സുമതിവളവിന്‍റെ കഥ

By പ്രശോഭ് പ്രസന്നന്‍First Published Jul 27, 2017, 6:13 PM IST
Highlights

ദുര്‍മരണം സംഭവിക്കുന്ന ജീവജാലങ്ങളില്‍ മനുഷ്യന്‍ മാത്രമാണോ പ്രേതമായി മാറുക എന്ന ചിന്ത യാത്ര തുടങ്ങുമ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്നു. കാരണം വായിച്ചും കേട്ടുമുള്ള കഥകളൊക്കെയും അങ്ങനെയായിരുന്നു.  ഉറുമ്പും കൊതുകും പാറ്റയും കൃമിയുമുള്‍പ്പെടെ ദുര്‍മരണം സംഭവിക്കുന്ന സകല ആത്മാക്കളും നമുക്ക് ചുറ്റും ഗതികിട്ടാതെ അലയുന്നുണ്ടെന്നും അവര്‍ നമ്മെ ഉറങ്ങുമ്പോള്‍ വന്ന് കടിക്കുന്നതാണ് രാവിലെ ഉറക്കമുണരുമ്പോള്‍ ദേഹത്തു കാണുന്ന കാരണമറിയാത്ത ചൊറിച്ചില്‍ പാടുകളെന്ന് ആരോ പറഞ്ഞത് ഓര്‍ത്തപ്പോള്‍ ചിരിവന്നു.

ഭാരതീപുരം എന്ന നോവലില്‍ യു ആര്‍ അനന്തമൂര്‍ത്തി വരഞ്ഞിട്ട, ദ്വൈത സ്വഭാവത്തിന് അടിമയായ ഒരു ശരാശരി ഇന്ത്യക്കാരനെപ്പോലെ ഒരേസമയം യുക്തിവാദിയും അതേസമയം ദൈവവവിശ്വാസിയുമായി ഞാനും യാത്ര തുടര്‍ന്നു.

തിരുവനന്തപുരം പാലോടിനടുത്ത് മൈലുംമൂടെന്ന മലയോര ഗ്രാമത്തിലേക്കായിരുന്നു യാത്ര. ആറ് പതിറ്റാണ്ടു മുമ്പ് കാമുകന്റെ ചതിയില്‍ ജീവനും ജീവിതവും പൊലിഞ്ഞ ഒരു പെണ്ണുണ്ടവിടെ. സുമതി. കാട്ടില്‍, അവളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ആ കൊടും വളവിനെക്കുറിച്ച് തിരുവനന്തപുരത്തെ ജീവിതം തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ്. അങ്ങനെയാണ് ഇത്തവണത്തെ സഞ്ചാരം അങ്ങോട്ടാക്കുന്നത്.

നഗരത്തില്‍ നിന്നും പേരൂര്‍ക്കട, നെടുമങ്ങാടു വഴിയായിരുന്നു യാത്ര. ക്യാമറാമാന്‍ മില്‍ട്ടണെക്കൂടാതെ കോരിച്ചൊരിയുന്ന മഴയും തുടക്കം മുതല്‍ കൂട്ടിനുണ്ടായിരുന്നു. പാലോടും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ രാത്രിമുതല്‍ കനത്ത മഴയാണെന്ന് സുഹൃത്തും പ്രദേശവാസിയുമായ അമിതിലക് രാവിലെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ യാത്ര മാറ്റിയാലോ എന്നു പോലും ആലോചിച്ചതാണ്. പക്ഷേ ഒരുപാടുകാലമായി സഞ്ചാരികളുടെ ഉറക്കം കെടുത്തുന്ന സുമതി വളവിനെക്കുറിച്ചുള്ള കഥകള്‍ അങ്ങോട്ടു ആകര്‍ഷിച്ചുകൊണ്ടിരുന്നു.

ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് കാര്‍ പാലോടെത്തി. പാലോടു നിന്നും കല്ലറയ്ക്ക് പോകുന്ന റോഡിലേക്ക് തിരിഞ്ഞു. ഇവിടം മുതല്‍ റിസര്‍വ് ഫോറസ്റ്റാണ്. പതിയെപ്പതിയെ ചുറ്റും വന്യത വന്ന് മൂടുന്നതിറഞ്ഞു. മഴ ഒട്ടൊന്നു കുറഞ്ഞിരുന്നു. റോഡ് വളവുകള്‍ കൊണ്ട് സമ്പന്നമായിത്തുടങ്ങി. ഇവിടെയെവിടെയോ ആണ് സുമതി വളവെന്ന് ഉള്ളിലിരുന്നാരോ മന്ത്രിച്ചു. പക്ഷേ ഏതാണ് അതെന്ന് കൃത്യമായിട്ട് അറിയില്ല. വഴികാട്ടിയായ അമി ഭരതന്നൂരിലാണ് കാത്തു നില്‍ക്കുന്നത്. മൈലുംമൂടും പിന്നിട്ട് ഭരതന്നൂരിലെത്തി വേണം അമിയെ ഒപ്പം കൂട്ടാന്‍. ഓരോരോ വളവിലെത്തുമ്പോഴും ഇതാണോ സുമതി വളവെന്ന് സംശയമായി.

പക്ഷേ ഇടയിലൊരു കൊടുംവളവില്‍ അറിയാതെ കണ്ണുടക്കി. നേരത്തെ കണ്ടതോ, ഇനി കാണാനിരിക്കുന്നതോ ഒന്നുമല്ല ഇതു തന്നെയാണതെന്ന് വീണ്ടും ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു. മനസ് അത് ഉറപ്പിക്കുന്നതു പോലെ. കൗതുകം തോന്നി. മൈലുംമൂടും പിന്നിട്ട് ഭരതന്നൂരിലെത്തി അമിയെയുംകൂട്ടി തിരിച്ചു വന്നു. അവന്‍ ചൂണ്ടിക്കാണിച്ച ഇടം കണ്ട് കൗതുകം വീണ്ടും ഭയത്തിനു വഴിമാറി.

നേരത്തെ കണ്ണുടക്കുകയും മനസ് ഉറപ്പിക്കുകയും ചെയ്ത അതേ വളവായിരുന്നു അത്.

"അറുപത് വര്‍ഷം മുമ്പ് ഇവിടെ വച്ചാണ് സുമതി എന്ന ഗര്‍ഭിണി കഴുത്തറത്ത് കൊല ചെയ്യപ്പെടുന്നത്. 1953 ജനുവരി 27 ചൊവ്വാഴ്ച രാത്രി 10 മണിക്ക്..." മാധവന്‍ ഉണ്ണിത്താനെന്ന വയോധികന്റെ ശബ്ദം ഉള്ളില്‍ മുഴങ്ങി. മാധവനുണ്ണിത്താന്‍ അമിയുടെ അച്ഛന്റെ അച്ഛനാണ്. ഇന്ന് ജീവിച്ചിരിക്കുന്ന നാട്ടുകാരില്‍ സുമതിയെ നേരില്‍ കണ്ടിട്ടുള്ള ഏകവ്യക്തി.

ആരായിരുന്നു സുമതി?
ഒരു വീട്ടുവേലക്കാരിയായിരുന്നു അവള്‍. മുതലാളിയുടെ മകനെ മോഹിച്ച വേലക്കാരി. കാരേറ്റ് ഭാഗത്തായിരുന്നു സുമതിയെന്ന സുമതിക്കുട്ടിയുടെ സ്ഥലം. കൊല്ലപ്പെടുമ്പോള്‍ 19-20 വയസ്സായിരുന്നു പ്രായം. വെളുത്ത് വടിവൊത്ത ശരീരം. ഒത്ത പൊക്കം. കണങ്കാല്‍ വരെ നീണ്ട് കിടക്കുന്ന മുടി. കരിനീലക്കണ്ണുകള്‍. മാധവനുണ്ണിത്താന്റെ ഇടറുന്ന ശബ്ദത്തിന് കൗമാരത്തിന്റെ പ്രസരിപ്പ്.

