ടിയാഗോയുടെ കരുത്തില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റ കുതിക്കുന്നു

By Web DeskFirst Published Nov 8, 2016, 11:42 AM IST
Highlights

വില്പനയിൽ 28ശതമാനം വർദ്ധനവാണ് ടാറ്റക്ക്. മൊത്തം 16311യൂണിറ്റുകളുടെ വില്പന. ടാറ്റയുടെ ചെറുകാര്‍ ടിയാഗോയാണ് ഈ വൻ നേട്ടത്തിലേക്ക് ടാറ്റയെ വഴിനടത്തിയത്. ഒരുകാലത്ത് ഇന്ത്യൻ വിപണിയിലെ മൂന്നാമനായിരുന്ന ടാറ്റ അടുത്തകാലത്ത് വിൽപ്പനയിൽ ഏറെ പിന്നോട്ടു പോയിരുന്നു. 2012-2015 ലെ വാഹനവിപണിയിലെ മാന്ദ്യത്തിൽ നിന്ന് കരകേറാനാകാതെ നിന്ന ടാറ്റയ്ക്ക് പുതു ജീവനാണ് ടിയാഗോ നൽകിയത്. പുറത്തിറങ്ങിയ നാൾ‌ മുതൽ മികച്ച പ്രതികരണം ലഭിക്കുന്ന ടിയാഗോയുടെ 4557 യൂണിറ്റുകളാണ് സെപ്റ്റംബറിൽ മാത്രം ഇന്ത്യൻ നിരത്തുകളിലിറങ്ങിത്.

വില്പനയിൽ 23 ശതമാനം ഇടിവാണ് ഹോണ്ടക്ക്.  അഞ്ചാം സ്ഥാനത്തേക്കാണ് ഈ വാഹനഭീമന്മാര്‍ പിന്തള്ളപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 20166 യൂണിറ്റുകൾ വിറ്റഴിച്ച ഹോണ്ടക്ക് ഈ വർഷം ഓക്ടോബറിൽ 15567 യൂണിറ്റുകൾ മാത്രമാണ് വില്‍ക്കാൻ സാധിച്ചത്.

ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ ടാറ്റ ടിയാഗോ ഈ വർഷം ഏപ്രിൽ ആദ്യവാരം തന്നെ വിപണിപിടിച്ചിരുന്നു. 84ബിഎച്ച്പിയും 114എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ റെവട്രോൺ പെട്രോൾ എൻജിന്‍,  69ബിഎച്ച്പിയും 140എൻഎം ടോർക്കും നൽകുന്ന 1050സിസി ത്രീ സിലിണ്ടർ റെവോടോർക്ക് ഡീസൽ എൻജിൻ എന്നിവ ടിയാഗോക്ക് കരുത്ത് പകരുന്നു.

ടാറ്റയുടെ കോമേഷ്യൽ വാഹന വില്പനയിലും വർദ്ധനവുണ്ടായി. 15 ശതമാനം വർധന.  88976 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു. കമ്പനിയുടെ കയറ്റുമതി നിരക്കില്‍ 39 ശതമാനം വർധനവുണ്ട്. ഓരോ മാസവും കയറ്റിയയക്കുന്ന യൂണിറ്റുകളുടെ എണ്ണം 6,333 ആയി ഉയർന്നു.  ഇന്ത്യൻ വിപണിയിലെ ഒന്നാമൻ മാരുതി സുസുക്കിയാണ്. 44.1 ശതമാനമാണ് മാരുതി സുസുക്കിയുടെ വിപണി വിഹിതം. 17.8 ശതമാനം വിഹിതവുമായി ഹ്യുണ്ടായ് രണ്ടാം സ്ഥാനത്തും 8.5 ശതമാനവുമായി മഹീന്ദ്ര മൂന്നാം സ്ഥാനത്തുമുണ്ട്. 5.5 ശതമാനം മാത്രമാണ് അഞ്ചാംസ്ഥാനത്തുള്ള ഹോണ്ടയുടെ വിപണി വിഹിതം.

 

click me!