വിട, ടാറ്റ ഇന്‍ഡിക്ക ഇനിയില്ല..!

Web Desk |  
Published : May 25, 2018, 02:57 PM ISTUpdated : Jun 29, 2018, 04:07 PM IST
വിട, ടാറ്റ ഇന്‍ഡിക്ക ഇനിയില്ല..!

Synopsis

ടാറ്റ ഇന്‍ഡിക്ക ഇനിയില്ല ഇന്‍ഡിക്കയുടെ ഉൽപാദനം ടാറ്റ മോട്ടോഴ്സ് അവസാനിപ്പിച്ചു

ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ പൂർണ കാറെന്നു വിശേഷിപ്പിക്കപ്പെട്ട ടാറ്റ ഇന്‍ഡിക്ക ഇനിയില്ല. ഇന്‍ഡിക്കയുടെ ഉൽപാദനം ടാറ്റ മോട്ടോഴ്സ് അവസാനിപ്പിച്ചു. ഇന്ത്യന്‍ നിരത്തിലും വിപണിയിലും വിപ്ലവം സൃഷ്ടിച്ച വാഹനമാണ് ഇരുപതു വര്‍ഷത്തിനു ശേഷം വിട പറയുന്നത്. ഇന്‍ഡിക്കയെ അടിസ്ഥാനമാക്കി നിർമിച്ച ഇൻഡിഗോ സെഡാന്റെ ഉൽപാദനവും കമ്പനി അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രത്തന്‍ ടാറ്റയുടെ ആശയമായിരുന്നു ഇത്തരമൊരു കാര്‍. ഇന്‍ഡിക്ക എന്ന പേരുതന്നെ ഇന്ത്യന്‍ കാര്‍ എന്നതിന്റെ ചുരുക്കമായിരുന്നു.  1998ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലായിരുന്നു ഇന്‍ഡിക്കയുടെ അരങ്ങേറ്റം. തുടര്‍ന്ന് ഡിസംബറില്‍ വാഹനം വിപണിയിലുമെത്തി.

ആദ്യമായി ഡീസല്‍ എന്‍ജിനുമായെത്തിയ ചെറുകാറെന്ന പ്രത്യേകതയും ഇന്‍ഡിക്കയ്ക്കുണ്ട്. ആകര്‍ഷക രൂപവും മാരുതി 800-നെക്കാള്‍ കുറഞ്ഞ വിലയും ഇന്‍ഡിക്കയെ വേറിട്ടതാക്കി. ഇന്‍ഡിക്ക വിപണിയിലെത്തും മുമ്പ് മാരുതി കാറുകള്‍ക്കു വില കുറയ്ക്കുകപോലും ചെയ്തിരുന്നു.

2001ല്‍ വി 2 പതിപ്പും തുടര്‍ന്ന് ഇന്‍ഡിക്ക വിസ്റ്റ, മാന്‍ഡ എന്നീ മോഡലുകളും പുറത്തിറങ്ങിയിരുന്നു.  നാലു മീറ്ററില്‍ താഴെ നീളമുള്ള കാറുകള്‍ക്ക് നികുതി കുറവ് എന്ന വ്യവസ്ഥ വന്നപ്പോള്‍ ഇന്‍ഡിഗോയുടെ നീളം വെട്ടിക്കുറച്ച് ഇന്‍ഡിഗോ സിഎസ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് സെഡാന്‍ ആയിരുന്നു  ഇന്‍ഡിഗോ സിഎസ്.

ഒരുകാലത്ത് രാജ്യത്തെ ടാക്‌സി വിപണിയുടെ പ്രിയ വാഹനമായിരുന്നു ഇന്‍ഡിക്ക. അംബാസഡറിന്‍റെ  സ്ഥല സൗകര്യവും മാരുതി സെന്നിന്റെ വലുപ്പവും മാരുതി 800–നോട് അടുത്തുനിൽക്കുന്ന വിലയുമായിരുന്നു ഇന്‍ഡിക്കയെ വിപണിക്ക് പ്രിയങ്കരമാക്കിയത്.

വിസ്റ്റ, മാന്‍ഡ എന്നീ മോഡലുകള്‍ ഏതാനും വര്‍ഷം മുമ്പ് കമ്പനി അവസാനിപ്പിച്ചിരുന്നു. ആധുനിക രൂപകല്‍പനയും സാങ്കേതികത്തികവുമുള്ള കാറുകളിലേക്ക് കമ്പനി മാറിയതിന്റെ ഭാഗമായാണു പഴയ മോഡലുകള്‍ അവസാനിപ്പിക്കുന്നതെന്നു ടാറ്റ വ്യക്തമാക്കി. നിലവിലെ കാര്‍ ഉടമകള്‍ക്ക് സര്‍വീസ്-സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യത ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്