മാധവനുണ്ണിത്താന്‍

സാമ്പത്തികമായി അത്ര മെച്ചപ്പെട്ട കുടുംബമല്ലായിരുന്നു സുമതിയുടേത്. അമ്മ അരിക്കച്ചവടക്കാരി. അങ്ങനെയാണ് താണുമുതലാളിയുടെ വീട്ടില്‍ വേലക്കാരിയായി അവളെത്തുന്നത്. വീട്ടില്‍ അടുക്കള ജോലിക്കിടയിലും പഠിക്കാന്‍ അവള്‍ സമയം കണ്ടെത്തി. താണുമുതലാളിക്ക് രത്‌നാകരന്‍ എന്നൊരു മകനുണ്ടായിരുന്നു. ആ ഇരുപത്തിനാലുകാരനുമായി അവള്‍ പ്രണയത്തിലായതോടെയാണ് കഥകളുടെ തുടക്കം.

കൊല ചെയ്യപ്പെട്ടതെങ്ങനെ ?
രത്‌നാകരന്റെ വിവാഹ വാഗ്ദാനത്തില്‍ മയങ്ങിയാവണം സുമതി ഗര്‍ഭിണിയായി. എന്നാല്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ അയാളുടെ മനസുമാറി. വാക്കു മാറി. പക്ഷേ തന്നെ വിവാഹം കഴിക്കണമെന്ന് സുമതി നിര്‍ബന്ധവും തുടങ്ങി. ഒടുവില്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോഴാണ് ആ അരുംകൊല. അതേക്കുറിച്ച് മാധവനുണ്ണിത്താന്‍ തന്നെ പറയും.

'1953 ജനുവരി 27 ചെവ്വാഴ്ച രാത്രിയാണ് സംഭവം. എനിക്കന്ന് ഇരുപത്തെട്ടോ ഇരുപത്തൊമ്പതോ വയസു കാണും. സമയം രാത്രി 10 മണി. പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം നടക്കുന്നു. ഉത്സവം കാണിക്കാമെന്ന് പറഞ്ഞാണ് രത്‌നാകരന്‍ തന്റെ അംബാസിഡര്‍ കാറില്‍ സുമതിയെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങുന്നത്. തമിഴ്‌നാട്ടിലെവിടെയെങ്കിലും പോയി വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞാണ് അവളെക്കൂട്ടി ഇറങ്ങിയതെന്നും ഒരു കഥയുണ്ട്.

എന്തായാലും കുറച്ച് കാര്‍ ദൂരം പിന്നിട്ടപ്പോള്‍ സുഹൃത്ത് രവീന്ദ്രനെയും രത്‌നാകരന്‍ കാറില്‍ കയറ്റി. എന്നാല്‍ കാര്‍ പങ്ങോട് എത്തി ക്ഷേത്രത്തിലേക്ക് പോകുന്നതിനു പകരം നേരെ പാലോടേക്കു തിരിഞ്ഞു. മൈലമൂട് പാലത്തിന് സമീപം വനാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ കാര്‍ കാട്ടിനുള്ളിലേക്ക് കയറ്റി നിര്‍ത്തി. വഴി നിശ്ചയമില്ലാതിരുന്ന സുമതിയോട് അമ്പലത്തിലേക്ക് ഇതിലെ കുറുക്കുവഴിയുണ്ടെന്ന് പറഞ്ഞ് ധരിപ്പിച്ചു. ഇത് വിശ്വസിച്ച സുമതി ഇവര്‍ക്ക് ഒപ്പം നടന്നു. സുമതിയെ സൂത്രത്തില്‍ ഉള്‍വനത്തിലെത്തിച്ച് കൊല നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനിടയില്‍ കാമുകന്റെയും കൂട്ടുകാരന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ സുമതിക്ക് താന്‍ ചതിക്കപ്പെട്ടെന്ന് മനസിലായി. അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ ആ കൊടുങ്കാട്ടില്‍ അവളുടെ നിലവിളി ആരു കേള്‍ക്കാന്‍?' മാധവനുണ്ണിത്താന്‍ ചോദിക്കുന്നു.

