
ജിഎസ്ടി മൂലം രാജ്യത്തെ വാഹനവിപണിയിലുണ്ടായ പുത്തനുണര്‍വ് സംസ്ഥാനത്തെ കാര്‍ വിപണിയിലും ദൃശ്യമാകുന്നു. ഓണം എത്തും മുമ്പേ വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കുറഞ്ഞതോടെ കൂടുതല്‍ ആളുകള്‍ കാര്‍ വാങ്ങാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഡീലര്‍മാര്‍. വിലക്കുറവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഹോണ്ടയുടെയും മാരുതിയുടെയുമൊക്കെ തന്നെ വിവിധ ഷോറൂമുകളിലേക്ക് ഉപഭോക്താക്കള്‍ എത്തി തുടങ്ങി. ജിഎസ്ടി വന്നതുവഴിയുണ്ടായ നികുതികുറവ് ഉപഭോക്താക്കൾക്കു വിലക്കുറവായി കൈമാറാൻ മിക്ക മേഖലകളും മടിച്ചുനിൽക്കുമ്പോൾ വളരെപ്പെട്ടെന്ന് വില കുറച്ചാണ് രാജ്യത്തെ വാഹന വിപണി മാതൃകയാകുന്നത്.
ജിഎസ്ടി നിലവില്‍ വന്നതിനൊപ്പം ആഡംബര നികുതി ഒഴിവാക്കപ്പെട്ടതും വില കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചു. എന്‍ട്രി ലെവല്‍ കാറായ മാരുതി ഓള്‍ട്ടോയുടെ വിവിധ വകഭേദങ്ങള്‍ക്ക് 1612 രൂപ മുതല്‍ 3062 രൂപ വരെയും ഓള്‍ട്ടോ കെ10ന് 320 രൂപ മുതല്‍ 5203 രൂപ വരെയും വില കുറയും. ഹ്യൂണ്ടായ് ഇയോണിന് 4600 രൂപ മുതല്‍ 9000 രൂപ വരെയും കുറയും.
12,869 രൂപ വരെ കുറഞ്ഞതോടെ വാഗണ്‍ ആറിന്റെ മാനുവല്‍ ഗിയര്‍ മോഡലിന്റെ എല്ലാ വേരിയന്റുകള്‍ക്കും അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ് ഇപ്പോള്‍ വില. നിസാന്‍ മൈക്രോ ആക്ടിവിനും വില അഞ്ചുലക്ഷത്തില്‍ താഴെയായി. ടാറ്റ ടിയാഗോയ്ക്ക് 14,000 രൂപ മുതല്‍ 30,000 രൂപ വരെ കുറഞ്ഞു. പുതുതായി എത്തിയ മാരുതി ഡിസയറിനും വിലകുറഞ്ഞു. ഡിസയറിന്‍റെ ഏറ്റവും താഴ്ന്ന പെട്രോള്‍ വേരിയന്റിന് 7793 രൂപ കുറയും. ഏറ്റവും ഉയര്‍ന്ന ഡീസല്‍ ഓട്ടമാറ്റിക് പതിപ്പിന് 13,880 രൂപയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 14,784 രൂപയും കുറഞ്ഞു. വിറ്റാര ബെസ്രയ്ക്ക് 9808 രൂപ മുതല്‍ 13,943 രൂപ വരെ കുറയും.
ജിഎസ്ടി നിലവില്‍ വന്നതോടെ 10 ലക്ഷം രൂപയ്ക്കുമേല്‍ ഷോറും വിലയുള്ള കാറുകള്‍ക്കുള്ള ഒരു ശതമാനം ആഡംബര നികുതി ഒഴിവായിട്ടുണ്ട്. ഇതോടെ മാരുതി നെക്‌സ ഷോറും വഴി വില്‍ക്കുന്ന സിയാസ് സെഡാനിന്റെ സീറ്റ ഓട്ടമാറ്റിക് ഗിയര്‍ പതിപ്പിന് കൊച്ചി ഷോറും വില 10,33,000 രൂപയായിരുന്നത് 35,000 രൂപ കുറഞ്ഞ് 9,98000 രൂപയായി. 1% ആഡംബര നികുതി കുറഞ്ഞ് 10,330 രൂപയായി. ഹോണ്ട ഡബ്ല്യുആർവിയുടെ ഡീസൽ വിഎക്സ് പതിപ്പിന്‍റെ വില 10,15,400 രൂപയില്‍ നിന്നും 9,99,900 രൂപയായി താഴ്ന്നു. ഫോഡ് ഇക്കോസ്പോർട്ടിന്റെ പെട്രോൾ ഓട്ടമാറ്റിക്, ഇക്കോബൂസ്റ്റ് പെട്രോൾ ടൈറ്റാനിയം, ഹ്യുണ്ടായ് വെർണ പെട്രോൾ ഓട്ടമാറ്റിക് എസ്, റെനോ ഡസ്റ്റർ പെട്രോൾ ഓട്ടമാറ്റിക് പതിപ്പ് എന്നിവയ്ക്കും വില 10 ലക്ഷത്തിൽ താഴ്‍ന്നു. അതിനാല്‍ 10,000 രൂപയിലേറെ ആഡംബര നികുതിയും ഒഴിവായി.
