ജീപ്പ് കോംപസിന് ടൊയോട്ടയുടെ ഇരുട്ടടി

Web Desk |  
Published : Jul 08, 2018, 12:15 AM ISTUpdated : Oct 02, 2018, 06:48 AM IST
ജീപ്പ് കോംപസിന് ടൊയോട്ടയുടെ ഇരുട്ടടി

Synopsis

ജീപ്പ് കോംപസിന് ടൊയോട്ടയുടെ ഇരുട്ടടി പുതിയ വാഹനം വരുന്നു

ചുരുങ്ങിയ കാലത്തിനുള്ളില്‍ രാജ്യത്തെ വാഹനവിപണിയില്‍ തരംഗം സൃഷ്ടിച്ച വാഹനമാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്‍റെ കോംപസ്. മഹീന്ദ്ര ഉള്‍പ്പെടെയുള്ള ആഭ്യന്തര വാഹനിര്‍മ്മാതാക്കള്‍ക്കും വിദേശഭീമന്മാര്‍ക്കുമൊക്കെ കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ഈ ജനപ്രിയവാഹനം. എന്നാലിതാ പ്രീമിയം എസ്‌യുവി സെഗ്‍മെന്റിൽ കോംപസിന് എട്ടിന്‍റെ പണിയുമായെത്തുകയാണ് ജാപ്പനീസ് വാഹനഭീമന്‍ ടൊയോട്ട.

സി–എച്ച്ആര്‍ എന്ന കിടിലന്‍ മോഡലുമായിട്ടാണ് ടൊയോട്ടയുടെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്ന സി–എച്ച്ആറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കാഴ്ച്ചയിലും കരുത്തിലും ഫീച്ചറുകളിലും ജീപ്പ് കോംപസിന് ഇരുട്ടടിയാണ് സി–എച്ച്ആർ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

2014 ലെ പാരീസ് ഓട്ടോഷോയിലും 2015 ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിലും ലോസ് ആഞ്ചലസ് ഓട്ടോഷോയിലും   പ്രദർശിപ്പിച്ച ക്രോസ് ഓവർ എസ്‌യു‌വി കൺസെപ്റ്റിന്റെ പ്രൊ‍ഡക്ഷൻ പതിനെ 2016 ജനീവ മോട്ടോര്‍ ഷോയിലാണ് പൂര്‍ണരൂപത്തില്‍ ടൊയോട്ട ആദ്യമായി അവതരിപ്പിക്കുന്നത്. TNGA അടിസ്ഥാനമാക്കിയ എസ്‌യുവി ജപ്പാൻ, യൂറോപ്പ് വിപണികളിൽ 2017 മുതല്‍ വിൽപ്പനയ്ക്കുണ്ട്.

കോംപാക്റ്റ് ഹൈ റൈഡർ എന്നതിന്റെ ചുരുക്കപ്പേരാണ് സി–എച്ച്ആർ. 4,360 mm നീളവും 1,795 mm വീതിയും 1,565 mm ഉയരവും ഈ എസ്‌യുവിക്കുണ്ട്. 2,640 mm വീല്‍ബേസും 180 mm ഗ്രൗണ്ട്ക്ലിയറന്‍സും വാഹനത്തിനുണ്ട്.  രൂപഭംഗിക്കും ഫീച്ചറുകൾക്കും മുൻതൂക്കം നൽകിയാണ് ഡിസൈൻ ആവിഷ്കരിച്ചിട്ടുള്ളത്.  സ്പോർട്ടിയറായ മുൻഭാഗം, മസ്കുലറായ വശങ്ങൾ, ആഡംബരം നിറഞ്ഞ ഉൾഭാഗം എന്നിവ സി–എച്ച്ആറിന്റെ പ്രത്യേകതകളാണ്.

വാഹനത്തിന്‍റെ യൂറോപ്യൻ വകഭേദത്തിൽ 1.2 ലീറ്റർ ടർബോ ചാർജ്ഡ്  പെട്രോൾ, 1.8 ലീറ്റർ ഹൈബ്രിഡ് , 2 ലീറ്റർ എന്നീ എൻജിനുകളാണുള്ളത്. ഇന്ത്യയിലെത്തുമ്പോൾ 122 ബിഎച്ച്പി കരുത്തുള്ള 1.8  ലീറ്റർ പെട്രോള്‍ ഹൈബ്രിഡ് എൻജിനായിരിക്കും ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഡ്യൂവല്‍ സോണ്‍ ഓട്ടോമാറ്റിക് എസി, 4.2 ഇഞ്ച് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ അകത്തളത്തെ വേറിട്ടതാക്കുന്നു.

ഒമ്പതു സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സംവിധാനം ആഗോള വിപണികളില്‍ അണിനിരക്കുന്ന മോഡലിലുണ്ട്. പ്രീ-കൊളീഷന്‍ സംവിധാനം, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ അലേര്‍ട്ട്, സ്റ്റീയറിംഗ് കണ്‍ട്രോള്‍, റോഡ് സൈന്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും. കടുത്ത മത്സരം കണക്കിലെടുത്ത് 15 ലക്ഷം മുതല്‍ 20 ലക്ഷം വരെയായിരിക്കും വാഹനത്തിന്‍റെ വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സി-എച്ച്ആറിന്‍റെ പരീക്ഷണ ഓട്ടത്തിന്‍റെ ചിത്രങ്ങള്‍ ബെംഗളൂരുവില്‍ നിന്നാണ് പകര്‍ത്തിയതെന്നാണ് സൂചന. എന്നാല്‍ പുതിയ വാഹനത്തിന്റെ വിപണി പ്രവേശനത്തെപ്പറ്റി ടൊയോട്ട ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2020 ഓടെ വാഹനം  വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിരത്തുകൾ കീഴടക്കാൻ 5 പുത്തൻ ബൈക്കുകൾ!
വില 70,000-ൽ താഴെ; ഈ ബൈക്കിന്റെ മൈലേജ് അത്ഭുതപ്പെടുത്തും!