അവളെ പിന്തുടര്‍ന്നു പിടിച്ച ശേഷം കാട്ടുവള്ളികള്‍ കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി വനത്തിലുള്ളിലൂടെ വലിച്ചിഴച്ച് രത്‌നാകരനും കൂട്ടുകാരനും നടന്നു.

പക്ഷേ അവര്‍ക്ക് ഒരു അബദ്ധം പറ്റി. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡ് തിരിഞ്ഞു മറിഞ്ഞ് വീണ്ടും അവരുടെ അരികിലെത്തി!

ദിശതെറ്റിയ ഇരുവരും ഉള്‍വനമെന്ന് ധരിച്ച് നടന്നെത്തിയത് റോഡരികിലേക്കായിരുന്നു. കല്ലറ പാലോട് റോഡില്‍ ഇപ്പോള്‍ സുമതിയെ കൊന്ന റോഡ് എന്നറിയപ്പെടുന്ന എസ്സ് വളവിന് സമീപത്തായിരുന്നു അവരെത്തിയത്.

പിന്നെ നടന്നത് കൊടുംക്രൂരത. രത്‌നാകരന്‍ സുമതിയുടെ മുടിയില്‍ ചുറ്റിപ്പിടിച്ച് കഴുത്ത് മലര്‍ത്തി വച്ചു. വയറ്റില്‍ വളരുന്ന കുഞ്ഞിനെ ഓര്‍ത്തെങ്കിലും തന്നെ കൊല്ലല്ലേയെന്നും എവിടെയെങ്കിലും ഉപേക്ഷിച്ചോളൂ ഒരിക്കലും തിരിച്ചുവരില്ലെന്നും അവള്‍ കരഞ്ഞു പറഞ്ഞത്രേ. പക്ഷേ കഴുത്തില്‍ കത്തി താഴ്ന്നു. ചീറ്റിയൊഴുകിയ രക്തം കണ്ട് ഇരുവരും ഞെട്ടി. കഴുത്ത് അറ്റുമാറാറായ നിലയില്‍ അവളെ അവിടെ ഉപേക്ഷിച്ച് അവര്‍ ഓടി. ഇവിടെ ഏതോ മരത്തില്‍ ചാരിവച്ച നിലയിലായിരുന്നു ഈറ്റവെട്ടാനെത്തിയ ആദിവാസികളായ കാണിക്കാര്‍ ദിവസങ്ങള്‍ക്കു ശേഷം അവളുടെ മൃതദേഹം കാണുന്നത്. അന്നുമുതലാണ് ഇവിടം സുമതിയെ കൊന്ന വളവാകുന്നത്.

പാട്ടു പുസ്തകത്തിലൂടെ പുനര്‍ജ്ജന്മം
ആ ദിവസങ്ങളെക്കുറിച്ച് ഇന്നും ഓര്‍ക്കുന്നു മാധവന്‍ ഉണ്ണിത്താന്‍. കൊലനടന്ന സ്ഥലം കാണാന്‍ പോയതും തടിച്ചുകൂടിയ പുരുഷാരവുമെല്ലാം. സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് രത്‌നാകരനും രവീന്ദ്രനും പൊലീസിന്റെ പിടിയിലാകുന്നത്. മിടുക്കനായ ഏതോ ഒരു എസ് ഐയാണ് ഇവരെ പിടിച്ചതെന്ന് മാധവനുണ്ണിത്താന്‍. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇരുവരും പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതരായി. താമസിയാതെ രവീന്ദ്രനും പതിനഞ്ച് വര്‍ഷം മുമ്പ് രത്‌നാകരനും മരിച്ചു.

