കുന്നുകള്‍ക്കും മരങ്ങള്‍ക്കും മുകളിലൂടൊരു ജലയാത്ര!

By പ്രിന്‍സ് പാങ്ങാടന്‍First Published Jan 23, 2018, 5:02 PM IST
Highlights

 

യാത്രയാണനന്തമാം യാത്രയാണ്
ഇടയ്ക്കല്‍പ്പമാത്രയൊന്നിളവേല്‍ക്കാന്‍
കൂടുതേടുന്നോര്‍ നമ്മള്‍....

 

നുവരി ഒന്നിനാണ് ആ തീരുമാനമെടുത്തത്. അത് എഫ് ബി പോസ്റ്റായി വോളിലിട്ടു. അത് ഇങ്ങനെയായിരുന്നു. അടുത്ത പന്ത്രണ്ട് മാസം. മാസത്തില്‍ ഒരു യാത്ര. ഒരേ ഒരു നിബന്ധന. യാത്രയെപ്പറ്റി കുറിപ്പെഴുതണം.

പോസ്റ്റിന് കമന്‍റുമായി കുറേ സുഹൃത്തുക്കളെത്തി. അതെത്തുടര്‍ന്നാണ് എന്ന ട്രാവല്‍ ഡസ്ക് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. ഗ്രൂപ്പിലുള്ള കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ .വിവിധ ജോലികള്‍ ചെയ്യുന്നവര്‍. മിക്കവരും അപരിചിതര്‍. അവരുമായി വേണം യാത്ര ചെയ്യാന്‍. ആണ്‍ പെണ്‍ വേര്‍തിരിവുകളില്ലാത്ത, യാത്രയെ സ്‌നേഹിക്കുന്ന, യാത്രയെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടം അങ്ങനെ രൂപപ്പെട്ടു.

ആ ഗ്രൂപ്പിലൂടെയായി പിന്നീടുള്ള പ്ലാനിങ്ങും ചര്‍ച്ചയുമെല്ലാം. അങ്ങനെയങ്ങനെയാണ് ട്രാവല്‍ ഡെസ്‌ക്ക് ഗ്രൂപ്പിന്റെ ആദ്യ യാത്രയ്ക്ക് തുടക്കമായത്. ഓരോരുത്തരും നിശ്ചയിച്ചിരിക്കുന്ന ഒരു ഡെസ്റ്റിനേഷനിലേക്ക് എത്തണം.അവിടുന്നങ്ങോട്ട്, പോകാനുദ്ദേശിക്കുന്നിടത്തേക്ക് ഒന്നിച്ച് യാത്ര.

അങ്ങനെ ജനുവരിയിലെ യാത്രയെപ്പറ്റി ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നടന്നു. അധികമാരും എത്തിയിട്ടില്ലാത്ത, എന്നാല്‍ അപകട സാധ്യത കുറഞ്ഞതും ഇത്തിരി സാഹസികത ഉള്ളതുമായ സ്ഥലം വേണം. അങ്ങനെയാണ് ഇടിമുഴങ്ങാംപാറയെന്ന സ്ഥലത്തേക്ക് പോകാമെന്ന് തീരുമാനിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് തെന്മലയില്‍ എത്തണമെന്നാണ് തീരുമാനിച്ചത്. 11 മണിയ്‌ക്കു തന്നെ ആദ്യത്തെ ആളെത്തി.

അനീഷ്. കൊച്ചിയില്‍ നിന്ന്. പിന്നാലെ പത്തനംതിട്ടയില്‍ നിന്ന് ജോബിന്‍. തൊട്ടുപിന്നാലെ കോഴിക്കോട്ട് നിന്ന് ധന്യ, ഇന്ദു. 12 മണിയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ജിഷയും ജിജിയും. എല്ലാവരെയും സ്വീകരിച്ച് ബിനു തെന്മലയില്‍ തന്നെ ഉണ്ടായിരുന്നു. ഇടിമുഴങ്ങാംപാറയിലേക്കുള്ള യാത്രയുടെ കോ ഓര്‍ഡിനേറ്റര്‍ ബിനുവായിരുന്നു. (ഓരോ യാത്രയ്ക്കും ഒരു കോ ഓര്‍ഡിനേറ്റര്‍ ഉണ്ടാകും)

എല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നു. ബിനുവും അനീഷുമൊക്കെ മാറി മാറി വിളിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ഞങ്ങള്‍ മൂന്ന് പേര്‍ ഇനിയും പുറപ്പെട്ടിട്ടില്ല. ഞാനും രാഹുലും സിനോയിയും. ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ താമസിച്ചു. രാഹുല്‍ നേരത്തേ എന്റെയടുത്ത് എത്തിരുന്നു. പതിനൊന്നരയോടെ വീട്ടില്‍ നിന്നിറങ്ങി.

