വൈദ്യുത വാഹനങ്ങളെക്കുറിച്ച് സച്ചിൻ പറയുന്നത്!

By Web DeskFirst Published Jul 4, 2017, 7:39 PM IST
Highlights

വൈദ്യുത വാഹനങ്ങളെ പിന്തുണച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. രാജ്യത്ത് 2030ൽ പൂർണമായും വൈദ്യുത വാഹനങ്ങൾ മാത്രമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് സച്ചിൻ പിന്തുണ പ്രഖ്യാപിച്ചതായി പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇന്ത്യയെ 2030 ആകുമ്പോഴേക്ക് വൈദ്യുത കാറുകൾ മാത്രമുള്ള രാജ്യമായി പരിവർത്തനം ചെയ്യാനുള്ള ഉദ്യമം ശരിയായ ദിശയിലുള്ള ചുവടുവയ്പാണെന്ന്  വിലയിരുത്തിയ സച്ചിന്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള മാറ്റത്തെ ഏകദിന മത്സരത്തിലെ ബാറ്റിങ് പോലെയല്ല, മറിച്ചു  ടെസ്റ്റ്  ഇന്നിങ്സ് പോലെ വേണം പരിഗണിക്കാനെന്നും അഭിപ്രായപ്പെട്ടു.

ഭൂമിയെ സംരക്ഷിക്കുക എന്നതു സുപ്രധാനമാണെന്നും അതു നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും വരുംതലമുറയ്ക്കു കുറച്ചു കൂടി മികച്ച നിലയിലുള്ള ഭൂമി കൈമാറാൻ നാം ശ്രമിക്കണമെന്നും സച്ചിന്‍ പറഞ്ഞു.

പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനങ്ങളുടെ വികസനം സങ്കീർണമായ പ്രക്രിയയാണെന്നും ശരിയായ ദിശയിലുള്ള നടപടികൾ ഏതെങ്കിലും ഘട്ടത്തിൽ ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഭൂമിയെ സംരക്ഷിക്കാൻ ഇപ്പോഴുള്ള തലമുറയ്ക്കു ബാധ്യതയുണ്ട്. ഈ ഗ്രഹത്തെ കുറച്ചുകൂടി മികച്ച നിലയിൽ ഭാവി തലമുറകൾക്കു കൈമാറണം.

ഈ രംഗത്ത് ഉടനടി ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതും അർഥശൂന്യമാണെന്നും  ഇത്തരം പരിവർത്തനങ്ങൾ ഏറെ സമയമെടുക്കുമെന്ന് എല്ലാവരും ഓർക്കണമെന്നും പറഞ്ഞ സച്ചിന്‍  ശരിയായ ദിശയിൽ നീങ്ങിയാൽ ഫലം സ്വയം കൈവരുമെന്നും ഉറപ്പു പറയുന്നു. ബി എം ഡബ്ല്യുവിന്റെ ‘ഐ എയ്റ്റ്’ ഹൈബ്രിഡ് ഓടിച്ചു നോക്കാൻ ലഭിച്ച അവസരം ഓർമിപ്പിച്ച് സാധാരണ എൻജിനുകളെ പോലുള്ള പ്രകടനക്ഷമത ഉറപ്പു നൽകാൻ വൈദ്യുത വാഹനങ്ങൾക്കു കഴിയുമെന്നും വിശദീകരിച്ചു.

 

click me!