വളരെപ്പെട്ടെന്നാണ് സുമതി നാട്ടുകാരുടെ ഭ്രമാത്മക കഥകളിലേക്ക് നടന്നു കയറുന്നത്. കൊല ചെയ്യപ്പെട്ടത് ഗര്‍ഭിണിയായതിനാല്‍ ഇവിടം അറുകൊലയുടെ വാസസ്ഥലമായി നാട്ടുകാര്‍ ചിത്രികരിക്കപ്പെട്ടു. സുമതിയുടെ ആത്മാവ് ഗതികിട്ടാതെ അലയുന്ന കഥ വാമൊഴിയായും വരമൊഴിയായുമൊക്കെ പരന്നു. ഉത്സവപ്പറമ്പുകളില്‍ വിറ്റിരുന്ന പാട്ടുപുസ്തകങ്ങളിലൂടെയായിരുന്നു ആദ്യകാലത്ത് സുമതിക്കഥകളുടെ പ്രചരണമെന്ന് മാധവനുണ്ണിത്താന്‍ പറയുന്നു.

വെള്ളവസ്ത്രം ധരിച്ചൊരു സ്ത്രീരൂപം റോഡരുകില്‍ ഉലാത്തുന്നതു കണ്ടുവെന്ന് പലരും അവകാശപ്പെട്ടു. പലപ്പോഴും റോഡിനു മുകളിലെ പൊന്തക്കാട്ടില്‍ നിന്നോ തൊട്ടുതാഴെയുള്ള കാടുമൂടിയ ഗര്‍ത്തത്തില്‍ നിന്നോ ഭീകരശബ്ദങ്ങള്‍ ഉയര്‍ന്നു. അര്‍ദ്ധരാത്രിയില്‍ ഈ വളവിലെത്തുന്ന വാഹനങ്ങളുടെ എഞ്ചിനുകള്‍ തനിയെ ഓഫാകും. ബൈക്ക് യാത്രികര്‍ പൊടുന്നനെ ബൈക്കില്‍ നിന്നും എടുത്തെറിയപ്പെടും. ലൈറ്റുകള്‍ താനെ അണയും. ടയറുകളുടെ കാറ്റ് പോകും. കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിച്ചു. കഥകള്‍ കാട്ടുതീ പോലെ പരന്നതോടെ ഒരുകാലത്ത് പട്ടാപ്പകല്‍ പോലും ഇത് വഴി കടന്ന് പോകാന്‍ ആളുകള്‍ മടിച്ചു.

ക്യാമറയിലെ കാണാതായ ദൃശ്യങ്ങള്‍!
കേട്ടും വായിച്ചും അറിഞ്ഞുള്ള ഈ പേടിക്കഥകളുടെ ഓര്‍മ്മകള്‍ക്കിടയിലൂടെയാണ് ഞങ്ങള്‍ അവിടെ ഷൂട്ടിംഗ് തുടങ്ങിയത്. പഴയ കാട്ടുവഴി ഇന്ന് ഭേദപ്പെട്ട ഒരു റോഡായിരിക്കുന്നു. ഇടവേളയില്ലാതെ നിരവധി വാഹനങ്ങള്‍ കടന്നുപോയ്ക്കൊണ്ടിരുന്നു. റോഡിനു മുകളിലും താഴെയുമൊക്കെ നിന്ന് ക്യാമറാമാന്‍ മില്‍ട്ടണ്‍ നിരവധി ഷോട്ടുകള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. സുമതിയുടെ മൃതദേഹം കിടന്നിരുന്ന ഇടം എന്ന് അമി ചൂണ്ടിക്കാട്ടിയ ഇടങ്ങളിലൂടെയൊക്കെ ഞങ്ങള്‍ നടന്നു. ആ മണ്ണിലും പുല്ലിലുമൊക്കെ സുമതിയുടെ കണ്ണീരിന്‍റെ നനവുണ്ടെന്ന് തോന്നി.

എന്നാല്‍ മാധവനുണ്ണിത്താന്‍ പറഞ്ഞ പുല്ലാഞ്ഞിക്കുടിലോ വന്മരങ്ങളോ ഒന്നും അവിടെ കണ്ടില്ല. കേരളത്തിലെ പല വനങ്ങളെയുമെന്ന പോലെ അക്കേഷ്യമരങ്ങള്‍ ഈ കാടും കീഴടക്കിയിരിക്കുന്നു. അക്കേഷ്യക്കെന്ത് പ്രേതഭയമെന്ന് ചിന്തിക്കുന്നതിനിടയിലായിരുന്നു പരിഭ്രമത്തോടെയുള്ള മില്‍ട്ടന്‍റെ വിളി കാതിലുടക്കുന്നത്. ഞെട്ടിത്തിരിഞ്ഞു നോക്കി.