രാഹുലും ഞാനും ബുള്ളറ്റില്‍ തെന്മലയിലേക്ക്. നെടുമങ്ങാട് ഭാഗത്ത് നിന്ന് സിനോയി മറ്റൊരു ബുള്ളറ്റില്‍ ഞങ്ങള്‍ക്കൊപ്പം കൂടി. രണ്ടര മണിക്കൂര്‍ യാത്ര ചെയ്ത് ഞങ്ങള്‍ തെന്മലയിലെത്തി. തെന്മല ഇക്കോടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസിലെത്തിയപ്പോല്‍ ബിനു പതിവു ചിരിയും താമസിച്ചതിലെ പരിഭവവുമായി ഞങ്ങളെ സ്വീകരിക്കാനെത്തി.

ബാക്കിയെല്ലാവരും കാത്തിരുന്ന് മടുത്ത് ഭക്ഷണം കഴിക്കാനായി പോയിരുന്നു.ബാഗുകള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വെച്ച് തൊട്ടുമുന്നിലുള്ള കടയില്‍ നിന്ന് ഊണ് കഴിച്ചു. നല്ല ഭക്ഷണം.പിന്നെ നല്ല വിശപ്പുണ്ടായിരുന്നതിനാലും കൂടിയാകാം.ബുള്ളറ്റുകള്‍ രണ്ടും ഇന്‍ഫര്‍മേഷന്‍ സെന്റിന് സമീപത്ത് 24 മണിക്കൂര്‍ നേരത്തേക്ക് വിശ്രമിക്കാനിരുത്തി.

ഭക്ഷണം കഴിച്ച് ഞങ്ങള്‍ മൂന്ന് പേരും തിരികെയെത്തുമ്പോഴേക്കും ബാക്കിയെല്ലാവരും ഭക്ഷണം കഴിച്ച് ഞങ്ങള്‍ക്ക് ബോട്ട് ജെട്ടിയിലേക്ക് പോകാനുള്ള ബസില്‍ കയറി.ആരും ചീത്ത വിളിക്കരുതെന്ന് പറഞ്ഞ് ക്ഷമാപണത്തോടെ രണ്ടരയോടെ ബസിലേക്ക്. ഗ്രൂപ്പിലെ യാത്രാ ചര്‍ച്ചകളില്‍ സജീവമായിരുന്നതിനാല്‍ ആര്‍ക്കും അപരിചിതത്വം തോന്നിയില്ല.എല്ലാ മുഖങ്ങളും ഡി പി ആയി കാണുന്നുണ്ടായതിനാലാകും. ബസില്‍ പത്ത് മിനിട്ട് യാത്ര.

പരപ്പാര്‍ ഡാമില്‍ ഇപ്പോള്‍ വെള്ളം കൂടുതലാണ്. അതുകൊണ്ട് മുന്‍പ് ഞാന്‍ പോയപ്പോള്‍ യാത്ര തുടങ്ങിയിടത്ത് നിന്നല്ല ഇത്തവണ ബോട്ടില്‍ കയറുന്നത്. ബോട്ടിലേക്ക് കയറാനായി കളംകുന്നിലെത്തണം. തെന്മല എര്‍ത്ത് ഡാമിനടുത്ത്. അവിടെ ബസിറങ്ങി ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളുമായി ബോട്ടിലേക്ക്.കൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ പിള്ളയും ശ്രീക്കുട്ടന്‍ ചേട്ടനും രാമര്‍ ചേട്ടനും.

ഡാമില്‍ വെള്ളം കൂടുതലായതിനാല്‍ കാറ്റടിച്ചാല്‍ യാത്ര ദുഷ്‌കരമാകും.രണ്ട് മൂന്ന് മീറ്ററോളം ഉയരത്തില്‍ തിരയടിച്ചേക്കാം. എന്നാലും രസകരമായ യാത്ര അങ്ങനെ തുടങ്ങുകയാണ്. തമ്മില്‍ തമ്മില്‍ ആദ്യമായി കാണുന്നവരാണ് മിക്കവരും. ഗ്രൂപ്പില്‍ സജീവമായതിനാലാകും ആ അകല്‍ച്ചയൊന്നും ആര്‍ക്കും തോന്നിയില്ല.

