'രജിത്തിനെ പിടിച്ചുതള്ളിയാല്‍ നാട്ടുകാര്‍ മൊത്തം എനിക്കുനേരെ തിരിയും'; ഫുക്രു പറഞ്ഞത്

By Web TeamFirst Published Feb 18, 2020, 11:03 PM IST
Highlights

 'ഞാന്‍ അങ്ങനെ ചെയ്താല്‍ നാട്ടുകാര് മൊത്തം എന്റെ നേരെ തിരിയും. അതേ ഇവിടെ സംഭവിക്കൂ. അല്ലാതെ ഒന്നും സഭവിക്കില്ല..'

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ സാധാരണ ഉണ്ടാവാറ് ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കിന് ഇടയിലാണ്. ടീം തിരിഞ്ഞ് എതിരാളികളെ കായികമായിക്കൂടി പലപ്പോഴും നേരിടേണ്ടിവരുന്ന ഗെയിമുകളിലാവും അത്തരം തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും കൂടുതല്‍. അത്തരത്തില്‍ ഒരു ഗെയിമാണ് വീക്ക്‌ലി ടാസ്‌ക് ആയി ഇത്തവണയും ബിഗ് ബോസ് അവതരിപ്പിച്ചത്.

ബിഗ് ബോസ് ഹൗസില്‍ നിലവിലുള്ള എട്ട് പേര്‍ നാല് വീതമുള്ള രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. തെരഞ്ഞെടുപ്പ് അനുസരിച്ച് ഫുക്രു, ജസ്ല, സൂരജ്, മഞ്ജു എന്നിവര്‍ ഒരു ടീമും ആര്യ, വീണ, രജിത്, ഷാജി എന്നിവര്‍ മറ്റൊരു ടീമും ആയിരുന്നു. ഇന്നത്തെ മത്സരത്തില്‍ സൂരജിന്റെ ടീം സൂപ്പര്‍ ഹീറോസും പാഷാണം ഷാജിയുടെ ടീം സൂപ്പര്‍ വില്ലന്‍സും ആയിരുന്നു. ഗാര്‍ഡന്‍ ഏരിയയില്‍ കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച തരത്തില്‍ ഒരു മനുഷ്യന്റെ ഡമ്മി വച്ചിരുന്നു. ഒരു കസേരയില്‍ ഇരുത്തി ചങ്ങലയാല്‍ ബന്ധിച്ച നിലയിലായിരുന്നു ഡമ്മി. ഈ സാങ്കല്‍പിക കഥാപാത്രം സൂപ്പര്‍ വില്ലന്‍മാരുടെ ഒരു സംഘാംഗം ആണെന്നായിരുന്നു സങ്കല്‍പം. ഇയാളെ പൂട്ടുകളില്‍നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു സൂപ്പര്‍ വില്ലന്‍സിന്റെ ടാസ്‌ക്. അവര്‍ പൂട്ടുകള്‍ തുറക്കുന്നത് തടയുക സൂപ്പര്‍ ഹീറോസിന്റെ ടാസ്‌കും. 

 

ബസര്‍ ഓരോ തവണയും ശബ്ദിക്കുമ്പോള്‍ ടാസ്‌ക് ആരംഭിക്കുകയും ബസര്‍ വീണ്ടും ശബ്ദിക്കുമ്പോള്‍ ടാസ്‌ക് അവസാനിക്കുകയും ചെയ്യും. ഇതനുസരിച്ച് ടാസ്‌ക് തുടങ്ങിയപ്പോള്‍ത്തന്നെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചു. ആദ്യത്തെ തവണ വീണ സൂരജിന്റെ കൈയില്‍ കടിച്ചു എന്നത് ചര്‍ച്ചയായി. രണ്ടാമത്തെ തവണ ബസര്‍ ശബ്ദിക്കുന്നതിന് മുന്‍പ് അടുത്തുകിടന്നിരുന്ന പെട്ടികളും മറ്റും എതിരാളികളുടെ ചലനങ്ങള്‍ക്ക് വിഘാതമുണ്ടാക്കുന്നത് ലക്ഷ്യമാക്കി ഫുക്രു കൊണ്ടുവന്നിടാന്‍ തുടങ്ങി. രജിത് കുമാര്‍ ഇവ എടുത്ത് ദൂരത്തേക്ക് ഇടാനും തുടങ്ങി. തുടര്‍ന്ന് ഫുക്രു താന്‍ ഇനി മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് ഒച്ചയുണ്ടാക്കി അവിടെനിന്ന് വീടിനുള്ളിലേക്ക് പോവുകയായിരുന്നു. ആര്യ ഉള്‍പ്പെടെ പലരും സംസാരിക്കാന്‍ വന്നെങ്കിലും ഫുക്രു തീരുമാനം മാറ്റാന്‍ തയ്യാറായില്ല.

പിന്നാലെ എത്തിയ പാഷാണം ഷാജിയോട് രജിത്തിനോട് തനിക്കുള്ള അസ്വാരസ്യം വെളിപ്പെടുത്തി. നീ ചെയ്ത കാര്യം തന്നെയാണ് പുള്ളിയും (രജിത്) ചെയ്തതെന്നും എന്നാല്‍ മത്സരം ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്നും ഷാജി പറഞ്ഞു. 'നീയും പുള്ളിയും ഒരേ കാര്യമാണ് ചെയ്തത്. പക്ഷേ എന്നിട്ട് പുള്ളി ഇരിക്കുന്നത് നോക്ക്. നീ ഇത്രയും മണ്ടനാണോ. ഇതിനകത്ത് വലിയ ഇന്റിമസി വച്ചോണ്ടിരിക്കേണ്ട കാര്യമില്ല. അത് ഞാന്‍ എപ്പോഴും നിന്നോട് പറയുന്നതാണോ? നീ എല്ലാവരോടും പറയുന്നതാണല്ലോ ഗോയിമാണ് ഗെയിമാണ് എന്ന്..', ഷാജി ഫുക്രുവിനോട് പറഞ്ഞു. എന്നാല്‍ താനും ഇത് ഗെയിമായേ കാണുന്നുള്ളെന്നും എന്നാല്‍ അയാളെ (രജിത്) താനിനി പിടിച്ച് തള്ളുമെന്നും ഫുക്രു മറുപടി പറഞ്ഞു. എന്നാല്‍ പിന്നീട് ആ അഭിപ്രായം തിരുത്തുകയും ചെയ്തു ഫുക്രു. താന്‍ അങ്ങനെ ചെയ്താല്‍ പ്രേക്ഷകര്‍ എതിരാവുമെന്നായിരുന്നു ഫുക്രുവിന്റെ അഭിപ്രായം. 'ഞാന്‍ അങ്ങനെ ചെയ്താല്‍ നാട്ടുകാര് മൊത്തം എന്റെ നേരെ തിരിയും. അതേ ഇവിടെ സംഭവിക്കൂ. അല്ലാതെ ഒന്നും സഭവിക്കില്ല. ഇവിടെ നിലനില്‍ക്കണ്ടേ ഷാജിച്ചേട്ടാ. ഇവിടെ നിന്നുപോകണ്ടേ നമുക്ക്..', ഫുക്രു പറഞ്ഞു.

click me!