ഷോറും വില കുറയുമ്പോള്‍ റോഡ് നികുതിയും കുറയുന്നതിന്‍റെ പ്രയോജനവും പലവാഹനങ്ങള്‍ക്കും കിട്ടി. ഹ്യൂണ്ടായ് ഐ20 ആസ്റ്റ പെട്രോള്‍ മോഡലിന്റെ ഷോറും വില 15,458 രൂപ കുറഞ്ഞപ്പോള്‍ റോഡ് നികുതി 1237 രൂപ കുറഞ്ഞു. ഇന്‍ഷുറന്‍സ് തുകയിലും ആനുപാതികമായ കുറവ് വന്നിട്ടുണ്ട്.
ജിഎസ്ടി മൂലം ഏറ്റവുമധികം വിലക്കുറവ് എസ്‌യുവി വിഭാഗത്തിലാണ് ലഭിക്കുക. ഫോഡ് ഇക്കോസ്പോർട്ടിന് 17,889 രൂപ മുതൽ 33,829 രൂപ വരെയും റെനോ ഡസ്റ്ററിന് 29,132 രൂപ മുതൽ 60,865 രൂപ വരെയും വില താഴ്ന്നു. നിസാൻ ടെറാനോയുടെ വില 40,000 രൂപ മുതൽ 50,000 രൂപ വരെ കുറച്ചു. ഹ്യുണ്ടായ് ക്രെറ്റയ്ക്ക് 31,000 രൂപ മുതൽ 77,000 രൂപ വരെയാണു വില കുറഞ്ഞത്. ട്യൂസോണിന് 1.12 ലക്ഷം രൂപ മുതൽ 1.47 ലക്ഷം രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഫോഡ് എൻഡവറിന് 2.22 ലക്ഷം മുതൽ 3.48 ലക്ഷം വരെ കൊച്ചി ഷോറൂം വിലയിൽ കുറവുണ്ടായി. ടാറ്റയുടെ ഹെക്സയ്ക്ക് 1.25 ലക്ഷം മുതൽ 1.76 ലക്ഷം രൂപ വരെ കുറഞ്ഞു.
കൂടാതെ ജിഎസ്ടി നിലവില്‍ വന്നതോടെ ആഡംബര കാര്‍ വിപണിയിലും വില കുറവ് ദൃശ്യമാണ്. ബിഎംഡബ്ല്യു 3 സീരിസിന്റെ ഷോറും വില.1.37 ലക്ഷം മുതല്‍ 2.03 ലക്ഷം വരെ കുറഞ്ഞു. ഇന്‍ഷുറന്‍സും റോഡ് നികുതിയും ഇതനുസരിച്ച് താഴുമ്പോള്‍ ഓണ്‍ റോഡ് വിലയില്‍ കുറവ് വരുന്നത് 1.65 ലക്ഷം മുതല്‍ 2.46 ലക്ഷം വരെയാണ്. 7സീരിസിന്റെ ഓണ്‍ റോഡ് വിലയില്‍ എട്ടു ലക്ഷത്തിലേറെ കുറവാണ് വന്നിരിക്കുന്നത്. ഔഡി മോഡലുകളുടെ ഷോറും വിലയില്‍ ഒന്നര ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് വിലക്കുറവ്. എ3 സെഡന്റെ വില 1.92 ലക്ഷം കുറഞ്ഞു. എ8 സെഡാനു വില മൂന്നരലക്ഷം രൂപയും ക്യൂ7 എസ്‌യുവിക്ക് അഞ്ചു ലക്ഷം രൂപയും കുറവ് വന്നു. നികുതി , ഇന്‍ഷുറന്‍സ് എന്നീ ഇനത്തില്‍ കുറവ് വരുന്നത് ഇതിനെ പുറമെയാണ്. സംസ്ഥാനത്തെ പല ഡീലര്‍മാരും പുതിയ വിലവിവരപ്പട്ടിക തയാറാക്കി വരുന്നതേയുള്ളൂ.
അതേസമയം ജിഎസ്‍ടി സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിക്ക് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്‍ടിക്ക് മുമ്പ് യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ നല്‍കേണ്ട മാര്‍ജിന്‍റെ 5 ശതമാനം നികുതി 28 ശതമാനമായി ഉയര്‍ത്തിയതാണ് ഇതിനു കാരണം. പക്ഷേ പുത്തന്‍വാഹനങ്ങളുടെ വില കുറയുമ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിലപേശല്‍ ശേഷി ഉയരുന്നതും ശ്രദ്ധേയമായ മാറ്റമാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.