കഴിഞ്ഞ യാത്രയില്‍ ഡാമില്‍ മുഴുവന്‍ മൊട്ടക്കുന്നുകള്‍ കാണാമായിരുന്നു.കുന്നുകളില്‍ നിറയെ കാട്ടുപോത്തുകള്‍ മേഞ്ഞ് നടന്നിരുന്നു. പിന്നെ ആനകളും ഏറെയുണ്ടായിരുന്നു. വെള്ളം എത്രയോ അടി താഴെയായിരുന്നു.പക്ഷേ ഇത്തവണത്തെ കാഴ്ച അതല്ല. മൊട്ടക്കുന്നുകളൊന്നും കാണാനില്ല. കുന്നുകളുടെ മുകളില്‍ നിന്ന ചില മരത്തലപ്പുകള്‍ മാത്രമാണ് കാണാനാകുന്നത്. അത്രയേറെ വെള്ളം കയറിക്കിടക്കുന്നു. മൊട്ടക്കുന്നുകള്‍ വെള്ളം കയറിപ്പോയതോടെ കാട്ടുപോത്തും ആനകളുമെല്ലാം പുല്ലും മുളകളുമുള്ള വനത്തിനുള്ളിലേക്ക് കയറിപ്പോയിരിക്കുന്നു. ആരെയും കാണാനാകില്ലെന്ന് ഉറപ്പായി. പക്ഷേ വെള്ളം നിറഞ്ഞു കിടക്കുന്ന റിസര്‍വ്വോയര്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.

യാത്രക്കിടയില്‍ എല്ലാവരും മൊബൈലില്‍ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു.അതിനിടെ മൊബൈല്‍ റെയ്ഞ്ച് കട്ടായി. അതു വരെ ഗ്രൂപ്പിലേക്ക് എല്ലാവരും ഫോട്ടോകള്‍ അപ് ലോഡ് ചെയ്തും യാത്രയ്ക്ക് വരാത്തവര്‍ ആ ഫോട്ടോകള്‍ കണ്ട് ഫീലിംങ് ഇമോജികള്‍ അയച്ചുകൊണ്ടുമിരുന്നു. പെട്ടന്ന് റെയ്ഞ്ച് കട്ടായി. സമാധാനം. ഇനിയാരും മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കില്ലല്ലോ.

പക്ഷേ എനിക്കൊരല്‍പ്പം നിരാശ തോന്നി. ഒരൊറ്റ മൃഗത്തെയും കാണാനാകുന്നില്ല. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ എത്രയെണ്ണത്തിനെ കാണേണ്ടതാണ്. വെള്ളം അത്രയേറെ കൂടുതലുണ്ട്. യാത്ര അരമണിക്കൂര്‍ പിന്നിടുമ്പോള്‍ നമുക്ക് തിരിഞ്ഞു പോകേണ്ട സ്ഥലമെത്തും. കഴിഞ്ഞ തവണ മരത്തലപ്പുകള്‍ക്കടിയിലൂടെയാണ് ഇടിമുഴങ്ങാംപാറയിലേക്ക് തിരിഞ്ഞത്. ഇപ്രാവശ്യം പക്ഷേ തിരിഞ്ഞ് പോകേണ്ട ഭാഗത്ത് മരങ്ങള്‍ക്ക് മുകളിലൂടെയാണ് പോകുന്നത്.

മരത്തലപ്പുകള്‍ മാത്രമാണ് കാണാനുള്ളത്. അവയ്ക്കിടയിലൂടെ ബോട്ട് മുന്നോട്ട് നീങ്ങി.വലിയ കുന്നുകളാണ് ഇപ്പോള്‍ ഈ വെള്ളത്തിനടിയിലുള്ളതെന്ന് ഓര്‍ത്തപ്പോള്‍ തന്നെ പേടി തോന്നി.അത്രയേറെ വെള്ളമുണ്ടല്ലോ.മാത്രമല്ല പരപ്പാര്‍ ഡാമിനടിയില്‍ വെള്ളം കയറിപ്പോയ ഗ്രാമത്തെയും ഓര്‍ത്തു. അതിലൊരിടത്തുണ്ടായിരുന്ന ബംഗ്ലാവ് 2008 ല്‍ വെള്ളം വറ്റിയ സമയത്ത് ഡാമിന് നടുവില്‍ കാണാമായിരുന്നു.അന്നെടുത്ത ഫോട്ടോ തെന്മല ഇക്കോടൂറിസം ഇഫര്‍മേഷന്‍ സെന്ററില്‍ വെച്ചിട്ടുണ്ട്. ആ കാഴ്ചയും വെറുതേ മനസിലൂടെ ഓടിപ്പോയി.

പിന്നെയും പത്ത് മിനിട്ട് കൂടി സമയം കടന്നു പോയി. ദൂരെ പച്ചപ്പിന് നടുവില്‍ ഞങ്ങള്‍ക്ക് താമസിക്കാനുള്ള കോട്ടേജുകള്‍. അവിടേയ്‌ക്കെത്താന്‍ ഇനിയും പത്ത് മിനിട്ട് കൂടി വേണ്ടി വരും. നേരത്തേ പോയപ്പോള്‍ കോട്ടേജിന് അരക്കിലോമീറ്റര്‍ ഇപ്പുറത്ത് വരെയേ ബോട്ട് എത്തുമായിരുന്നുള്ളു. അവിടെയിറങ്ങി വനത്തിലൂടെ നടന്ന് വേണം കോട്ടേജുകളിലേക്കെത്താന്‍. പക്ഷേ ഇത്തവണ കോട്ടേജിന് അരിക് വരെ വെള്ളം നിറഞ്ഞ് കിടക്കുകയാണ്.അതുകൊണ്ട് ബോട്ട് കോട്ടേജുകള്‍ക്ക് അരികെ വരെയെത്തും.

