
നാട്ടിലെ വീട്ടിലിരുന്നാല്‍ കാണാം ഒരു കിലോമീറ്ററിനപ്പുറത്തെ പറക്കുളം നിരവ്. ചെറുപ്പം മുതലേ കാണുന്ന കുന്നിന്‍പുറമാണ്. നാടിന്റെ രക്ഷകരായ അമ്പലവും പള്ളിയുമുള്ള കുന്നിന്‍മുകളാണ് അത്. നാട്ടിലുള്ളവരുടെയൊക്കെ ഓരോ ദിവസവും ആരംഭിക്കുന്നത് അമ്പലത്തില്‍ നിന്നുള്ള പാട്ട് കേട്ടാണ്. അസ്തമിക്കുന്നത് പള്ളിയില്‍ നിന്നുള്ള മണി മുഴങ്ങത് കേട്ടും. ആ കുന്നിന്മുകളിലെ നിരപ്പിലാണ് എത്രയോ കാലം ക്രിക്കറ്റ് കളിച്ച് നടന്നത്. അവിടെഎന്താണ് കാണാനിരിക്കുന്നതെന്നായിരുന്നു മനസില്‍. പക്ഷേ ബംഗലൂരുവില്‍ നിന്ന് ജോബിന്‍ ക്യാമറയുമായി എത്തിയപ്പോളാണ് ആ കുന്നിന്‍മുകളില്‍ ചില കാഴ്ചകളൊക്കെ ഉണ്ടെന്ന് മനസിലായത്.
അങ്ങനെ ആകാശത്ത് മഴമേഘങ്ങള്‍ പെയ്യാന്‍ കാത്തുനില്‍ക്കുന്ന ഒരു ദിവസമാണ് പറക്കുളം കുന്നിന് മുകളിലേക്ക് പോകാന്‍ തീരുമാനിച്ചത്. എത്രയോ തവണ കയറിപ്പോയിരിക്കുന്ന കുന്നാണ്. അന്നൊന്നും ഒന്നും കാണാനായിരുന്നില്ല പോക്ക്. അമ്പലത്തിലെ ഉത്സവത്തിന് തേരിന് പിന്നാലെയും പള്ളിപ്പെരുനാളിന് റാസയ്ക്കും പിന്നെ ചെമ്പെടുപ്പിനും പിന്നെ ക്രിക്കറ്റ് കളിക്കാനുമൊക്കെയായിരുന്നു ആ പോക്കുകള്‍ എന്ന് മാത്രം. പക്ഷേ ഇത്തവണത്തെ പോക്ക് അതിനൊന്നുമല്ല. സ്വന്തം നാടിന്റെ സൗന്ദര്യം കാണാനാണ് ഈ പോക്ക്.
രാവിലെ 7 മണിക്ക് പെയ്യാന്‍ കാത്തു നിന്ന മേഘങ്ങളോട് പെയ്യരുതെന്ന് അപേക്ഷിച്ചാണ് യാത്ര തുടങ്ങിയത്. കുന്ന് കയറി പള്ളി കഴിഞ്ഞ് അമ്പലവും പിന്നിട്ട് പ്ലാന്റേഷന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനടുത്തേക്കാണ് പോയത്. അവിടെ തൊഴിലാളികള്‍ക്കായുള്ള കാന്റീനുണ്ട്.അവിടുന്ന് ഓരോ ചൂട് ചായ കുടിച്ചിട്ടാകാം കാഴ്ച കാണല്‍ എന്ന് തീരുമാനിച്ചു.നല്ല തണുപ്പുണ്ട്.മഞ്ഞ് കയറുന്നുണ്ട്. പോരാത്തതിന് പുലര്‍ച്ചെ പെയ്ത മഴയുടെ തണുപ്പും. ചായ ഊതിയൂതി കുടിച്ച് ഒന്ന് ഉഷാറായി.
