
പിടിയിലായ വന്‍ വാഹന മോഷണ സംഘത്തിന്‍റെ പ്രവര്‍ത്തന രീതികള്‍ കണ്ട് പൊലീസ് സംഘം ഞെട്ടി. ഇവരുടെ കൈവശം ഉണ്ടായിരുന്ന വാഹന മോഷണത്തിനായി ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക കവര്‍ച്ചാ ഉപകരണങ്ങളാണ് പൊലീസിനെ അമ്പരപ്പിച്ചത്. കീ പ്രോഗ്രാമറുകൾ, ജി.പി.എസ് ജാമറുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഏതു മോഡൽ കാറും തുറക്കുന്ന സംഘം നോയിഡയിലാണ് പിടിയിലായത്.
ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷമായി വാഹന മോഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന വന്‍ സംഘമാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തിലെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.
രവി എന്ന ഭൂപേഷ് സിങ്, വിപിന്‍, സര്‍വേഷ് സിങ്, സുജന്‍, ലക്ഷ്മി നാരായണന്‍, ഗൗരവ് തോമര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുടെ കേന്ദ്രം റെയ്ഡ് ചെയ്‍ത പൊലീസ് അത്യാധുനിക സാങ്കേതികവിദ്യയില്‍ നിര്‍മ്മിതമായ ചൈനീസ് ഉപകരണങ്ങള്‍ പടിച്ചെടുത്തു. വാഹനങ്ങളുടെ ഇലക്ട്രോണിക് ലോക്ക് തകര്‍ക്കുന്നതിനുള്ള കീ പ്രോഗ്രാമര്‍, എക്‌സ്-100 എന്ന പേരിലുള്ള പ്രത്യേക ടൂള്‍ കിറ്റ്, ജിപിഎസ് ജാമ്മര്‍ എന്നിവ ചൈനയില്‍ നിന്നും പ്രത്യേകം ഇറക്കുമതി ചെയ്യുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.
മോഷണ രീതി പ്രതികൾ പൊലീസിന് വിവരിച്ചു നൽകി. മോഷണത്തിനാവശ്യമായ എല്ലാം ഇന്റര്‍നെറ്റില്‍ ലഭ്യമാണത്രെ. അത്യാധുനിക വാഹനങ്ങളുടെ പൂട്ടുകള്‍ തകര്‍ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്നുള്ള വീഡിയോകളില്‍ നിന്നാണ് ലഭിക്കുന്നത്. ആവശ്യമായ ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് വാങ്ങും. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലഭിക്കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്.
വാഹനത്തിന്റെ സ്റ്റിയറിങ്ങിനടിയിലുള്ള പ്രത്യേക സോക്കറ്റില്‍ കീ പ്രോഗ്രാമര്‍ ഘടിപ്പിച്ച് ഓണ്‍ലൈനുമായി ബന്ധപ്പെടുത്തി പ്രത്യേക സെര്‍വറുകളുടെ സഹായത്തോടെയാണ് വാഹനത്തിന്റെ ഇലക്ട്രോണിക് പൂട്ട് തുറക്കുന്നത്. ഇത്തരത്തില്‍ പൂട്ടു തുറക്കുന്നതിന് സഹായിക്കുന്ന കൃത്രിമ കോഡുകള്‍ നല്‍കുന്ന പ്രത്യേക വെബ്‌സൈറ്റുകളുമുണ്ട്. വാഹനത്തിന്റെ ജിപിഎസ് സംവിധാനം പ്രവര്‍ത്തന രഹിതമാക്കുന്നതിന് ജിപിഎസ് ജാമ്മര്‍ ഉപയോഗിക്കും.
മോഷ്ടിക്കാനുദ്ദേശിക്കുന്ന വാഹനത്തിനു സമീപം ഇവരുടെ വാഹനം നിര്‍ത്തിയിടുകയും മിനിറ്റുകള്‍ക്കുള്ളില്‍ പൂട്ടു തകര്‍ത്ത് വാഹനം കടത്തുകയും ചെയ്യും. വാഹന വിപണിയിലെ ഏറ്റവും മികച്ച മോഡല്‍ വാഹനങ്ങളാണ് ഇവര്‍ ലക്ഷ്യംവയ്ക്കാറുള്ളത്. വാഹനത്തിന്റെ എന്‍ജിന്‍, ചേസിസ് നമ്പറുകള്‍ മാറ്റുകയും വ്യാജ രജിസ്‌ട്രേഷന്‍ രേഖകള്‍ നിര്‍മിക്കുകയും ചെയ്യും. മോഷണത്തിന് ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളും വ്യാജ നമ്പർ പ്ലേറ്റുകളും സ്പാനറുകളും പൊലീസ് കണ്ടെടുത്തു. കുറഞ്ഞ വിലയ്ക്കാണ് ഈ വാഹനങ്ങള്‍ ഇവര്‍ വില്‍ക്കുന്നത്. 2 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെയാണ് പുത്തന്‍ വാഹനങ്ങള്‍ക്ക് ഇവര്‍ ഈടാക്കുന്നത്.
ഈ സംഘം 2001 മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തിവരികയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ഇക്കാലത്തിനിടയില്‍ ഇവര്‍ പല സംസ്ഥാനങ്ങളില്‍നിന്നായി മോഷ്ടിച്ചതെന്നും ഓരോ മാസവും 9-10 വാഹനങ്ങളാണ് ഇവര്‍ മോഷ്ടിക്കാറുള്ളതെന്നും പൊലീസ് പറയുന്നു. മോഷ്ടിച്ച വാഹനങ്ങള്‍ ലകനൗ അല്ലെങ്കില്‍ ഭോപ്പാല്‍ വഴി ആസ്സാമിലേയ്ക്ക് കടത്തുകയാണ് ഇവരുടെ രീതി.ആസ്സാം സ്വദേശിയായ റഹ്മാന്‍ എന്നയാളാണ് സംഘത്തലവന്‍ എന്ന് പോലീസ് വ്യക്തമാക്കി.
മോഷ്ടിച്ച ഹ്യൂണ്ടായി ക്രേറ്റ കാറിൽ പോവുകയായിരുന്ന സംഘത്തിലെ മൂന്ന് പേരെ പിടികൂടുകയായിരുന്നുവെന്ന് ഗൗതം ബുദ് നഗർ പൊലീസ് സൂപ്രണ്ട് ലവ കുമാർ പറഞ്ഞു. തുടർന്ന് സെക്ടർ 47ലെ ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സംഘത്തിലെ മറ്റുള്ളവരെയും പിടികൂടുകയായിരുന്നു. ഇവിടെ നിന്നും മോഷ്ടിച്ച ആറ് കാറുകളും പൊലീസ് കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന നാലുപേര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.