ഓട്ടോറിക്ഷകളില്‍ സീറ്റ് ബെല്‍റ്റും ഡോറുകളും നിർബന്ധമാക്കുന്നു!

By Web TeamFirst Published Dec 12, 2018, 6:12 PM IST
Highlights

ഓട്ടോറിക്ഷകളില്‍ സീറ്റ് ബെല്‍റ്റും ഡോറുകളും നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സാധാരണക്കാരന്‍റെ വാഹനമായ ഓട്ടോകളില്‍ പുതിയ നിരവധി സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. 
 

ദില്ലി: ഓട്ടോറിക്ഷകളില്‍ സീറ്റ് ബെല്‍റ്റും ഡോറുകളും നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സാധാരണക്കാരന്‍റെ വാഹനമായ ഓട്ടോകളില്‍ പുതിയ നിരവധി സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

യാത്രക്കിടയിലും അപകടഘട്ടങ്ങളിലും മറ്റും യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീഴുന്നത് തടയാന്‍ ഡോറുകള്‍, ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന പരിക്ക് കുറയ്ക്കാന്‍ സീറ്റ് ബെല്‍റ്റുകള്‍ തുടങ്ങിയവ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഓട്ടോകള്‍ക്ക് ഡോറുകള്‍ ഇല്ലാത്തതിനാല്‍ ചെറിയ അപകടമാണെങ്കില്‍ പോലും യാത്രക്കാര്‍ ഓട്ടോകളില്‍ നിന്ന് തെറിച്ചുവീണ് മാരകമായി പരിക്കേല്‍ക്കാറുണ്ട്. ഈ സാധ്യത ഇല്ലാതാക്കാനാണ് ഡോറുകള്‍ നിര്‍ബന്ധമാക്കുന്നത്. കാറുകളിലുള്ളതിന് സമാനമായി സീറ്റ് ബെല്‍റ്റ് വരുന്നതോടെ അപകട സമയത്ത്  ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും സാധിക്കും.  അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ സുരക്ഷാ സംവിധാനങ്ങള്‍ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനാണ് ആലോചന. 

സീറ്റ് ബെല്‍റ്റ്, ഡോര്‍ എന്നിവയ്ക്ക് പുറമേ ഇരട്ട ഹെഡ്‌ലാമ്പ്, പിന്‍നിരയില്‍ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ലെഗ് സ്‌പേസ്, ഡ്രൈവര്‍-പാസഞ്ചര്‍ സീറ്റുകള്‍ക്ക് കൃത്യമായ അളവ് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

29,351  ഓട്ടോറിക്ഷാ അപകടങ്ങളിലായി കഴിഞ്ഞ വര്‍ഷം മാത്രം 6762 ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞതെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍. 
 

click me!