കാന്റീനില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോളേക്കും പ്ലാന്റേഷനിലെ തൊഴിലാളികളായ സ്ത്രീകള്‍ അന്നത്തെ ജോലിക്ക് പോകാനുള്ള യാത്ര തുടങ്ങുന്നു. കുടചൂടി പ്ലാസ്റ്റിക് കവറില്‍ അന്നത്തേക്കുള്ള ആഹാരമൊക്കെയായി കൂട്ടത്തോടെ അവര്‍ ആ കുന്നിന്‍ ചെരുവിലേക്ക് നടന്നു മറഞ്ഞു. അവര്‍ക്ക് പിന്നാലെ ഞങ്ങളും മുന്നോട്ട് നടന്നു.സ്ത്രീ തൊഴിലാളികള്‍ മുന്നോട്ട് പോയി.കുന്നിന്റെ നെറുകയിലെത്തി ഞങ്ങള്‍ നിന്നു. ചുറ്റും മഞ്ഞാണ്.തൊട്ടുമുന്നില്‍ എന്താണ് ഉള്ളതെന്ന് പോലും കാണാത്തത്ര മഞ്ഞ്. പെട്ടെന്ന് മഞ്ഞ് കുന്നില്‍ നിന്ന് താഴേക്ക് പറന്നു മാറി. അടുത്ത കുന്നിലേക്കുള്ള യാത്രയിലാണ് അവര്‍.
തൊട്ടുപിന്നാലെ മറ്റൊരു കൂട്ടം മഞ്ഞ് വന്ന് പിന്നെയും ഞങ്ങളെ മൂടി. അമ്പലത്തില്‍ നിന്ന് ഭക്തിഗാനം മഞ്ഞിനൊപ്പം പറന്നുവന്നു. കുന്നിന്‍ മുകളില്‍ മഞ്ഞില്‍ മൂടി നിന്ന് താഴെയുള്ള പച്ചപ്പിലേക്ക് നോക്കുമ്പോഴുള്ള അനുഭൂതിയുണ്ടല്ലോ, അതും സ്വന്തം നാട്ടില്‍ തന്നെ. അത് പറഞ്ഞറിയിക്കാനാകില്ല. ആ താഴ് വാരത്തിനപ്പുറത്താണ് വനംവകുപ്പിന്റെ അടവി ടൂറിസം പദ്ധതിയും കുട്ടവള്ള സഞ്ചാരവുമൊക്കെ. ഡോ. ബിജുവിന്റെ 'കാടുപൂക്കുന്ന നേരം'ത്തിലെ രണ്ടാം പകുതി ഏറെയും ചിത്രീകരിച്ചത് അടവിയിലാണ്. റിമ കല്ലിങ്കലും ഇന്ദ്രജിത്തും ചങ്ങാടത്തില്‍ പോകുന്നതും ഏറുമാടത്തില്‍ കഴിച്ചുകൂട്ടുന്നതുമെല്ലാം അടവിയിലാണ് ചിത്രീകരിച്ചത്.
ആ അടവിയ്ക്ക് മേലേയാണ് മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന പറക്കുളം. അങ്ങനെ നില്‍ക്കുന്നതിനിടെയാണ് രണ്ട് മയിലുകള്‍ താഴെ റബ്ബര്‍ തൈക്കള്‍ക്കിയില്‍ നില്‍ക്കുന്നത് കണ്ടത്. ഇപ്പോള്‍ ഇവിടങ്ങളിലെ സ്ഥിരം കാഴ്ചയാണ് മയിലുകള്‍. മയിലുകള്‍ നാട്ടിലിറങ്ങുന്നതും മരുതിമരം പൂക്കുന്നതുമെല്ലാം കടുത്ത വരള്‍ച്ചയ്ക്ക് മുന്നോടിയാണെന്നാണ് നാട്ടിലെ പൊതുവിശ്വാസം. അതെന്തു തന്നെ ആയാലും മയിലുകള്‍ക്ക് അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ എന്തോ സംഭവിച്ചിരിക്കുന്നു എന്ന വേണം കരുതാന്‍. കുറച്ച് നാളുകളേ ആയിട്ടുള്ളൂ ഇവിടങ്ങളില്‍ മയിലുകളെ കണ്ടു തുടങ്ങിയിട്ട്.
