തൊഴിലാളികള്‍ക്ക് ദീപവാലി സമ്മാനമായി 600 കാറുകള്‍ നല്‍കി ഒരു മുതലാളി!

By Web TeamFirst Published Oct 26, 2018, 9:01 AM IST
Highlights

ദീപാവലിക്ക് തന്‍റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് 600 കാറുകള്‍ നല്‍കി അദ്ഭുതപ്പെടുത്തി ഒരു ബിസിനസുകാരന്‍. സൂററ്റിലെ വജ്രവ്യാപാരിയും ശ്രീ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ട് ഉടമയുമായ സാവ്‌ജി ധോലാക്യയാണ് ഈ അദ്ഭുത മനുഷ്യന്‍.
 

ദീപാവലിക്ക് തന്‍റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് 600 കാറുകള്‍ നല്‍കി ഒരു ബിസിനസുകാരന്‍. സൂററ്റിലെ വജ്രവ്യാപാരിയും ശ്രീ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ട് ഉടമയുമായ സാവ്‌ജി ധോലാക്യയാണ് ഈ അദ്ഭുത മനുഷ്യന്‍. അര്‍ഹതപ്പെട്ട 600 ജീവനക്കാര്‍ക്കാണ് ധോലാക്യ കാറുകള്‍ നല്‍കുന്നത്.  1500 ജീവനക്കാരില്‍ 600 പേര്‍ക്ക് കാറുകള്‍ ലഭിക്കുമ്പോള്‍ 900 പേര്‍ക്ക് സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഇതിനായി 50 കോടി രൂപയാണ് കമ്പനി നീക്കി വച്ചിരിക്കുന്നത്. 

ജീവനക്കാരില്‍ ഭിന്നശേഷിയുള്ള സ്ത്രീ അടക്കം നാല് പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാറിന്റെ താക്കോല്‍ കൈമാറുക. ഇതിനായി അവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പിന്നീട് വീഡിയോ കോണ്‍ഫറന്‍സ് വഴി മോദി സൂററ്റിലെ വരച്ഛയിലുള്ള കന്പനിയുടെ ആസ്ഥാനത്ത് ജീവനക്കാരെ അഭിസംബോധന ചെയ്യും.2011ലാണ് മികച്ച ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ആനുകൂല്യം നല്‍കുന്ന രീതി ആരംഭിച്ചത്. 2014ല്‍ ദീപാവലിയോട് അനുബന്ധിച്ച്‌ 700 ഫ്ളാറ്റുകളും 525 വജ്രാഭരണങ്ങളുമാണ് ദോലാക്യ സമ്മാനമായി നല്‍കിയത്.

ഗുജറാത്തിലെ അംറേലി ജില്ലയിലെ ദുധാല ഗ്രാമത്തില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ച്‌ അഞ്ചാം ക്ലാസുവരെ പഠിച്ച ധോലാക്യ കഠിന പരിശ്രമത്തിലൂടെയാണു തന്‍റെ കമ്പനി പടുത്തുയര്‍ത്തിയത്. ഇപ്പോള്‍ 6000 കോടി വാര്‍ഷിക വരുമാനമുള്ള കമ്പനിയാണ് ഹരികൃഷ്ണ എക്‌സ‌്പോര്‍ട്ടേഴ്സ്. 5500 തൊഴിലാളികളാണ് അവിടെ ജോലി ചെയ്യുന്നത്. നേരത്തെ,​ ജീവിതം എന്തെന്ന് പഠിക്കുന്നതിനായി മകന്‍ ദ്രവ്യയെ ഏഴായിരം രൂപ മാത്രം നല്‍കിയ ശേഷം കൊച്ചിയിലേക്ക് അയച്ച് സാവ്‌ജി ധോലാക്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

click me!