ക്യാമറയുടെ ഡിസ്പ്ലേയില്‍ ഒന്നും കാണാനാവുന്നില്ലെന്ന് പറഞ്ഞ് പരിഭ്രമിച്ചു നില്‍ക്കുകയാണ് മില്‍ട്ടന്‍.

നോക്കി. ശരിയാണ്. ക്യാമറ ഓണാണ്. ലൈറ്റ് കത്തുന്നുണ്ട്. പക്ഷേ ഡിസ്പ്ലേ ശൂന്യം! അതുവരെ ചിത്രീകരിച്ചതൊന്നും കാണാനാവുന്നില്ല. ഞങ്ങള്‍ പരസ്പരം നോക്കി. ഓഫാക്കിയും ഓണാക്കിയും വീണ്ടും വീണ്ടും ശ്രമിച്ചു. ഒടുവില്‍ ഡിസ്പ്ലേ ദൃശ്യമായി. യുക്തി കൊണ്ട് ചിന്തിച്ചപ്പോള്‍ കാലാവസ്ഥയാണ് കുറ്റക്കാരനെന്ന് മനസ്സിലായി. എന്തായാലും ബാക്കി വന്ന ഷോട്ടുകളുമെടുത്ത് വളരെപ്പെട്ടെന്ന് തന്നെ ഞങ്ങള്‍ റോഡിലേക്കിറങ്ങി.

ജലാലുദ്ദീന്‍

കല്ലേറില്‍ ഭയന്നോടിയ യക്ഷി
മൈലുംമൂട്ടിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജലാലുദ്ദീനാണ് രസകരമായ ആ കഥ പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് സംഭവം. പുറംനാട്ടുകാരായ രണ്ട് യുവാക്കള്‍ അര്‍ദ്ധരാത്രിയില്‍ ഈ വഴി ബൈക്കില്‍ വരികയായിരുന്നു. സുമതിക്കഥകളൊന്നും അറിയുന്നവരായിരുന്നില്ല അവര്‍. ബൈക്ക് വളവിനോട് അടുത്തപ്പോള്‍ വെള്ളസാരി ധരിച്ച ഒരു സ്ത്രീ രൂപം റോഡരികില്‍ നിന്ന് ബൈക്കിന് കൈകാണിച്ചു. മോഷ്ടാക്കളാണെന്നു കരുതി ഭയന്നു പോയ യുവാക്കള്‍ ബൈക്ക് നിര്‍ത്തി ചാടിയിറങ്ങി കല്ല് പെറുക്കി ആ രൂപത്തിനു നേരെ ഏറിയാന്‍ തുടങ്ങി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്നു പോയ യക്ഷി സാരിയും വാരിച്ചുറ്റി കാട്ടിലേക്കു ചാടി ഓടിമറഞ്ഞു. ഓട്ടത്തിനിടയില്‍ യക്ഷിയുടെ കൈയ്യില്‍ നിന്നും ഒരു കടലാസുകഷ്ണം താഴെ വീഴുന്നത് യുവാക്കള്‍ കണ്ടു.

അവര്‍ അതെടുത്ത് പരിശോധിച്ചു. ഞെട്ടിപ്പോയി. യക്ഷി ഷുഗര്‍ പരിശോധിച്ചതിന്‍റെ റിസല്‍ട്ട്!

യുവാക്കള്‍ അതുമെടുത്ത് നേരെ പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ ചെന്നു. ജലാലുദ്ദീന്‍ പറഞ്ഞുനിര്‍ത്തി. ബാക്കി കഥ അറിയാന്‍ ഞങ്ങള്‍ നേരെ പാങ്ങോട്ടെ പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നു.