പറക്കുളം കുന്ന് നാട്ടുകാരെ സംബന്ധിച്ചിടത്തോളം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. പറക്കുളവുമായി ബന്ധപ്പെട്ട് ഐതിഹ്യവും നിലവിലുണ്ട്. ഈ പ്രദേശം ഉള്‍പ്പെടുന്ന നാടൊക്കെ ഭരിച്ചിരുന്ന തമ്പുരാന്റെ അധീനതയില്‍ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമായിരുന്നേ്രത ഇത്. ഇവിടം ആദിമ കാലത്ത് ഏറെ ജനവാസമുണ്ടായിരുന്ന സ്ഥലമായിരുന്നുവെന്നാണ് വിശ്വാസം. അന്ന് ഇവിടെയുണ്ടായിരുന്ന ആളുകള്‍ക്ക് മേല്‍ 'പറപ്പറ്റ'യെന്ന് വിളിക്കുന്ന ആക്രമണമുണ്ടായത്രേ. അത് മനുഷ്യരുടെ തന്നെ ആക്രമണമായിരുന്നോ അതോ രോഗങ്ങളോ ,വന്യമൃഗങ്ങളുടെയോ ആക്രമണമായിരുന്നോ എന്നൊന്നും ആര്‍ക്കും നിശ്ചയമില്ല. പക്ഷേ അന്നുണ്ടായിരുന്നവര്‍ ആരാധനാ സ്ഥാനമായിരുന്നത്രേ ഇപ്പോഴത്തെ പറക്കുളം ദുര്‍ഗ്ഗാദേവീക്ഷേത്രം. അന്ന് പറക്കുളം കുന്ന് വിട്ടുപോയവര്‍ അവരുടെ പക്കലുണ്ടായിരുന്ന സമ്പത്തെല്ലാം ഇപ്പോഴത്തെ അമ്പലക്കുളത്തില്‍ ഉപേക്ഷിച്ച് പോയെന്നാണ് ഐതിഹ്യം. അന്ന് കുന്ന് വിട്ടിറങ്ങിപ്പോയവര്‍ കടല്‍ക്കരയിലേക്കാണ് പോയതെന്നാണ് വിശ്വാസം. അവര്‍ സമ്പത്തെല്ലാം ഉപേക്ഷിച്ച കുളം ഇപ്പോഴും പറക്കുളത്തുണ്ട്. ദേവീക്ഷേത്രത്തോട് ചേര്‍ന്ന അമ്പലക്കുളത്തില്‍ ഇപ്പോഴും ആ സമ്പത്തെല്ലാം ഉണ്ടെന്നാണ് ഐതിഹ്യം.
അടവി ഉള്‍പ്പെടുന്ന തണ്ണിത്തോട് പഞ്ചായത്തിന് 5 മലകളാണ് കാവല്‍ നില്‍ക്കുന്നത്. പറക്കുളം, കോട്ടമല,ആലുവാംകുടി, കാക്കര, തലമാനം എന്നിവയാണ് ഈ 5 കുന്നുകള്‍.5 കുന്നുകളിലും ഓരോ ദൈവങ്ങളുടെ ആസ്ഥാനങ്ങളാണ്.പറക്കുളത്ത് ദേവി, കോട്ടമലയില്‍ അപ്പൂപ്പന്‍, ആലുവാംകുടിയില്‍ ശിവന്‍, തലമാനത്തും ശിവനാണ് പ്രതിഷ്ഠ, കാക്കരയില്‍ മഹാദേവന്‍. കാക്കര ക്ഷേത്രത്തിന് സമീപത്ത് കൊത്തുപണികളോടു കൂടിയ നിരവധി കല്ലുകളും കല്‍ത്തൂണുകളും കാണാം. ക്ഷേത്ര പരിസരത്ത് ചിലയിടങ്ങളില്‍ ചവിട്ടിയാല്‍ നിലവറയ്ക്ക് മുകളില്‍ ചിവിട്ടും പോലെ ശബ്ദം കേള്‍ക്കാം. ഇവിടെയും 'പറപ്പറ്റ' സംഭവിച്ചതോ, യുദ്ധം കാരണം സമ്പാദ്യമെല്ലാം നിലവറയില്‍ ഉപേക്ഷിച്ച് ഇവിടെ നിന്നും ആളുകളോ, ഭരിച്ചിരുന്നവരോ ഓടിപ്പോയതാകാമെന്നാണ് കാല്‍ക്കരയെപ്പറ്റിയുള്ള ഐതിഹ്യം. ആലുവാംകുടിയിലെയും തലമാനത്തെയും ശിവക്ഷേത്രങ്ങള്‍ പുതാരത ക്ഷേത്രങ്ങളാണ്. അവിടെയും കുന്നിന്‍ മുകളില്‍ അമ്പലക്കുളം ഉള്‍പ്പെടെയുള്ള അനുബന്ധ പരിസരങ്ങളുണ്ട്. ഇവിടമൊക്കെ ആദിമകാലം മുതല്‍ക്കെ ജനവാസ കേന്ദ്രങ്ങളായിരുന്നുവെന്ന് ഇതില്‍ നിന്ന് അനുമാനിക്കാം.
