മരണത്തിന്‍റെ വക്കില്‍ നിന്നും ആ കുട്ടി രക്ഷപ്പെട്ടതെങ്ങനെ? വീഡിയോ വൈറല്‍

By Web DeskFirst Published Nov 14, 2017, 5:43 PM IST
Highlights

സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ സുരക്ഷക്ക് പേരു കേട്ടവരാണ്. വാഹനത്തിലെ യാത്രക്കാർക്ക് മാത്രമല്ല കാൽനടയാത്രക്കാർക്കും വോൾവോ സുരക്ഷിതത്വം ഉറപ്പു നൽകുന്നുണ്ട്. എമർജൻസി ബ്രേക്കിങ് ഉള്‍പ്പെടെയുള്ള വോള്‍വോയുടെ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇതിനു പിന്നില്‍. ചീറിപ്പാഞ്ഞു വരുന്ന വോള്‍വോ ട്രക്കിനു മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന ഒരു കുട്ടിയുടെ വിഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നോർവെയിലാണ് സംഭവം. ബസിൽ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടിയ കുട്ടികളിലൊരാള്‍ക്കാണ് വോള്‍വോയുടെ എഫ്എച്ച് സീരിസ് ട്രക്കിന്റെ എമർജെൻസി ബ്രേക്കിങ് സിസ്റ്റത്തിന്റെ കാര്യക്ഷമതയിൽ ജീവൻ തിരിച്ചു കിട്ടിയത്. ബസിന്റെ പുറകിലൂടെ വാഹനങ്ങൾ നോക്കാതെ റോഡ് ക്രോസ് ചെയ്തോടുന്ന കുട്ടിയെ ഡ്രൈവർ കാണുന്നത് അവസാന നിമിഷത്തിലാണെന്നു വീഡിയോ വ്യക്തമാക്കുന്നു. കണ്ടു നിന്നവരെല്ലാം കുട്ടി ട്രക്കിനടിയിൽ പെട്ടു എന്നാണ് കരുതുന്നതെങ്കിലും ഒരു പോറൽ പോലും ഏൽക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു.

ഡ്രൈവർ ബ്രേക്ക് അമർത്താൻ വൈകിയാൽ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനമാണിത്. മാത്രമല്ല സഡന്‍ ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനത്തിലെ ഡ്രൈവര്‍ക്ക് അപായസൂചനയും ഈ സാങ്കേതിക വിദ്യ നൽകും. വോൾവോ എഫ്എച്ച് സീരീസ് ഹെവി ട്രക്കുകളുടെ പ്രധാന സുരക്ഷ ഫീച്ചറാണ് ഈ എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. ക്യാമറ, റഡാര്‍ യൂണിറ്റ് എന്നിവ ചേര്‍ന്നാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. പ്രത്യേക കംപ്യൂട്ടര്‍ സംവിധാനത്തിന്‍റെ നിയന്ത്രണത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. മുന്നിലുള്ള വാഹനത്തിന്റെ വേഗത, അവ തമ്മിലുള്ള ദൂരം എന്നിവക്കൊപ്പം മറ്റേത് പ്രതിബന്ധവും ഈ സംവിധാനം എളുപ്പത്തില്‍ തിരിച്ചറിയുകയും ഡ്രൈവർ ബ്രേക്ക് അമർത്താൻ വൈകിയാൽ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്.

എന്തായാലും തലനാരിഴക്ക് കുട്ടി രക്ഷപ്പെടുന്ന ഈ വീഡിയോ വൈറലായതോടെ പരസ്യചിത്രങ്ങളെക്കാളും ഗുണമാണ് വോള്‍വോയ്ക്ക് ലഭിക്കുക എന്നുറപ്പ്.

click me!