ബിഎസ് 3 വാഹനങ്ങൾക്ക് നിരോധനം

By Web DeskFirst Published Mar 29, 2017, 3:46 AM IST
Highlights

ന്യൂഡല്‍ഹി: അന്തരീക്ഷ മലീനികരണം കുറയ്ക്കാൻ അടുത്തമാസം ഒന്നുമുതല്‍ ഭാരത് സ്റ്റേജ് ത്രീ വാഹനങ്ങളുടെ വിൽപ്പന രാജ്യത്ത് നിരോധിച്ചു. കച്ചവട താത്പര്യമല്ല ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

നിലവിലുള്ള എട്ടേകാൽ ലക്ഷത്തോളം വരുന്ന ബിഎസ്-3 വാഹനങ്ങള്‍ വില്‍ക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വാഹനനിര്‍മ്മാതാക്കളും ഡീലര്‍മാരും നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ശനിയാഴ്ച്ച മുതൽ ബിഎസ് ഫോര്‍ വാഹനങ്ങൾ മാത്രമേ വിൽക്കാനാകൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വാണിജ്യതാല്‍പര്യമല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് ജസ്റ്റിസ് മദൻ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തനമാക്കി. ഏപ്രിൽ ഒന്ന് മുതൽ ബിഎസ് ഫോര്‍ വാഹനങ്ങൾ മാത്രമേ വിൽക്കാനാകൂവെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നിട്ടും നടപടി കൈക്കൊള്ളാത്തതിൽ വാഹന നിര്‍മ്മാതാക്കളെ സുപ്രീംകോടതി വിമര്‍ശിച്ചു. വാഹന നിര്‍മ്മാണ കമ്പനികൾക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ നിലപാടെടുത്തു. വാഹന നിര്‍മ്മാണത്തിന് മാത്രമാണ് നിരോധനമെന്നും വിൽപ്പനയ്ക്ക് നിരോധനമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  ബിഎസ്-4 നേക്കാള്‍ 80 ശതമാനം കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നതാണ് ബിഎസ്-3 വാഹനങ്ങള്‍. ബിഎസ്-3 വാഹനങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി നിയോഗിച്ച് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വിധി.

96,724 വാണിജ്യ വാഹനങ്ങളും 6.7 ലക്ഷം ഇരു ചക്ര വാഹനങ്ങളും, 40,048 മുചക്ര വാഹനങ്ങളും 16,198 കാറുകളും ഇതോടെ ശനിയാഴ്ച്ച മുതൽ വിൽക്കാനാകില്ല. 12,000 കോടിയുടെ നഷ്ടമാണ് വാഹന നിര്‍മ്മാണ കമ്പനികൾക്കുണ്ടാകുക.

click me!