
വൈദ്യുത ബസ്സുകൾക്ക് സാമ്പത്തിക സഹായം തേടി പശ്ചിമ ബംഗാൾ സർക്കാർ ലോകബാങ്കിനെ സമീപിച്ചെന്ന് റിപ്പോർട്ട്. ഗതാഗത മന്ത്രി സുവേന്ദു അധികാരി ഇക്കാര്യം വ്യക്തമാക്കിയത്. കൊൽക്കത്ത, ആസൻസോൾ, ദുർഗാപൂർ നഗരങ്ങളിലെ സർവീസിനായി 130 വൈദ്യുത ബസ്സുകൾ വാങ്ങാനാണു സംസ്ഥാനം ലോക ബാങ്ക് സഹായം തേടുന്നത്. ഓരോ ബസ്സിനും ഏഴു ലക്ഷം രൂപ വീതം സബ്സിഡി അനുവദിക്കാമെന്നാണു ലോക ബാങ്കിന്റെ വാഗ്ദാനമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഇതിനായി ലോക ബാങ്കുമായി ബംഗാള്‍ സർക്കാര്‍ ചർച്ച നടത്തുകയാണ്.
പുതിയ വൈദ്യുത ബസ്സുകളിൽ 100 എണ്ണം തലസ്ഥാന നഗരമായ കൊൽക്കത്തയിലാണു സർവീസ് നടത്തുക. അവശേഷിക്കുന്ന 30 ബസ്സുകൾ ദുർഗാപൂരിനും ആസൻസോളിനും അനുവദിക്കും. ബസ്സുകൾ ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം മൂന്നു നഗരങ്ങളിലെയും ഡിപ്പോകളിൽ ലഭ്യമാക്കും. ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ ഓടാൻ ബസ്സുകൾക്കു കഴിയുമെന്നാണു പ്രതീക്ഷ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.