
വൈദ്യുതി തൂണില്‍ ഇടിച്ചു തകര്‍ന്ന ടാറ്റ നെക്സോണ്‍ എസ്‌യുവിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഗോവയിലാണ് സംഭവം. അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
വഴിയാത്രക്കാരനെ രക്ഷിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വൈദ്യുതി തൂണിനെ ഇടിച്ചുതെറിപ്പിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നെക്‌സോണിന്റെ വലതു മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ഇടതു മുന്‍ടയര്‍ പൂര്‍ണമായും വേര്‍പ്പെട്ടു. ബോണറ്റ് ചളുങ്ങി പുറത്തേക്ക് തെറിച്ചു. ഓയില്‍ പൂര്‍ണമായും ചോര്‍ന്നൊലിച്ചു. സസ്‌പെന്‍ഷനും തകര്‍ന്നിട്ടുണ്ട്. മേല്‍ക്കൂരയിലും ബൂട്ട് ലിഡിലും വരെ ആഘാതങ്ങള്‍ കാണാം.
അപകടത്തില്‍പ്പെട്ട വാഹനത്തിനു താത്കാലിക രജിസ്‌ട്രേഷന്‍ നമ്പറാണെന്നു ചിത്രങ്ങളില്‍ വ്യക്തമാണ്. അതിനാല്‍ ഡീലര്‍ഷിപ്പില്‍ നിന്നും ടെസ്റ്റ് ഡ്രൈവിനെടുത്ത നെക്‌സോണാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.
ഇതിനു മുമ്പ് നടന്ന പല അപകടങ്ങളിലും നെക്‌സോണ്‍ വലിയ പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടിരുന്നു. അന്നൊക്കെ വാഹനത്തിന്‍റെ ഉറപ്പിനെ സോഷ്യല്‍ മീഡിയ പുകഴ്‍ത്തുകയും ചെയ്തു. എന്നാല്‍ ഈ അപകടത്തോടെ നെക്സോണിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ സംശയത്തിലായിരിക്കുകയാണ് വാഹന ലോകം. എന്നാല്‍ ഈ അപകടത്തില്‍ യാത്രികര്‍ക്ക് ഒരു പോറല്‍ പോലുമേറ്റില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നെക്സോണ്‍ പ്രേമികള്‍ ഇതിനെ എതിര്‍ക്കുന്നത്.
വിപണിയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ തരംഗമായി മാറിയ ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വിയാണ് നെക്‌സോണ്‍. 1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170 ന്യൂട്ടൺ മീറ്ററാണ്. 6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.