ഈ കാറുകള്‍ വിറ്റു തീര്‍ന്നു!

By Web TeamFirst Published Oct 12, 2018, 5:04 PM IST
Highlights

ഇന്ത്യയ്ക്ക് ഈ വർഷം അനുവദിച്ച കോംപാക്ട് സെഡാന്‍ ഒക്ടേവിയ ആർ എസ് കാറുകൾ വിറ്റു തീർന്നതായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ

ഇന്ത്യയ്ക്ക് ഈ വർഷം അനുവദിച്ച കോംപാക്ട് സെഡാന്‍ ഒക്ടേവിയ ആർ എസ് കാറുകൾ വിറ്റു തീർന്നതായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ. അഞ്ഞൂറോളം വാഹനങ്ങളാണഅ വിറ്റു തീര്‍ന്നത്. ആദ്യം 300 ഒക്ടേവിയ ആർ എസ് ആയിരുന്നു ഈ വര്‍ഷം ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നത്. എന്നാൽ ആവശ്യക്കാരേറിയതോടെ അധികമായി 200 കാറുകൾ കൂടിഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഈ കാറുകളും വിറ്റു തീർന്നെന്നാണു കമ്പനി പ്രഖ്യാപിച്ചത്.   ഇനി ഈ വര്‍ഷം വാഹനത്തിനുള്ള ബുക്കിങ് സ്വീകരിക്കരുതെന്ന് സ്കോഡ ഡീലർമാർക്കു നിർദേശം നൽകിയതായാണ് റിപ്പോര്‍ട്ട്. 

2 ലീറ്റർ, നാലു സിലിണ്ടർ, ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 6,200 ആർ പി എമ്മിൽ 230 ബി എച്ച് പി വരെ കരുത്തും 1,500 — 4,600 ആർ പി എമ്മിൽ 350 എൻ എം വരെ ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും.  ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടുള്ള കാറിൽ ആറു സ്പീഡ്, ഇരട്ട ക്ലച്ച്, ഓട്ടമാറ്റിക് ഡി എസ് ജി ട്രാൻസ്മിഷനാണു ഗീയർബോക്സ്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കാറിന് വെറും 6.8 സെക്കൻഡ് മതി. മണിക്കൂറിൽ 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗം .

17 ഇഞ്ച് വീലുകൾ, പുത്തൻ ബംപർ, എക്സോസ്റ്റിന്റെ അഗ്രത്തിൽ സ്റ്റീൽ ടിപ്, ചെറു സ്പോയ്ലർ എന്നിവയാണു ബോഡി കിറ്റിലുള്ളത്. എൽ ഇ ഡി ഹെഡ്ലാംപ്, ടെയിൽ ലാംപ്, ഫോഗ് ലാംപ്, ഡേടൈം റണ്ണിങ് ലാംപ് തുടങ്ങിയവയും കാറിലുണ്ട്. 

ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, മിറർ ലിങ്ക് എന്നിവയ്ക്കൊപ്പം പിൻസീറ്റിൽ നിന്നു നിയന്ത്രണം സാധ്യമാക്കുന്ന ബോസ് കണക്ട് ആപ്ലിക്കേഷൻ സഹിതമുള്ള 9.2 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് ടച് സ്ക്രീനുമൊക്കെ ചേര്‍ന്നതാണ് ഇന്‍റീരിയര്‍. 

ഒൻപത് എയർബാഗ്, ഇ എസ് പി, പ്രഡിക്റ്റീവ് പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ട്രെയ്ലർ അസിസ്റ്റ്, ഡൈനാമിക് ഷാസി കൺട്രോൾ തുടങ്ങിയവ മികച്ച സുരക്ഷ ഉറപ്പാക്കുന്നു. 2017ൽ സ്കോഡ ഇന്ത്യയ്ക്ക് അനുവദിച്ച 250 കാറുകളും പ്രതീക്ഷിച്ചതിലും വേഗം വിറ്റുപോയിരുന്നു. 

click me!