ബോട്ട് ഡ്രൈവര്‍ നവാസ് ബോട്ട് പരമാവധി കരയിലേക്ക് അടുപ്പിച്ചു.എന്നാലും ഇത്തിരി ആയാസപ്പെട്ടാലെ വെള്ളത്തിലിറങ്ങാതെ കരയിലെത്താനാകൂ. ബോട്ടിലെ പിന്നിലെക്കെത്തി രണ്ടും കല്‍പ്പിച്ച് കരയിലേക്ക് എടുത്തു ചാടിവേണം ഇറങ്ങാന്‍. ആദ്യം ഇറങ്ങിയ രാമര്‍ ചേട്ടനും ശ്രീക്കുട്ടന്‍ ചേട്ടനും കൂടി എല്ലാവരുടെയും ബാഗും ഭക്ഷണസാധനങ്ങളുടെ പാക്കറ്റുകളും കരയിലെത്തിച്ചു. പിന്നാലെ ഓരോരുത്തരായി കരയിലേക്ക് ചാടി.

എല്ലാവരും ഇറങ്ങിക്കഴിഞ്ഞതോടെ ബോട്ട് തിരികെ പോവുകയാണ്.ഇനി നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മാത്രമേ ബോട്ടെത്തൂ.കരയുമായുള്ള ബന്ധം നഷ്ടപ്പെടുകയാണ്.ഒരു വശത്ത് നിബിഡമായ ശെന്തുരുണി വനം.മറുവശത്ത് തെന്മല പരപ്പാര്‍ ഡാമിന്റെ 175 കിലോമീറ്റര്‍ ചുറ്റളവ് വരുന്ന റിസര്‍വ്വോയര്‍.മൊബൈല്‍ ഫോണിന് റേഞ്ചില്ല.കരയുമായി ബന്ധപ്പെടാന്‍ ആകെയുള്ളത് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ പിള്ളയുടെ കൈവശമുള്ള വയര്‍ലെസ് സെറ്റ് മാത്രം. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വെള്ളത്തിനും  ശെന്തുരുണി വനത്തിന്‍റെ നിഗഊഡതയ്ക്കും ഇടയില്‍ ഞങ്ങള്‍ 12 പേര്‍.

ചുറ്റും രണ്ടാള്‍ പൊക്കത്തില്‍ ട്രഞ്ച് കുഴിച്ച് അതിന് പുറത്ത് സോളാര്‍ ഫെന്‍സിങ്ങ് ചെയ്തിരിക്കുന്ന രണ്ട് കോട്ടേജുകളിലായാണ് ഇവിടെയെത്തുന്നവര്‍ താമസിക്കുന്നത്. ഒരു കോട്ടേജിനോട് ചേര്‍ന്ന് ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ഒറ്റമുറി. ആ മുറി തന്നെയാണ് ഡൈനിങ് റൂമായി ഉപയോഗിക്കുന്നത്. പിന്നെ അടുക്കള.

ചെന്നയുടന്‍ ബാഗുകളൊക്കെ അടുക്കി വെച്ചിട്ട് എല്ലാവരും മുറ്റത്ത് ഒത്തുകൂടി. ഒന്ന് കുളിച്ചാല്‍ ഈ ക്ഷീണമെല്ലാം മാറും. രാജന്‍ പിള്ള ഓര്‍മ്മിപ്പിച്ചു. നല്ല തണുത്ത വെള്ളത്തില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാം. വെള്ളം കുറവാണ് എന്നാലും അത്യാവശ്യം വെള്ളമുണ്ട്.

