയര്‍ന്നിരുന്നു. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7ന്‍  സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വിവാദമായത്. എന്നാല്‍ തനിക്ക് പോണ്ടിച്ചേരിയില്‍ അഡ്രസുണ്ടെന്നും അതിനാല്‍ കുഴപ്പമില്ലെന്നും എംഎല്‍എയായ മുകേഷിന്റെ വണ്ടി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതു പോണ്ടിച്ചേരിയിലാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപിയുടെ പ്രതികരണം.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ലഗേജ് ഇനി തലവേദനയല്ല; ഇതാ വലിയ ബൂട്ട് സ്പേസുള്ള വില കുറഞ്ഞ കാറുകൾ
ടാറ്റയുടെ പടയൊരുക്കം: വരുന്നത് പുതിയ പഞ്ച് ഉൾപ്പെടെ നാല് അതിശയിപ്പിക്കും എസ്‌യുവികൾ