രക്ഷാദൗത്യം നടത്തുന്നത് ഈ ഹെലികോപ്‍ടറുകള്‍

By Web TeamFirst Published Aug 18, 2018, 6:54 PM IST
Highlights

കേരളത്തിന്‍റെ ആകാശങ്ങളില്‍ രക്ഷകരായെത്തുന്ന ചില ഹെലികോപ്‍ടറുകള്‍ ഇവരാണ്.

ഇതുവരെക്കാണാത്ത പ്രളയത്തില്‍ നിന്നു കരകയറാന്‍ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് കേരളത്തിലെ ജനങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം കരസേനയും വ്യോമ സേനയും നേവിയും കോസ്റ്റ് ഗാർഡുമെല്ലാം കൈകോര്‍ത്തുള്ള പോരാട്ടത്തിലാണ്. പ്രളയത്തിൽ കുടുങ്ങിയവരെ കൈപിടിച്ചുയര്‍ത്താന്‍  10 എംഐ 17വി5, 10 ലൈ, 3 ചേതക്/ ചീറ്റ തുടങ്ങി നിരവധി ഹെലികോക്റ്ററുകളാണ് വ്യോമ സേന വിന്യസിച്ചിരിക്കുന്നത്. ഒപ്പം ഓരോ സി 17, സി 130 വിമാനങ്ങളും രണ്ട് ഐഎൽ 76 വിമാനങ്ങളും ഏഴു എഎൻ 32 വിമാനങ്ങളുമുണ്ട്. ഐഎല്‍ -76, സി -17 ഗ്ലോബ് മാസ്റ്റര്‍, സി- 130 ജെ സൂപ്പര്‍ ഹെര്‍ക്കുലസ് വിമാനങ്ങളിലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സൈനികരെത്തുന്നത്. കേരളത്തിന്‍റെ ആകാശങ്ങളില്‍ രക്ഷകരായെത്തുന്നവരെക്കുറിച്ച് ചില കാര്യങ്ങള്‍

എച്ച്എഎൽ ധ്രുവ്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച  മൾട്ടി പർപ്പസ് ഹെലികോപ്റ്ററാണ് എച്ച് എ എൽ ധ്രുവ്. മണിക്കൂറിൽ 295 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ധ്രൂവിന്  640 കിലോമീറ്റർ വരെ നിർത്താതെ സഞ്ചരിക്കാനാവും. 1992ല്‍ ആദ്യ പറക്കൽ നടത്തിയ ഹെലികോപ്റ്റർ 1998ലാണ് കമ്മീഷൻ ചെയ്യുന്നത്.  

എംഎ 17
കാര്‍ഗില്‍ യുദ്ധത്തിലും പാക്ക് അധീന കശ്മീരിലെ ഭീകരരുടെ തീവളങ്ങളില്‍ ആക്രമണം നടത്താനും സൈന്യത്തെ ഏറെ സഹായിച്ച എക്കാലത്തെയും വിശ്വസ്‍തനാണ് റഷ്യന്‍ നിര്‍മിത എംഐ-17.  ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിലൊന്നാണിത്.  18 മീറ്റര്‍ നീളമുള്ള എംഐ-17 ന്റെ ചിറകിന്റെ നീളം 21 മീറ്ററാണ്. ടര്‍ബോഷാഫ്റ്റ് എന്‍ജിനാണ് ഹൃദയം. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് ഏകദേശം 1065 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 1975 ലാണ് എംഐ-17യുടെ പിറവി.  


സി-17 ഗ്ലോബ് മാസ്റ്റർ
2010 ലാണ് അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ ഈ വിമാനം ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമാകുന്നത്. ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള മികവുള്ള ഈ വിമാനമാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം രാജ്യത്തിനകത്തും പുറത്തും ട്രാൻസ്പോർട് ചെയ്യാൻ ഉപയോഗിക്കുന്നത്. ഇന്ത്യൻ എയർഫോഴ്സിന്റെ ഹിമാലയൻ ബെയ്സിൽ സി-17 നെ ഉപയോഗിക്കുന്നുണ്ട്.

സി 130 ജെ സൂപ്പർ ഹെർക്കുലീസ്
ലോകത്തിലെതന്നെ ഏറ്റവും സുരക്ഷിതമായ വിമാനം എന്നാണ് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് അറിയപ്പെടുന്നത്. ടേക്ക് ഓഫിനും ലാൻഡിങ്ങിനും കുറച്ചു സ്ഥലം, കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷി,താഴ്ന്നു പറക്കാനുള്ള കഴിവ് തുടങ്ങിയവയാണ് ഹെർക്കുലീസ് വിമാനങ്ങളുടെ പ്രത്യേകത. 

click me!