'കള്ളവണ്ടി' കയറുന്നവര്‍ക്ക് 'പൂട്ട്'; 3 വര്‍ഷത്തിനിടെ റെയില്‍വേ ഈടാക്കിയ പിഴ 1377 കോടി

By Web TeamFirst Published Aug 26, 2019, 5:38 PM IST
Highlights

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ പിടിക്കപ്പെടുന്നവരില്‍ നിന്ന് ടിക്കറ്റ് നിരക്കിന് പുറമെ 250 രൂപ വരെയാണ് കുറഞ്ഞ പിഴയായി ഈടാക്കുന്നത്.

ദില്ലി: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടി പിഴ ഈടാക്കുന്നതിലൂടെ റെയില്‍വേയ്ക്ക് ലഭിച്ച വരുമാനത്തില്‍ വന്‍ വര്‍ധനവ്. മൂന്ന് വര്‍ഷത്തിനിടെ 31 ശതമാനം വരുമാനം ഇത്തരത്തില്‍ വര്‍ധിച്ചു. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 1377 കോടി രൂപയാണ് റെയില്‍വേക്ക് ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

2016- 17 കാലയളവില്‍ റെയില്‍വേയുടെ സാമ്പത്തിക കണക്കുകള്‍ വിലയിരുത്തിയ പാര്‍ലമെന്‍ററി സമിതിയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ റെയില്‍വേയ്ക്ക് വരുത്തിവെക്കുന്ന നഷ്ടം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ റെയില്‍വേ വിവിധ സോണുകള്‍ക്കും ടിടിഇമാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

2016- 17 കാലഘട്ടത്തില്‍ പിഴയിനത്തില്‍ 405.30 കോടി രൂപയാണ്  ലഭിച്ചതെന്ന് മധ്യപ്രദേശിലെ വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയില്‍ റെയില്‍വേ അറിയിച്ചു. 2017 -18 ല്‍ 441.62 കോടി രൂപ പിഴയിനത്തില്‍ ലഭിച്ചപ്പോള്‍ 2018-19 ല്‍ ഇത് 530.06 കോടിയായി.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ പിടിക്കപ്പെടുന്നവരില്‍ നിന്ന് ടിക്കറ്റ് നിരക്കിന് പുറമെ 250 രൂപ വരെയാണ് കുറഞ്ഞ പിഴയായി ഈടാക്കുന്നത്. പിഴ അടക്കാന്‍ വിസമ്മതിക്കുകയോ പണം കൈവശമില്ലാതിരിക്കുകയോ ചെയ്താല്‍ ഇവരെ ആര്‍പിഎഫിന് കൈമാറും. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയാല്‍ 1000 രൂപ പിഴ അടക്കേണ്ടി വരും. പണംനല്‍കിയില്ലെങ്കില്‍ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 
 

click me!