കേട്ടപാതി എല്ലാവരും തയ്യാറായി. മുന്‍പ് ചെന്നപ്പോള്‍ പോയ ഭാഗമാണ് എന്റെ മനസില്‍. പക്ഷേ അവിടേയ്ക്കല്ല പോയത്. അതിനും കുറച്ച് താഴെയുള്ള മറ്റൊരു ഭാഗം. അവിടെ ബാത്ത്ടബ്ബ് പോലെ നിരവധി കുഴികള്‍. അതിലേക്ക് വെള്ളം വീണു കൊണ്ടേയിരിക്കുന്നു. നമുക്ക് ഇറങ്ങി നിന്നോ, ഇരുന്നോ , കിടന്നോ ഒക്കെ കുളിക്കാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ട് ഭാഗത്തായാണ് ഇത്തരത്തില്‍ കുളിക്കാനുള്ള സ്ഥലം. നേരത്തേ ഉപയോഗിച്ചിരുന്ന വെള്ളച്ചാട്ടത്തില്‍ അധികം വെള്ളമില്ലാത്തതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വൃത്തിയാക്കി ഇട്ടിരിക്കുന്നതാണ് ഈ സ്ഥലം. വെള്ളം അധികമുള്ളപ്പോള്‍ ഇവിടെ ഇറങ്ങാനാകില്ല.

ഒരു മണിക്കൂറോളമെടുത്ത് കുളിയൊക്കെ കഴിഞ്ഞ് എല്ലാവരും തിരികെയെത്തി. അപ്പോളേക്കും ചൂട് ചായയും കപ്പയും കാന്താരിച്ചമ്മന്തിയും തയ്യാറാക്കി ശ്രീക്കുട്ടന്‍ ചേട്ടന്‍ കാത്തിരുന്നു. ശ്രീക്കുട്ടന്‍ ചേട്ടന്റെ കൈപ്പുണ്യം നേരത്തേ അറിയാവന്നതിനാല്‍ ഭക്ഷണത്തെപ്പറ്റി എനിക്ക് ആശങ്കയുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കുന്നിടയില്‍ തന്നെ എല്ലാവരും പേരൊക്കെ പറഞ്ഞ് പരിചയപ്പെട്ടു. ബിനു ഇതിനിടെ കേക്കുമായെത്തി. ഗ്രൂപ്പിന്റെ പേര് എഴുതിയ കേക്ക് മുറിച്ച് ട്രാവല്‍ ഡെസ്‌ക്ക് വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു.

ഇരുട്ട് വീണു. രാമറണ്ണന്‍ വിറകുമായെത്തി. ക്യാംപ് ഫയറിനുള്ള ഒരുക്കം തുടങ്ങി. തീയിട്ട് അതിനു ചുറ്റുമുള്ള കല്‍ബെഞ്ചുകളില്‍ എല്ലാവരും ഇരുന്നു. നല്ല ചൂര വറുത്തതും ചിക്കന്‍ കരള്‍ വറുത്തതുമൊക്കെ എത്തിക്കൊണ്ടേയിരിക്കുന്നു. തീ കത്തി നില്‍ക്കുകയാണ്. കാട് അതിന്റെ വന്യതയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. ചീവിടുകള്‍ നിര്‍ത്താതെ കരയുന്നു. പിന്നെ പേരറിയാത്ത അസംഖ്യം പക്ഷികള്‍ നിര്‍ത്താതെ ചിലക്കുന്നു. ഇടയ്ക്കിടെ ചില മുരള്‍ച്ചകള്‍. ചിലപ്പോഴൊക്കെ ട്രഞ്ചിനപ്പുറത്ത് കാടനങ്ങുന്നു.

സമയം പതിയെ നീങ്ങി. ഇരുട്ടിന് കട്ടി കൂടിക്കൂടി വന്നു. 9 മണിയോടെ ഭക്ഷണം തയ്യാറായെന്ന് ശ്രീക്കുട്ടന്‍ ചേട്ടന്‍ അറിയിച്ചു. ചിക്കന്‍ ചുട്ടതും ചിക്കന്‍ കറിയും കപ്പയും ചോറും. സ്വാദിഷ്ഠമായ ഭക്ഷണം. ഭക്ഷണം കഴിച്ച് എല്ലാവരും  തിരികെയെത്തി.

വനത്തിന്റെ തണുപ്പും ഡാമില്‍ നിന്നടിക്കുന്ന കാറ്റുംകൂടിയായപ്പോള്‍ ശരീരത്തില്‍ സൂചി കുത്തുന്ന അതേ അവസ്ഥ. എന്നിട്ടും പതിനൊന്ന് മണിവരെ എല്ലാവരും അവിടെത്തന്നെയിരുന്നു. തീ പതിയെ അണഞ്ഞ് തുടങ്ങി. ഞാന്‍ അവിടെത്തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. തീ ഒന്നുകൂടി കത്തിച്ചെടുത്തു. അതിനടുത്ത് തന്നെ തോര്‍ത്ത് വിരിച്ച് കിടന്നു. കരിങ്കല്‍ കസേരകളിലൊന്നില്‍ രാഹുലും മറ്റൊന്നില്‍ ബിനുവും ഇടം പിടിച്ചു. കുറേ നേരം കഥകളൊക്കെ പറഞ്ഞ് ജിഷയും അവിടെത്തന്നെ ഇരുന്നു. ബാക്കിയെല്ലാവരും പതിയെ കോട്ടേജുകള്‍ക്കുള്ളിലേക്ക് പോയി. രാവിലെ ട്രക്കിംങിനായി പോകേണ്ടതാണ്. തീക്കുണ്ഡത്തിനടുത്ത് കിടന്ന് ആകാശത്തേക്ക് നോക്കി.നിറയെ നക്ഷത്രങ്ങള്‍.ആകാശവും ഭൂമിയും തൊട്ടടുത്ത് ജലാശയവും . നമ്മള്‍ വേറൊരു ലോകത്തെത്തിയ പോലെ. അവിടെക്കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി .

പുലര്‍ച്ചെ മൂന്ന് മണിയോടെ രാഹുല്‍ വിളിച്ചുണര്‍ത്തി. ബിനു നേരത്തേ തന്നെ കോട്ടേജിന് ഉള്ളിലേക്ക് പോയിരുന്നു. ഞങ്ങളും കോട്ടേജിന് ഉള്ളില്‍ പോയിക്കിടന്നു. എപ്പോഴോ കണ്ണടഞ്ഞു. നാലരയോടെ വീണ്ടും ഉണര്‍ന്നു. മുറിക്കുള്ളില്‍ വല്ലാത്ത ചൂട്. ആറ് പേര്‍ കിടന്നുറങ്ങുന്നു. ജനാലകളൊന്നും തുറന്നിട്ടില്ല.പതിയെ എണീറ്റ് ജനാലകള്‍ തുറന്നിട്ടു.അപ്പോളേക്കും പിന്നെയും ഉറക്കം നഷ്ടമായി. വീണ്ടും പുറത്തിറങ്ങിക്കിടന്നു.

പുലര്‍ച്ചെ ബിനു ക്യാമറയുമായി പുറത്തേക്കോടുന്നത് കണ്ടാണ് കണ്ണ് തുറന്നത്. ട്രഞ്ചിനപ്പുറത്ത് ഏതോ മൃഗം ഉണ്ടത്രേ. സിനോയിയും ബിനുവിനൊപ്പം പുറത്തേക്ക് പോയി. മനുഷ്യന്റെ മണം കിട്ടിയതും അവിടെയുണ്ടായിരുന്ന മൃഗം ഓടിക്കളഞ്ഞത്രേ. നിരാശനായി ബിനുവും സിനോയിയും തിരികെയെത്തി. പിന്നീട് ശ്രീക്കുട്ടന്‍ ചേട്ടനാണ് പറഞ്ഞത്. അതൊരു ഒറ്റയാന്‍ പന്നിയായിരുന്നു. ക്രൂരനായ ഒറ്റയാന്‍. അത് ശരിയാണെന്ന് മനസിലായി. അവന്റെ സ്വസ്ഥതയിലേക്ക് രണ്ട് മനുഷ്യര്‍ ചെന്ന ദേഷ്യം മുഴുവന്‍ ജലാശയത്തിന് കരയില്‍ കുത്തിയിളക്കി തീര്‍ത്തിരിക്കുന്നത് ട്രെക്കിംങ്ങിനായി പോകും വഴി കണ്ടു.

ലോകത്ത് തന്നെ ചെങ്കുറിഞ്ഞി മരങ്ങള്‍ ഉള്ളത് ഈ വനത്തിലാണത്രേ. അതിനാലാണ് വനത്തിന് ചെങ്കുറിഞ്ഞിവനമെന്ന പേര് വന്നത്. പിന്നീടത് പറഞ്ഞ് പഴകി ശെന്തുരുണിയായി. പ്രദേശത്തെ തമിഴ് സ്വാധീനവും ഇതിന് കാരണമായിട്ടുണ്ടാകാം. മുപ്പതിലധികം സസ്‍തനികളും ഇരുനൂറ്റമ്പതിലധികം പക്ഷികളും മുപ്പത്തിയേഴിനം തവള വര്‍ഗ്ഗങ്ങളും രാജവെമ്പാല ഉള്‍പ്പെടെ നാല്പ്പത്തിയഞ്ച് ഉരഗവര്‍ഗ്ഗങ്ങളും ഈ വനത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അവസാനം നടന്ന സെന്‍സെസ് അനുസരിച്ച് ഏഴു കടുവകളും ശെന്തുരുണി വനത്തിനുള്ളിലുണ്ട്. താമസിക്കുന്ന കോട്ടേജിന് തൊട്ടുമുന്നില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടുപോത്തിനെ കടുവ പിടിച്ച സംഭവം ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ പിള്ള പറഞ്ഞു. ഇതെല്ലാം കേട്ടാണ് കൊടുംകാട്ടിലേക്ക് നാല് കിലോമീറ്റര്‍ ട്രെക്കിംങ്ങിനായി പോകേണ്ടത്.

