
വയനാട്: ഓരോ ദിവസവും വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത് ആയിരക്കണക്കിന് പേരാണ്. എന്നാല്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ഭൂരിപക്ഷം പേര്‍ക്കും ഇപ്പോള്‍ നിരാശരായി മടങ്ങേണ്ടി വരികയാണ്. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വനവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പഠനപ്രകാരം ഒരു ദിവസം 400 പേര്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. വനംവകുപ്പ് വഴി 200 ടിക്കറ്റും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) വഴി 200 പേര്‍ക്കുമാണ് ടിക്കറ്റ് അനുവദിക്കുന്നത്. അതും രാവിലെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ടിക്കറ്റ് എടുക്കുകയും വേണം. വനംവകുപ്പ് ചെറിയമല വഴിയും ഡി.ടി.പി.സി പാല്‍വെളിച്ചം വഴിയുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
മുത്തങ്ങ, തോല്‍പ്പെട്ടി, ബാണാസുരസാഗര്‍ അണക്കെട്ട് തുടങ്ങിയിടങ്ങളിലും പ്രവേശനത്തിന് നല്ല തിരക്കാണ്. ഇവിടങ്ങളില്‍ നിയന്ത്രണമില്ലാത്തതും തിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ദീര്‍ഘ ദൂര സഞ്ചാരികള്‍ പലരും നിയന്ത്രണം ബാധകമല്ലാത്തയിടങ്ങളിലെത്തി മടങ്ങുകയാണ്.
സഞ്ചാരികള്‍ കുറഞ്ഞ് കുറുവയും
സഞ്ചാരികള്‍ക്ക് പലര്‍ക്കും കുറുവ ദ്വീപ് കാണാനാകാതെ മടങ്ങേണ്ടി വരുന്നു. വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന പലരും ആദ്യം കുറവ ദ്വീപില്‍ പോയി മറ്റിടങ്ങളിലേക്ക് പോകാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇവിടെ എത്തുമ്പോഴായിരിക്കും നിയന്ത്രണമുള്ള കാര്യം അറിയുക. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ നിന്നെത്തിയ സംഘത്തില്‍ ഒരാള്‍ പോലും അകത്ത് കടക്കാനാകാതെ മടങ്ങേണ്ടി വന്നതായി പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞു. നിയന്ത്രണം അറിയാതെ എത്തുന്നവരാണ് ഭൂരിപക്ഷവുമെന്ന് ഇവര്‍ പറയുന്നു. രാവിലെ എട്ടിനാണ് ടിക്കറ്റ് വിതരണം ആരംഭിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ തന്നെ ടിക്കറ്റ് തീരുന്ന് കൗണ്ടര്‍ അടക്കും. ദീര്‍ഘദൂരം യാത്ര ചെയ്ത് വന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതോടെ പലരും ജീവനക്കാരുമായി വാക്കേറ്റത്തിന് മുതിരുന്നത് സംഘര്‍ഷത്തിനിടയാക്കുന്നു.
വനവകുപ്പ് പറയുന്നത്
നിയന്ത്രണം വന്നത് മുതല്‍ പത്രമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഡി.എഫ്.ഒ ഓഫീസ് അറിയിച്ചു. നിയന്ത്രണം കര്‍ശനമായി പാലിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.