ചരിത്രസ്മാരകം
സുമതിക്കേസിന്‍റെ ഫയലുകളുറങ്ങുന്ന പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം കണ്ടുകൊണ്ട് പുതിയ സ്റ്റേഷന്‍ വരാന്തയില്‍ ഇരുന്നു. പഴയ സ്റ്റേഷന്‍ കെട്ടിടം ഒരു പ്രേതഭവനം പോലെ തോന്നിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്രസ്മാരകമാകേണ്ട കെട്ടിടമാണത്. കാരണം ചരിത്രമിരമ്പുന്ന പാങ്ങോട് സമരത്തിന്‍റെ രക്തസാക്ഷികളും ധീരസ്മരണകളുമൊക്കെ അതിനകത്ത് ഉറങ്ങുന്നുണ്ട്. എന്നാല്‍ ഏതു നിമിഷവും തകര്‍ന്ന് വീഴുമെന്ന നിലയിലാണ് ആ കെട്ടിടത്തിന്‍റെ നില്‍പ്പ്. വിഷമം തോന്നി.

പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം, പാങ്ങോട്


 
സുമതി വളവിന്‍റെ കഥകള്‍ പങ്കുവയ്ക്കാന്‍ ഷാന്‍, മനു, നിസാമുദ്ദീന്‍ തുടങ്ങിയ പൊലീസുകാര്‍ ഒപ്പം കൂടി. അന്ന് സുമതി വളവില്‍ വച്ച് പ്രേതത്തെ കല്ലെറിഞ്ഞ് ഓടിച്ച യുവാക്കള്‍ക്ക് കിട്ടിയ മെഡിക്കല്‍ ലാബിന്‍റെ ടെസ്റ്റ് റിസല്‍ട്ടിനെക്കുറിച്ചുള്ള ബാക്കി കഥ ഷാന്‍ പറഞ്ഞു.  കുറിപ്പടിയിലെ വിവരമനുസരിച്ച് യക്ഷിയെ പൊലീസ് പിടികൂടി. സ്റ്റേഷനിലെത്തിയ ആത്മാവ് കരഞ്ഞുകാലുപിടിച്ചു. മദ്യലഹരിയിലായിരുന്നുവെന്നും യാത്രക്കാരെ വെറുതെ പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നുമായിരുന്നു യക്ഷിയുടെ വിശദീകരണം. ഒടുവില്‍ യുവാക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ യക്ഷിയെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.

മോഷണവും പിടിച്ചുപറിയും
സുമതിയുടെ പ്രേതത്തിന്റെ മറവില്‍ ഒരുകാലത്ത് ഇവിടം സാമൂഹിക വിരുദ്ധര്‍ കേന്ദ്രമാക്കിയിരുന്നുവെന്ന് പൊലീസും നാട്ടുകാരും പറയുന്നു. രാത്രി കാലങ്ങളില്‍ വെളുത്ത വസ്ത്രം ധരിച്ച് റോഡില്‍ പ്രത്യക്ഷപ്പെട്ട് യാത്രക്കാരെ ഭയപ്പെടത്തി പണവും വിലപിടുപ്പുള്ള വസ്തുക്കളും അപഹരിച്ചെടുക്കലായിരുന്നു ഇവരുടെ രീതി. റോഡില്‍ അള്ള് വച്ച് ടയര്‍ പഞ്ചറാക്കിയും റോഡിനു കുറുകെ കമ്പിവലിച്ചു കെട്ടി ബൈക്ക് യാത്രികരെ വീഴ്ത്തിയുമൊക്കെയായിരുന്നു കൊള്ള. ഇരകളില്‍ ഭൂരിഭാഗവും നാണക്കേട് ഭയന്ന് സംഭവം പുറത്ത് പറയുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്തിരുന്നില്ല. മൈലുംമൂട്ടിലും പരിസരപ്രദേശങ്ങളിലും പകല്‍വെളിച്ചത്തില്‍ കണ്ട പലമുഖങ്ങളും രാത്രി കാലത്ത് സുമതിയാവാറുണ്ടെന്ന് തോന്നി.

