ഹെല്‍മറ്റില്ലാതെ ബൈക്ക് പിടികൂടി; ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്

By Web DeskFirst Published Mar 29, 2018, 2:59 PM IST
Highlights
  • ഹെല്‍മറ്റില്ലാതെ ബൈക്ക് പിടികൂടി
  • ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ മോട്ടോര്‍ വാഹനവകുപ്പ് ബൈക്ക് പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ദേഹത്ത് പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യാഭീഷണി. ആലപ്പുഴയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മാരാരിക്കുളം സ്വദേശിയായ യുവാവാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ആലപ്പുഴ മിനി സിവില്‍ സ്‌റ്റേഷനു മുന്നിലാണ് സംഭവം. വാഹന പരിശോൻക്കിടെയാണ് ഈ  യുവാവ് പിടിയിലായത്. തുടര്‍ന്ന ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 600രൂപ പിഴ അടയ്ക്കാന്‍  ആവശ്യപ്പെട്ടിരുന്നു. പണമില്ലാത്തതിനെ തുടര്‍ന്ന് ബൈക്ക് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു കൊണ്ടുപോയി.

തുടര്‍ന്ന് ഉച്ചയോടെ അര്‍ത്തുങ്കല്‍ ബൈപാസിനടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥരുടെ സമീപം കുപ്പിയില്‍ പെട്രോളുമായി എത്തിയ ഇയാള്‍ പെട്രോള്‍ തലയില്‍ ഒഴിക്കുകയായിരുന്നു. തീ കൊളുത്താനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ തടഞ്ഞു.

തുടര്‍ന്ന് പോലീസ് സംഘമെത്തി ഇയാളെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ പിടിച്ചെടുത്ത ബൈക്ക് പോലീസ് സ്‌റ്റേഷനിലെത്തിച്ച് രേഖകള്‍ പരിശോധിച്ചശേഷം വിട്ടുകൊടുത്തു. യുവാവിന്‍റെ മൊഴി രേഖപെടുത്തിയ ശേഷം പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
പണമില്ലാത്തതിനാല്‍ വാഹന രേഖകളുടെ പകര്‍പ്പുകള്‍ കാണിച്ച ശേഷം  പിന്നീട് വന്ന് പിഴ അടയ്ക്കാമെന്ന് പറഞ്ഞിട്ടും വാഹനം വിട്ട് തന്നില്ലെന്നും ഇതുകാരണം തനിക്കു കിട്ടേണ്ടിയിരുന്ന പണം നഷ്ടപ്പെട്ടെന്നും ഈ വിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും യുവാവ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

click me!