പിതാവിന്റെ ഇത്തരം തുറന്നുപറച്ചിലുകൾ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'അച്ഛാ, ഇത് ശരിയല്ല; എന്ന് താൻ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും യുവരാജ് വെളിപ്പെടുത്തി.
മുംബൈ: പിതാവ് യോഗ്രാജ് സിംഗ് നടത്തിയ വിവാദപരമായ പരാമർശങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ എം.എസ്. ധോണിയോടും കപിൽ ദേവിനോടും പരസ്യമായി ക്ഷമ ചോദിച്ച് മുൻ താരം യുവരാജ് സിംഗ്. ധോണിക്കും കപില്‍ ദേവിനുമെതിരെ വർഷങ്ങളായി തുടരുന്ന യോഗ്രാജ് സിംഗിന്റെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കുമാണ് സ്പോര്‍ട്സ് ടോക് പോഡ്കാസ്റ്റില്‍ യുവരാജ് പരസ്യമായി ക്ഷമ ചോദിച്ചത്.
എനിക്ക് കപിൽ ദേവിനോടും എം.എസ്. ധോണിയോടും ക്ഷമ ചോദിക്കണം എന്നാണ് വീഡിയോയില്‍ യുവരാജ് പറയുന്നത്. പിതാവിന്റെ ഇത്തരം തുറന്നുപറച്ചിലുകൾ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'അച്ഛാ, ഇത് ശരിയല്ല; എന്ന് താൻ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും യുവരാജ് വെളിപ്പെടുത്തി.
യുവരാജ് സിംഗിനെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയത് ധോണിയാണെന്ന് ആരോപിച്ച് പലതവണ യോഗ്രാജ് സിംഗ് രംഗത്തെത്തിയിരുന്നു. എന്നാൽ അടുത്തിടെ മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സന്ദീപ് പാട്ടീൽ ഈ ആരോപണം തള്ളിയിരുന്നു. യുവരാജിനെ മാറ്റിയത് സെലക്ടർമാരുടെ തീരുമാനമായിരുന്നുവെന്നും അതിൽ ധോണിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
1980-കളിൽ തന്നെ ടീമിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ കപിൽ ദേവാണെന്നായിരുന്നു യോഗ്രാജ് സിംഗിന്റെ മറ്റൊരു ആരോപണം. കപിൽ ദേവിനെ തോക്കുമായി പോയി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് വരെ യോഗ്രാജ് സിംഗ് അവകാശപ്പെട്ടിരുന്നു. എന്നാൽ 'ആരാണ് യോഗ്രാജ് സിംഗ്?' എന്ന മറുചോദ്യത്തിലൂടെ കപിൽ ദേവ് ഈ വിവാദങ്ങളെ തള്ളിക്കളയുകയായിരുന്നു.
പിതാവ് നിരന്തരം ധോണിയെ വേട്ടയാടുമ്പോഴും യുവരാജ് ധോണിയുമായി നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. 2017-ൽ തന്റെ കരിയറിനെക്കുറിച്ച് ധോണി കൃത്യമായ വ്യക്തത നൽകിയിരുന്നുവെന്നും, ടീം മാനേജ്മെന്റിന്റെ ഭാവി പദ്ധതികളിൽ തന്നെ ഉൾപ്പെടുത്തുന്നില്ലെന്ന് ധോണി തുറന്നു പറഞ്ഞത് 2019-ൽ വിരമിക്കൽ തീരുമാനം എളുപ്പമാക്കാൻ സഹായിച്ചുവെന്നും മുൻപ് യുവരാജ് വെളിപ്പെടുത്തിയിട്ടുണ്ട്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പോഡ്കാസ്റ്റിൽ വിരാട് കോലി, രോഹിത് ശർമ്മ, സഞ്ജു സാംസൺ, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, യുവതാരം വൈഭവ് സൂര്യവംശി എന്നിവരെക്കുറിച്ചും യുവരാജ് സംസാരിക്കുന്നുണ്ട്.