അങ്ങനെയുള്ള ഒരു കുന്നിന്റെ മുകളിലാണ് നില്‍ക്കുന്നതെന്ന തോന്നല്‍ തന്നെ എത്രയോ ജനപഥങ്ങള്‍ കടന്നുപോയ ഒരിടത്താണ് നില്‍ക്കുന്നതെന്ന ബോധം മനസിലൂണ്ടാക്കി. അങ്ങനെ ആ ചരിത്ര ബോധത്തില്‍ നില്‍ക്കുന്നതിനിടെ പലവട്ടം മഞ്ഞുകൂട്ടങ്ങളെ ഞങ്ങളെ തൊട്ടുതലോടി അപ്പുറത്തെ മലതേടി പോയി. പെട്ടന്നു ചാറ്റല്‍ മഴ തുടങ്ങി.ഇനി ക്യാമറയുമായി അവിടെ നില്‍ക്കാനാവില്ല. നൂല്‍മഴ പെയ്യുകയാണ്. പെയ്യുമ്പോള്‍ അറിയില്ലെങ്കിലും പതിയെ പതിയെ നമ്മള്‍ മുഴുവനും നനയും. അതുകൊണ്ട് തിരികെ പോരാന്‍ തീരുമാനിച്ചു.
കാന്റീന് മുന്നില്‍ റബ്ബര്‍ കറ ശേഖരിക്കാനുണ്ടാക്കി ഒരു കളക്ഷന്‍ സെന്ററുണ്ട്. അവിടെ കയറി പുറത്തേക്ക് മഴ നോക്കിയിരുന്നു.കളക്ഷന്‍ സെന്ററിന്റെ ആസ്ബറ്റോസിന് മുകളില്‍ നിന്ന് താളത്തില്‍ താഴേക്ക് വീഴുന്ന വെള്ളത്തുള്ളികളെ കാണാന്‍ തന്നെ നല്ലരസം. മൊബൈല്‍ ക്യാമറ പനോരമ മോഡിലാക്കി അതൊരു ചിത്രമാക്കി പകര്‍ത്തി. ഇതിലെല്ലാം സുന്ദരമായ കാഴ്ച രാത്രിയിലാണ്. കുന്നില്‍ മുഴുവന്‍ നക്ഷത്രങ്ങള്‍ വിരുന്നു വരും. അതും ഓര്‍ത്തിരുന്നപ്പോള്‍ മഴ കൂടിക്കൂടി വന്നു. ക്യാന്റീനിലേക്ക് ഓടിക്കയറി ഓരോ ചൂടുചായ കൂടി കുടിച്ചു.
മഴ പതിയെ കുറഞ്ഞ് നൂല്‍മഴയായി.ക്യാന്റീലുണ്ടായിരുന്ന ഓരോരുത്തരായി പുറത്തേക്ക് പോയി. അവര്‍ക്കൊക്കെ പണിസ്ഥലങ്ങളിലേക്ക് എത്തണം. ഞങ്ങള്‍ക്കും തിരികെ പോകണം. മഞ്ഞും മഴയും മയിലിനെും ഒക്കെക്കണ്ട് പതിയെ കുന്നിറങ്ങി. ഇനിയും എത്താമെന്ന് കുന്നിന് വാക്ക് നല്‍കി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.