
ദില്ലി: വാഹനപ്രേമികള്‍ ഏറെ കാത്തിരുന്ന പെഗാസസ് ക്ലാസ്സിക് 500ന്റെ ബുക്കിങ്ങിനായുള്ള തിരക്കിനിടെ റോയല്‍ എന്‍ഫീല്‍ഡിന്റെ സൈറ്റ് തകരാറിലായി. രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന ഫ്ലൈയിങ്ങ് ഫ്ലീ എന്ന മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇറക്കുന്ന ഈ ലിമിറ്റഡ് എഡിഷന്‍ മോഡലാണ് പെഗാസസ് ക്ലാസ്സിക് 500. ബുക്കിങ് ആരംഭിച്ച കുറഞ്ഞ സമയത്തിനുള്ളില്‍ പ്രതീക്ഷിച്ചതിലും അധികം ആളുകളാണ് എന്‍ഫീല്‍ഡിന്റെ സൈറ്റിലേക്കെത്തിയത്.
ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ ആയിരുന്നു ബുക്കിങ് ക്രമീകരിച്ചിരുന്നത്. പെഗാസസ് ക്ലാസിക് മോഡലിലുള്ള 250 ബുള്ളറ്റുകളാണ് ഇന്ത്യയില്‍ ലഭ്യമാകുക. സൈറ്റ് തകരാറിലായതോടെ ബുക്കിങ് സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
സര്‍വീസ് ബ്രൌണ്‍, ഒലിവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ആണ് പെഗാസസ് 500 ഇറങ്ങുന്നതെങ്കിലും ഇന്ത്യയില്‍ ബ്രൌണ്‍ നിറത്തിലുള്ളത് മാത്രമാണ് ലഭ്യമാകുക. ഒലിവ് ഗ്രീന്‍ സൈന്യത്തിന്‍റെ വണ്ടികളുടെ നിറമായതിനാലാണ് ഇതെന്നാണ് സൂചന. 2 ലക്ഷം രൂപയാണ് പെഗാസസ് 500 ന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില. സാധാരണ ബുള്ളറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഫ്യുവല്‍ ടാങ്കിലും പട്ടാള ശൈലിയിലുള്ള ക്യാന്‍വാസ് ബാഗുകളിലും പെഗാസസ് ലോഗോ ഉണ്ടാകും. ടാങ്കില്‍ പ്രത്യേക സീരിയല്‍ നമ്പറും ഉണ്ടായിരിക്കും.
കൂടാതെ കറുപ്പ് നിറത്തിലുള്ള സൈലന്‍സറും, ബ്രൌണ്‍ ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്പുകളും ഫ്ലൈയിങ്ങ് ഫ്ലീയിലേതു പോലുള്ള ടാങ്ക് ബാഡ്ജും പെഗാസസിനെ മാറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. എയര്‍ഫില്‍റ്ററിനെ വരിഞ്ഞു മുറുക്കുന്ന തുകല്‍വാറും, പിച്ചളയിലുള്ള ബക്കിളും പെഗസസിന്‍റെ പ്രത്രേകതയാണ്. 499 സി സി എയര്‍ കൂള്‍ഡ് സിങ്കിള്‍ എഞ്ചിൻ കരുത്തില്‍ എത്തുന്ന പെഗാസസ് 500, 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുമേകും.
രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരാട്രൂപ്പേഴ്സ് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് RE/WD 250 (ഫ്ലൈയിങ്ങ് ഫ്ലീ) എന്ന മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസ് ഇറക്കുന്നത്. 59 കിലോ മാത്രം ഭാരമുണ്ടായിരുന്ന ഫ്ലൈയിങ്ങ് ഫ്ലീയാണ് ബ്രിട്ടീഷ് ആര്‍മി യുദ്ധമുഖത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. വെസ്റ്റ് വുഡിലെ ഭൂഗര്‍ഭ അറയില്‍ നിര്‍മിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ വിമാനത്തില്‍ നിന്നും പാരച്യുട്ട് ഉപയോഗിച്ചാണ് യുദ്ധഭൂമിയില്‍ എത്തിച്ചിരുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.