ആ ഭാഗത്ത് റോഡിന്‍റെ കിടപ്പ് തന്നെ ശരിയല്ലെന്നും പൊലീസുകാരില്‍ ചിലര്‍ പറയുന്നു. കൊടുംവളവായതിനാല്‍ കൃത്യമായ ഗിയറില്‍ അല്ല വാഹനമെങ്കില്‍ എഞ്ചിന്‍ ഓഫായിപ്പോകുന്നത് സ്വാഭാവികമാണ്. അങ്ങനെ ഡ്രൈവര്‍മാര്‍ കൃത്യമായ ഗിയറിടാത്തതിനുള്ള പഴിയും പാവം സുമതിക്ക് തന്നെ! ആണധികാരത്തിന്‍റെ കുടിലതയില്‍ ജീവന്‍ നഷ്ടപ്പെട്ട സുമതിമാരെ കഥകളിലൂടെ നമ്മള്‍ വീണ്ടും വീണ്ടും കൊല്ലുകയാണല്ലോ എന്നോര്‍ത്തു.

സുമതിയെ തേടിയെത്തുന്ന സഞ്ചാരികള്‍
നിരവധി സഞ്ചാരികള്‍ ഇന്ന് സുമതി വളവും തേടി മൈലുംമൂട്ടിലെത്തുന്നുണ്ടെന്ന് ഓട്ടോറിക്ഷത്തൊഴിലാളികളും മറ്റും സാക്ഷ്യപ്പെടുത്തുന്നു. പഴയ പാട്ടുപുസ്തക കഥകള്‍ ബ്ലോഗെഴുത്തുകളിലേക്കും ചാനല്‍ ഷോകളിലേക്കും ഹ്രസ്വചിത്രങ്ങളിലേക്കുമൊക്കെ ചേക്കേറിയതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ഇങ്ങോട്ട്. അടുത്ത കാലത്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍ സുമതിയെ കാണാന്‍ അര്‍ദ്ധരാത്രിയില്‍ ഈ കാട്ടില്‍ക്കയറി ഒളിച്ചിരുന്നുവത്രെ. പിറ്റേന്ന് നിരാശരായി മടങ്ങിയ ഇവരുടെ കഥ പറയുമ്പോള്‍ നാട്ടുകാരില്‍ പലരുടെ മുഖങ്ങളിലും ചിരി.

മടക്കയാത്രയില്‍ കാര്‍ മൈലുംമ്മൂട് ജംഗ്ഷന്‍ പിന്നിട്ടു. പാലം പിന്നിട്ടു. ഇനി സുമതി വളവാണെന്ന് മനസിലോര്‍ത്തു. കണ്ണടച്ചു തുറക്കുമ്പോഴേക്കും വളവെത്തി. പതിയെ പുറത്തേക്ക് നോക്കി. എന്തോ ഒരു വിഷമം ഉള്ളിലുടക്കി.

നമ്മുടെ സ്വപ്നങ്ങള്‍ മരിച്ചവര്‍ കവരുമോയെന്ന ഭയമാണ് എല്ലാ പ്രേതഭയങ്ങളുടെയും അടിസ്ഥാനമെന്ന് എവിടെയോ വായിച്ചത് ഓര്‍ത്തു.

അതുകൊണ്ടാവും സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട സുമതിമാരെ നമ്മള്‍ ഭയപ്പെടുന്നത്. താന്‍ ജീവിച്ചിരിപ്പുണ്ടെന്ന സത്യമാണ് സുമതിക്കഥകള്‍ പറയുന്നവരും സുമതിയെത്തേതേടി മൈലുംമൂട്ടില്‍ എത്തുന്നവരുമൊക്കെ ആസ്വദിക്കുന്നതെന്ന് തോന്നി. കേവലം അവരിലൊരുവനായ ഈയുള്ളവനെയും കൊണ്ട് കാര്‍ സുമതിയെയും വളവിനെയുമൊക്കെ പിന്നിലാക്കി യാത്ര തുടര്‍ന്നു.

click me!