പാക്കിസ്‍താനില്‍ നിന്നും ഇന്ത്യയെ സംരക്ഷിക്കുന്ന ഒരു ക്ഷേത്രം!

By Web DeskFirst Published Aug 24, 2017, 3:55 PM IST
Highlights

യുദ്ധസ്മാരകവും ഇന്തോ-പാക് യുദ്ധത്തില്‍ ഉപയോഗിച്ച ആയുധങ്ങളുടെ പ്രദര്‍ശനശാലയുമാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നതെന്നും ക്ഷേത്രം ഉള്‍പ്പെടുന്ന ലോങ്കേവാല പ്രദേശത്തിന്റെ വികസനത്തിനായി 25 കോടിരൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ പറയുന്നു. സംഭവം എന്തായാലും ബിഎസ്എഫിന്റെ മേല്‍നോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന, കഥകള്‍ ഉറങ്ങുന്ന ഈ ക്ഷേത്ര പരിസരത്തേക്കൊരു യാത്ര ഏതൊരു സഞ്ചാരിക്കും രസകരമായ അനുഭവമായിരിക്കും. പ്രത്യേകിച്ചും മണല്‍ക്കാടുകളുടെ മനോഹാരിതയും സാഹസികതയും കൂട്ടിനെത്തുമ്പോള്‍.

രാജസ്ഥാനിലെ ജെയ്‌സാല്‍മര്‍ നഗരത്തില്‍ നിന്ന് 145 കിലോമീറ്റര്‍ അകലെയാണ് പ്രശസ്‍തമായ തനോട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1200 ഓളം വര്‍ഷം ക്ഷേത്രത്തിനുണ്ടെന്നാണ് കരുതുന്നത്. താനോട്ട് മാതയാണ് ഇവിടുത്തെ പ്രതിഷ്‍ഠ. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിലെ സുപ്രധാന പോരാട്ടകേന്ദ്രമായിരുന്ന ലോങ്കേവാലയുടെ സമീപ പ്രദേശമാണിവിടം.

ഈ ക്ഷേത്രത്തെപ്പറ്റി സൈന്യത്തിനു ഗ്രാമീണര്‍ക്കും ഇടയില്‍ നിരവധി കഥകളുണ്ട്. 1965ലെ യുദ്ധത്തില്‍ തനോട്ട് ക്ഷേത്രം തകര്‍ക്കാനായി ഷെല്ലുകളും ഗ്രനേഡുകളും പാകിസ്താന്‍ പട്ടാളം നിക്ഷേപിച്ചെങ്കിലും സ്ഫോടനം നടന്നില്ലത്രെ. പിന്നീട് ഇന്ത്യന്‍ സൈന്യം അവ കണ്ടെടുത്ത് നിര്‍വീര്യമാക്കിയെന്നും കഥകള്‍. കഥകള്‍ എന്തൊക്കെയായാലും ആ ഷെല്ലുകളൊക്കെ ഇവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

മറ്റൊരു കഥയില്‍ പാക് സേനയുടെ ആക്രമണത്തില്‍ നിന്നും ഗ്രാമത്തെ രക്ഷിച്ചത് ഈ ക്ഷേത്രമാണ്. 1971ലെ യുദ്ധകാലത്തായിരുന്നു അത്. ഇന്ത്യന്‍ മണ്ണില്‍ കടന്നാക്രമണം നടത്തിയ പാകിസ്താന്‍ ടാങ്കുകള്‍ പൂഴിയില്‍ പുതഞ്ഞു പോയെന്നും മണിക്കൂറുകളോളം നീങ്ങാനാവാതെ കിടന്നുവെന്നും ഇന്ത്യന്‍ സൈന്യത്തിന് അതിലൂടെ അവരെ തുരത്താനായെന്നുമൊക്കെയാണ് നാട്ടുകാര്‍ പറയുന്നത്. അന്ന് ഗ്രാമവാസികളും പട്ടാളക്കാരും ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചെന്നും ആര്‍ക്കും അപകടം സംഭവിക്കാതെ പുറത്തിറങ്ങാന്‍ സാധിച്ചെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

സംഗതി എന്തായാലും തനോട്ട് മാതായുടെ ദര്‍ശനം നടത്താതെ ഒരു പട്ടാളക്കാരനും അതിര്‍ത്തിയിലേക്ക് പോകാറില്ലത്രെ. മാതാവിന്റെ അനുഗ്രഹം തങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് പട്ടാളക്കാരനായ ആര്‍ കെ ശര്‍മ പറഞ്ഞതായും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും സഞ്ചാരികളുടെ പറുദീസയാണ് ഇന്നിവിടം. അതിര്‍ത്തി കാക്കുന്ന ക്ഷേത്രം കാണാനും രാജസ്ഥാന്‍ മരുഭൂമിയുടെ ഭംഗി ആസ്വദിക്കാനും ധാരാളം വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. മണല്‍ക്കുന്നുകളും മറ്റും നിറഞ്ഞ ഈ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒരു സാഹസികാനുഭവം തന്നെയായിരിക്കും. ജനുവരി, നവംബര്‍ മാസങ്ങളിലാവും ഇങ്ങോട്ടുള്ള യാത്രക്ക് ഉചിതം.

click me!