
ഹൈവേയെ റണ്‍വേയാക്കി ആഗ്ര-ലഖ്നൗ എക്‌സ്‌പ്രസ്‍വേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ 20 വിമാനങ്ങള്‍ പറന്നിറങ്ങിയത് കഴിഞ്ഞദിവസമാണ്. സുഖോയ്, മിറാഷ്, ജാഗ്വാര്‍ യുദ്ധ വിമാനങ്ങള്‍ക്കൊപ്പം വ്യോമസേനയുടെ യാത്രാ വിമാനമായ സൂപ്പര്‍ ഹെര്‍ക്കുലിസും ഇവിടെ പറന്നിറങ്ങിയപ്പോള്‍ രാജ്യം എഴുതിയത് പുതുചരിത്രമായിരുന്നു.
വ്യോമസേനയുടെ പ്രത്യേക വിഭാഗമായ ഗരുഡ് കമാന്‍ഡോകളേയും വഹിച്ചായിരുന്നു സൂപ്പര്‍ ഹെര്‍ക്കുലിസ് യാത്ര വിമാനത്തിന്‍റെ പരീക്ഷണപ്പറക്കല്‍. 35,000 കിലോ ഭാരമുള്ള സി–130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം സുരക്ഷിതമായി ഇറക്കുന്നതായിരുന്നു പരിശീലനത്തിലെ പ്രധാന വെല്ലുവിളിയും. ആയിരംകോടിയോളം വിലയുള്ള ഈ സൂപ്പര്‍ ഹെര്‍ക്കുലീസിന്‍റെ ചില പ്രത്യേകതകള്‍.
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വിമാനം എന്നാണ് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് അറിയപ്പെടുന്നത്. താഴ്ന്നു പറക്കാനുള്ള കഴിവ്, കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷി തുടങ്ങിയവയാണ് ഹെർക്കുലീസ് വിമാനങ്ങളെ സേനകൾക്കു പ്രിയപ്പെട്ടതാക്കുന്നത്.
റോൾസ് റോയ്സിന്റെ നാല് എൻജിനുകളാണ് വിമാനത്തില്‍ ഉപയോഗിക്കുന്നത്. ആറ് ബ്ലെയ്ഡുകളുണ്ട് ഇവയുടെ പ്രൊപ്പല്ലറുകൾക്ക്. പരമാവധി 74,389 കിലോഗ്രാം വരെ വഹിക്കാനുള്ള ശേഷിയുമുണ്ട്.
മണിക്കൂറിൽ 660 കിലോമീറ്ററാണ് പരമാവധി വേഗത. 112 അടി നീളവും 38 അടി പൊക്കവുമുണ്ട് സി 130 ജെ വിമാനത്തിന്. 132 അടിയാണ് ചിറകുകളുടെ വിരിവ്. ഏകദേശം 130 സൈനികരെ ഈ വിമാനത്തിന് വഹിക്കാനാവും.
ടേക്ക് ഓഫിനും ലാൻഡിങ്ങിനും കുറച്ചു സ്ഥലം മതി എന്നത് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസിന്റെ ഏറ്റവും വലിയ പ്രത്യേകത
1954 ലാണ് ആദ്യ ഹെർക്കുലീസ് വിമാനം യുണൈറ്റഡ് എയർഫോഴ്സിന്റെ ഭാഗമാകുന്നത്. അറുപതു വർഷത്തിനിടെ ഏകദേശം 2500 വിമാനങ്ങളാണ് കമ്പനി വിവിധ രാജ്യങ്ങളിലെ സേനകൾക്കു നിർമിച്ചു നൽകിയത്.
ഏകദേശം 63 രാജ്യങ്ങൾ ഇന്ന് ഹെർക്കുലീസ് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ഹെർക്കുലീസിന്‍റെ രണ്ടാം തലമുറയാണ് ഇന്ത്യൻ എയർഫോഴ്സിന്റെ പക്കലുള്ള സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾ. 2007 ലാണ് ഇന്ത്യൻ എയർഫോഴ്സ് ആറ് സി 130 ജെ വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ടത്. 2008ൽ 1.2 ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടു. 2010 ഡിസംബറിൽ ആദ്യവിമാനവും 2011 ഡിസംബറിൽ ആറാമത്തെ വിമാനവും ലഭിച്ചു.
ഇന്ത്യന്‍ വ്യോമസേനയിലെ 'വീല്‍ഡ് വൈപ്പേഴ്‌സ്' സംഘമാണ് ഹെർക്കുലീസ് വിമാനങ്ങൾ കൈകാര്യം ചെയ്യുന്നത്.
1999 ൽ യുകെയുടെ റോയൽ എയർഫോഴ്സിനാണ് സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ആദ്യമായി ലഭിക്കുന്നത്. നിലവിൽ 16 രാജ്യങ്ങള്‍ സി 130 ജെ സൂപ്പർ വിമാനം ഉപയോഗിക്കുന്നു. നിലവിൽ ഏകദേശം 1186 സി 130 ജെ, സി 130 ജെ –30 വിമാനങ്ങളുടെ ഓർഡർ കമ്പനിക്കു ലഭിച്ചിട്ടുണ്ട് അവയിൽ ഏകദേശം 242 എണ്ണം കമ്പനി നിർമിച്ചു നല്‍കി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.