പ്രഭാത ഭക്ഷണം കഴിച്ച് എല്ലാവരും ട്രെക്കിംങ്ങിനായി തയ്യാറായി.യാത്ര തുടങ്ങി പത്ത് മിനിട്ടില്‍ തന്നെ ശെന്തുരുണി കാട് ഒരുക്കി വെച്ച അത്ഭുതം കണ്ടു. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു മരം. അതിന്റെ രണ്ട് വേരുകള്‍ക്കിടയില്‍ ആനയ്ക്ക് കയറി മറഞ്ഞ് നില്‍ക്കാവുന്നത്ര അകലവും വലുപ്പവും. ആനകള്‍ അവിടെ മറഞ്ഞ് നില്‍ക്കാറുണ്ടെന്ന് രാജന്‍പിള്ള സാര്‍ പറഞ്ഞു. സത്യമാണെന്ന് നമുക്കും ബോധ്യപ്പെടും .ആ വേരുകളില്‍ ആന ശരീരം ഉരച്ചതിന്റെ പാടുകളും ചെളിയുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്നു.ദൂരത്തല്ലാതെ ആനപ്പിണ്ടവും കാണാം. പിന്നെയങ്ങോട്ട് ജൈവ വൈവിദ്ധ്യ കലവറയിലേക്കാണ് ശെന്തുരുണി നമ്മളെക്കൂട്ടിക്കൊണ്ട് പോകുന്നത്. പ്രാണികള്‍, പക്ഷികള്‍ തുടങ്ങി പലതരം ജീവികള്‍.

വനത്തില്‍ ചിലയിടങ്ങളില്‍ മൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാനുള്ള ചെറിയ കുളങ്ങള്‍, വനംവകുപ്പ് നിര്‍മ്മിച്ചവയാണ്. അതിലൊക്കെ കുറേശ്ശെ വെള്ളമുണ്ട്. സ്വാഭാവിക അരുവികളൊക്കെ വറ്റിയിരിക്കുന്നു. നിരവധി വന്‍ മരങ്ങള്‍ കാട്ടിലുടനീളം കടപുഴകി കിടപ്പുണ്ട്. ഓഖി ചുഴലിക്കാറ്റ് വീശിയ ദിവസം മറിഞ്ഞു പോയവയാണ് അവയെന്ന് രാജന്‍പിള്ള വിശദീകരിച്ചു. വനത്തിലൂടെ നാല് കിലോമീറ്റര്‍ പിന്നിടുന്നതിനിടയില്‍ പലപ്പോഴും സ്ഥിരം വഴിയില്‍ നിന്ന് മാറി പുതിയ വഴിയുണ്ടാക്കി പോകേണ്ടി വന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വള്ളിച്ചെടികള്‍, ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള മരങ്ങളില്‍ പിണഞ്ഞ് കിടക്കുന്നു. കാല്‍ പുതയുന്നത്ര കനത്തില്‍ വീണു കിടക്കുന്ന കരിയിലകള്‍, വെള്ളം ഒഴുകിയൊഴുകി പല ആകൃതികള്‍ രൂപപ്പെട്ടിരിക്കുന്ന നീര്‍ച്ചാലും കല്ലുകളും. ഇലകള്‍ തന്നെ എത്രയോ നിറഭേദങ്ങളില്‍ നില്‍ക്കുന്നു. പേരറിയാത്ത അസംഖ്യം പക്ഷികളുടെ തൂവലുകള്‍ കാട്ടില്‍ പലയിടത്തും കണ്ടു. അതിനിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കുഞ്ഞന്‍ പക്ഷിക്കൂടും. ഹമ്മിങ് ബേര്‍ഡിന്റെയാണ് ആ കൂടെന്ന് കാടിനെ നന്നായറിയാവുന്ന ബിനു പറയുന്നുണ്ടായിരുന്നു.

നടത്തം നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും വഴി രണ്ടായി പിരിയുന്ന ഒരു സ്ഥലത്തെത്തി.ഒരു വഴി നേരേയും മറ്റത് കുത്തനെയുള്ള ഇറക്കവും.ആ ഇറക്കത്തിലൂടെയാണ് നമുക്ക് പോകേണ്ടത്. ദൂരെയെവിടെയോ അരുവി ഒഴുകുന്ന ശബ്ദം. ഇറക്കം ഇറങ്ങി കുറച്ച് ദൂരം എത്തുമ്പോഴേക്കും ദൂരെ താമസ സ്ഥലം കാണാം. എന്നാല്‍ പിന്നെ ഒന്നുകൂടി കുളിച്ചേക്കാമെന്ന് തീരുമാനിച്ചു.

പിന്നെയും അരുവിയിലെ സ്വാഭാവിക ബാത്ത് ടബ്ബുകളില്‍ കുളി. അതുംകഴിഞ്ഞ് തിരികെയെത്തിയപ്പോളേക്കും മടങ്ങിപ്പോകാനായുള്ള ബോട്ടെത്തി. ഉച്ചഭക്ഷണവും തയ്യാര്‍. നല്ല അരിവറുത്തിട്ട ചക്കത്തോരനും അവിയലും ചിക്കന്‍കറിയും മോരും സാമ്പാറുമൊക്കെ കൂട്ടി സമൃദ്ധമായ ഊണ്. ഊണ് കഴിഞ്ഞ്  ബാഗുകള്‍ പാക്കുചെയ്തു .എല്ലാവരും പുറത്തിറങ്ങി.വിട്ടു പോരാന്‍ തോന്നാത്ത ഇടം. പക്ഷേ പോന്നാലല്ലേ പറ്റൂ. നമുക്ക് തോന്നുമ്പോള്‍ ഓടിയെത്താനും തോന്നുമ്പോള്‍ തിരികെ പോകാനും പറ്റാത്ത സ്ഥലമാണല്ലോ. തിരികെ പോയേ പറ്റൂ..

ബാഗുകളുമായി ബോട്ട് കയറാനെത്തി. കരയിലേക്ക് ചാടിയിറങ്ങിയ പോലെ ബോട്ടിലേക്ക് ചാടി കയറാനാകില്ലല്ലോ..അതുകൊണ്ട് ബോട്ട് കുറച്ചുകൂടി തീരത്തോട് ചേര്‍ത്തിട്ടുണ്ട്.പിന്നെ ബോട്ടിനെയും കരയെയും തമ്മില്‍ ഒരു പലക കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്.അതിലൂടെ വേണം കയറാന്‍.ഏറെ സൂക്ഷിക്കണം.

ഓരോരുത്തരായി ബോട്ടിലേക്ക് കയറി. പക്ഷേ ബോട്ട് നീങ്ങുന്നില്ല. പിന്നിലേക്ക് ഭാരം കൂടുതലുണ്ട്. കരയിലേക്ക് കയറ്റി നിര്‍ത്തിയിരിക്കുന്നതിനാല്‍ തീരത്ത് തട്ടി നില്‍ക്കുകയാണ്. ഒപ്പം വന്ന ശ്രീക്കുട്ടന്‍ ചേട്ടനും രാമര്‍ ചേട്ടനും രാജപിള്ള സാറും ബോട്ടിന്റെ ഡ്രൈവര്‍ നവാസുമൊക്കെ കുറേ ശ്രമിച്ചു.രക്ഷയില്ല. ഒടുവില്‍ പിഭാഗത്തിരുന്ന ഞങ്ങളെല്ലാം ബോട്ടിന്റെ മുന്‍ഭാഗത്തേക്ക് നീങ്ങി നിന്നു. അപ്പോഴേക്കും ബോട്ട് അനങ്ങിത്തുടങ്ങി. പിന്നെ നവാസ് ബോട്ടിനെ വരുതിയിലാക്കി.

റിസര്‍വ്വോയറില്‍ അത്യാവശ്യം നല്ല കാറ്റുണ്ട്. കാറ്റടിച്ചാല്‍ യാത്ര ദുഷ്‌കരമാകും. ഞങ്ങള്‍ക്ക് എതിര്‍ വശത്തേക്കാണ് കാറ്റ്. പരിചയ സമ്പന്നനാണ് നവാസ്. അതുകൊണ്ട് സ്വസ്ഥമായി ഞങ്ങള്‍ ബോട്ടിലിരുന്നു. 45 മിനിട്ട് കൊണ്ട് കളംകുന്നിലെ ബോട്ട്‌ജെട്ടിയിലെത്തി. എല്ലാവരും ബോട്ടില്‍ നിന്ന് പുറത്തിറങ്ങി. വീണ്ടും വനംവകുപ്പിന്റെ ബസിലേക്ക്. അതില്‍ തെന്മലയിലെത്തി.

പാന്ഥര്‍ പെരുവഴിയമ്പലം തന്നിലെ
താന്തരായ് കൂടി വിയോഗം വരുമ്പോലെ..

എവിടെ നിന്നൊക്കെയോ വന്ന് ചേര്‍ന്നവര്‍ പിന്നെയും പല വഴിയ്ക്ക് പിരിഞ്ഞു. അടുത്ത മാസം മറ്റൊരു സ്ഥലത്ത് വെച്ച് കണ്ടുമുട്ടാമെന്ന് പ്രതീക്ഷയില്‍, മയില്‍ പീലിത്തുണ്ടുപോലെ സുന്ദരമായൊരു യാത്രയെ മനസില്‍ സൂക്ഷിച്ച്.

Photos: Binu B Raj

click me!